പ്രധാനമന്ത്രി യുഎയിലെത്തി, ഗംഭീര സ്വീകരണം; അബുദാബിയില്‍ യുപിഐ സേവനങ്ങള്‍ ലോഞ്ച് ചെയ്ത് മോദി
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഗംഭീര സ്വീകരണമാണ് മോദിക്കായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നല്‍കിയത്. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ പിടിഐ ട്വീറ്റ് ചെയ്തു. അതേസമയം പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണറും സ്വീകരിച്ചു.
അതേസമയം യുഎഇ പ്രസിഡന്റും മോദിയും ചേര്‍ന്ന് യുപിഐ റുപേ കാര്‍ഡ് സേവനങ്ങള്‍ അബുദാബിയില്‍ ലോഞ്ച് ചെയ്തു. യുഎഇ പ്രസിഡന്‍ഷ്യല്‍ പാലസായ ഖാസര്‍ അല്‍ വഥനില്‍ ഊഷ്മളമായ സ്വീകരണവും പ്രധാനമന്ത്രിക്ക് ലഭിച്ചു. ഇരുനേതാക്കളും ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകാനായി ഉഭയകക്ഷി ചര്‍ച്ചകളും ആരംഭിച്ചു.

2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞു. എപ്പോഴൊക്കെ ഇവിടെത്തി നിങ്ങളെ കാണുമ്പോഴും, എനിക്കെന്റെ കുടുംബത്തെ കാണുന്നത് പോലെയാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണ നമ്മള്‍ പരസ്പകരം കണ്ടു. ഇത് അപൂര്‍വും, നമ്മുടെ ബന്ധം എത്രത്തോളം അടുപ്പമുള്ളതാണെന്നും കാണിക്കുന്നതാണെന്ന് മോദി പറഞ്ഞു.
അബുദാബിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ഊര്‍ജം, തുറമുഖങ്ങള്‍, ഫിന്‍ടെക്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റെയില്‍വേ, എന്നിവയിലെ നിക്ഷേപങ്ങളാണ് ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഇടംപിടിക്കുകയെന്നാണ് സൂചന.
യുഎഇയിലെ ഉന്നത നേതാക്കളുമായി മോദി ചര്‍ച്ചകള്‍ നടത്തും. അതേസമയം യുഎഇയിലെ ആദ്യ ഹിന്ദു ശില ക്ഷേത്രം മോദി ഉദ്ഘാടനം ചെയ്യും. ബാപ്‌സ് ക്ഷേത്രമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 14നാണ് ഉദ്ഘാടനം. അബുദാബിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹകരണം ശക്തിപ്പെടുത്താന്‍ നിരവധി മേഖലകളിലുള്ള പദ്ധതികളും പ്രഖ്യാപിച്ചേക്കും.
അതേസമയം ബാപ്‌സ് ക്ഷേത്രം സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും മോദി പറഞ്ഞു. 27 ഏക്കര്‍ ഭൂമിയിലാണ് ഈ ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. 2019 മുതല്‍ ഇതിന്റെ നിര്‍മാണം നടക്കുന്നുണ്ട്. യുഎഇ സര്‍ക്കാരാണ് ക്ഷേത്രത്തിനുള്ള ഭൂമി നല്‍കിയത്. യുഎഇയില്‍ വേറെയും മൂന്ന് ക്ഷേത്രങ്ങളുണ്ട്. മൂന്നും ദുബായിലാണ്. ബാപ്‌സ് ക്ഷേത്രം വലിപ്പത്തില്‍ ഈ ക്ഷേത്രങ്ങളേക്കാള്‍ വലുതാണ്. ഇതിന്റെ കൊത്തുപണികളെല്ലാം കല്ലിലാണ്.












Click it and Unblock the Notifications