ജോക്കോവിച്ചിന് ഡിസംബറില്‍ കൊവിഡ്; വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്
സിഡ്‌നി: വാക്‌സിനെടുത്തതിന്റെ രേഖകളില്ലാതെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞ സംഭവത്തില്‍ വഴിത്തിരിവ്. ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ നല്‍കിയ മെഡിക്കല്‍ ഇളവിന്റെ തെളിവുകള്‍ താരത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
രേഖകള്‍ പ്രകാരം ജോക്കോവിച്ചിന് ഡിസംബറില്‍ കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇതനുസരിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
2021 ഡിസംബര്‍ 16-നാണ് ജോക്കോവിച്ചിന് കോവിഡ് ബാധിച്ചതെന്നാണ് രേഖയിലുള്ളത്. ഇത് പ്രകാരം ഓസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പ് തന്നെ അവരുടെ നിര്‍ബന്ധിത വാക്സിന്‍ നിയമത്തില്‍ ഇളവ് നല്‍കിയതായി അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. തിങ്കളാഴ്ചയാണ് കോടതി കേസില്‍ വിധി പറയുക.

നേരത്തെ ഇക്കഴിഞ്ഞ ആറിനാണ് ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ പ്രവേശിക്കാനുള്ള വിസ നിഷേധിച്ചത്. വാക്സിനെടുത്തതിന്റെ രേഖകളില്ലെന്ന കാരണം പറഞ്ഞായിരുന്നു നടപടി. താരത്തെ എട്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
രണ്ട് ഡോസ് വാക്സിന്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അധികൃതര്‍ തനിക്ക് ഇളവ് നല്‍കിയെന്നും ജോക്കോവിച്ച് മെല്‍ബണിലെത്തുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.
കൊവിഡിന്റെ പ്രാരംഭകാലം മുതല്‍ ലോക്ഡൗണ്‍ ഉള്‍പ്പടെ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ എന്നിരിക്കെ സെലിബ്രിറ്റികള്‍ക്ക് ഇളവ് നല്‍കിയതായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അടക്കമുള്ളവര്‍ താരത്തിനെതിരെ നിലപാടെടുത്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ഓസ്‌ട്രേലിയയുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സെര്‍ബിയന്‍ പ്രസിഡന്റ് ഉന്നയിച്ചത്. ഓസ്‌ട്രേലിയയില്‍ അപമാനിക്കപ്പെട്ട ജോക്കോവിച്ചിന് എല്ലാ നിയമ പിന്തുണയും സെര്‍ബിയ വാഗ്ദാനം ചെയ്തിരുന്നു. സെര്‍ബിയന്‍ പ്രസിഡന്റ് ജോക്കോവിച്ചിനെ നേരില്‍ വിളിച്ച് സംസാരിച്ചിരുന്നു.
ആരാധകരും ഓസ്‌ട്രേലിയയുടെ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്. അതേസമയം വാക്സിനേഷനെതിരെ സ്വീകരിച്ച നിലപാട് ജോക്കോവിച്ചിനെ വിവാദത്തില്‍പ്പെടുത്തിയിരുന്നു.
നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ചാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം. ഈ ടൂര്‍ണ്ണമെന്റില്‍ വിജയിക്കാനായാല്‍ പത്താം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടവും എന്ന അതുല്യ നേട്ടത്തിനൊപ്പമാണ് നൊവാക് ജോക്കോവിച്ച് എത്തുക. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജനുവരി 17-നാണ് ആരംഭിക്കുന്നത്.












Click it and Unblock the Notifications