റഷ്യയുടെ ഭീഷണിപ്പെടുത്തൽ അനുവദിക്കില്ല, മുന്നറിയിപ്പ് നൽകി ജോ ബൈഡൻ
വാഷിംഗ്ടൺ; നാറ്റോ രാജ്യങ്ങളായ പോളണ്ടിലേക്കും ബൾഗേറിയയിലേക്കും ഉള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തിവച്ചതിൽ പ്രതികരണവുമായി യുഎസ്. "ഉപരോധത്തിൽ നിന്ന് പുറത്തുകടക്കാൻ റഷ്യ നടത്തുന്ന ഭീഷണിപ്പെടുത്തലും ബ്ലാക്ക് മെയിലിങ്ങും അനുവദിക്കില്ല." എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പറഞ്ഞത്.
"കഴിഞ്ഞ ദിവസം റഷ്യ ഞങ്ങളുടെ രണ്ട് സഖ്യകക്ഷികളുടെ ഊർജ വിതരണം നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഞാൻ വ്യക്തമായി പറയട്ടെ. അവരുടെ ആക്രമണത്തിന്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ അവരുടെ എണ്ണ ഉപയോഗിക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല," ജോ ബൈഡൻ ഒരു ട്വീറ്റിൽ പറഞ്ഞു. "ഗ്യാസ് ബ്ലാക്ക് മെയിലിംഗിലൂടെ റഷ്യ ഭീഷണിപ്പെടുത്തുന്ന ഞങ്ങളുടെ യൂറോപ്യൻ സഖ്യകക്ഷികളെ മറ്റ് വഴികളിലൂടെ അവരുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ സഹായിക്കും ആക്രമണം ജയിക്കില്ല, ഭീഷണികൾ ജയിക്കില്ല." ബൈഡൻ കൂട്ടിച്ചേർത്തു.

ബുധനാഴ്ചയായിരുന്നു പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതി വാതകം വിതരണം ചെയ്യില്ല എന്ന് റഷ്യയുടെ സംസ്ഥാന നിയന്ത്രണത്തിലുള്ള ഊർജ്ജ കമ്പനി അറിയിച്ചത്. സാഹചര്യം അനുസരിച്ച് ഈ നടപടി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും റഷ്യ പറഞ്ഞു. വാതക വില റൂബിളിൽ നൽകണം എന്ന ആവശ്യം അം ഗീകരിക്കാത്തതിനെ തുടർന്നാണ് ബൾഗേറിയക്കും പോളണ്ടിനും എതിരെ റഷ്യ നടപടി എടുത്തത് എന്നാണ് വിലയിരുത്തൽ. ബൾ ഗേറിയക്ക് വേണ്ട പ്രകൃതി വാതകത്തിന്റെ 90 ശതമാനവും പോളണ്ടിലേതിലെ 50 ശതമാനവും വിതരണം ചെയ്തിരുന്നത് റഷ്യ ആയിരുന്നു.
അതേ സമയം യുക്രൈനിലേക്ക് ആയുധങ്ങൾ എത്തിക്കുന്നതിനുള്ള ഒരു പ്രധാന കവാടം പോളണ്ട് ആണ്. നേരത്തെ റഷ്യക്കെതിരെ ഉപരോധം നടപ്പിലാക്കിയ രാജ്യങ്ങളിൽ ഒന്നുകൂടിയായിരുന്നു പോളണ്ട്. പുതിയ ലിബറൽ ഗവൺമെന്റിന് കീഴിലുള്ള ബൾഗേറിയ ആകട്ടെ റഷ്യയുമായുള്ള പഴയ ബന്ധങ്ങളിൽ പലതും വിച്ഛേദിക്കുകയും യുദ്ധത്തിൽ റഷ്യക്കെതിരായ ശിക്ഷാ നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബൾഗേറിയയുടെ കരിങ്കടൽ തീരത്തെ ഒരു പുതിയ നാറ്റോ ഔട്ട്‌പോസ്റ്റിൽ പാശ്ചാത്യ യുദ്ധവിമാനങ്ങൾ സ്ഥാപിക്കാനും ബൾഗേറിയ സഹായം നൽകിയിരുന്നു.
എന്നാൽ ഗ്യാസ് വെട്ടിക്കുറച്ച നടപടി ഇരു രാജ്യങ്ങളെയും പെട്ടെന്ന് ഒരു വലിയ പ്രശ്‌നത്തിലേക്ക് നയിച്ചേക്കില്ല എന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. അതേ സമയം യുക്രൈനെതിരായ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാനെയും ഉത്തരകൊറിയയെയും മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധമുള്ള രാജ്യമായി റഷ്യ മാറി. 60 ദിവസത്തിലേറെയായി ഉക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുകയാണ്. ഫെബ്രുവരി 24 ന് ആണ് റഷ്യ യുക്രൈയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചിച്ചത്.












Click it and Unblock the Notifications