അമേരിക്കക്ക് 'പണി' കൊടുക്കാന്‍ സൗദി; ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്... ഉടക്കിന് കാരണം ഇതാണ്
റിയാദ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു സൗദി അറേബ്യ. എന്നാല്‍ ട്രംപ് മാറി ജോ ബൈഡന്‍ വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സൗദിയെ അമേരിക്കന്‍ ഭരണകൂടം ഗൗനിക്കുന്നില്ല എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ സൗഹൃദങ്ങളില്‍ സൗദി അറേബ്യ മാറി ചിന്തിക്കുകയാണ്.
റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുകയാണ് സൗദി. ഇതാകട്ടെ, ആഗോള തലത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഇടയാക്കിയേക്കും. കാരണം, റഷ്യയും ചൈനയും ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരാണ്. പക്ഷേ, സൗദിയും ഇറാനും ശത്രുതയിലുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബൈഡനോടുള്ള എതിര്‍പ്പാണ് സൗദി അറേബ്യ റഷ്യയുമായി അടുക്കാന്‍ ഇടയാക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്താന്‍ ഇതുവരെ ജോ ബൈഡന്‍ തയ്യാറായിട്ടില്ല. ട്രംപ് അധികാരമേറ്റ കാലത്ത് ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്കായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. എന്നാല്‍ ബൈഡന്‍ ഇതുവരെ സൗദിയിലേക്ക് വന്നില്ല എന്ന് മാത്രമല്ല, സൗദി നേതാക്കളുമായി ചര്‍ച്ചയും നടത്തിയിട്ടില്ല.

സൗദിയെ കടുത്ത ഭാഷയില്‍ അമേരിക്കന്‍ ഭരണകൂടം അടുത്തിടെ വിമര്‍ശിച്ചിരുന്നു. സൗദിയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നാണ് അമേരിക്കയുടെ വിമര്‍ശനം. മാത്രമല്ല, യമന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് നല്‍കിയ പിന്തുണ ബൈഡന്‍ ഭരണകൂടം നല്‍കുന്നുമില്ല. ഈ സാഹചര്യത്തിലാണ് റഷ്യ-യുക്രൈന്‍ യുദ്ധ വേളയില്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് സൗദി ചെവികൊടുക്കാതിരിക്കുന്നത്.

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളാണ് സൗദിയും റഷ്യയും അമേരിക്കയും. റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരുന്നു. അതോടെ വിപണയില്‍ എണ്ണ എത്തുന്നത് കുറഞ്ഞു. പകരം സൗദിയോട് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് നല്‍കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. എന്നാല്‍ സൗദി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ വിളികള്‍ സൗദി ഗൗനിച്ചതേയില്ല.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് നിരവധി സൗദിക്കാര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. 2021 ഫെബ്രുവരിയിലായിരുന്നു ഇത്. ഉപരോധം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നേരിട്ട് ബാധിക്കില്ലെങ്കിലും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ഈ പട്ടികയിലുണ്ടായിരുന്നു. അമേരിക്കയുമായുള്ള നീക്കം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന വിഷയം സൗദി ചര്‍ച്ച നടത്തിയിട്ടുണ്ട്.

സല്‍മാന്‍ രാജാവ്, മുഹമ്മദ് ബിന്‍ സല്‍മാന്‍, ഉന്നത സൗദി ഉദ്യോഗസ്ഥര്‍, ബിന്‍ സല്‍മാന്റെ ഉപദേഷ്ടാക്കള്‍ എന്നിവരാണ് ജിദ്ദയില്‍ യോഗം ചേര്‍ന്നത്. കൂടുതല്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് ജോ ബൈഡനെ പ്രീതിപ്പെടുത്താന്‍ ഈ യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇത് വേണ്ടെന്നും റഷ്യയുമായും ചൈനയുമായും കൂടുതല്‍ അടുത്ത് ബൈഡന് താക്കീത് നല്‍കണമെന്നാണ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടതെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, അമേരിക്കയെ ബിന്‍ സല്‍മാന്‍ താക്കീത് ചെയ്തുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് സൗദി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ റഷ്യ-ചൈന എന്നീ രാജ്യങ്ങളുമായി സൗദി അടുക്കുന്നു എന്നത് സത്യമാണ്. സൈനികമായും സാംസ്‌കാരികമായും സാമ്പത്തികമായുമുള്ള അടുപ്പമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്നത്. ഇത് അമേരിക്കക്ക് തിരിച്ചടിയാണ്.
പുത്തന്‍ കാറിന് മുമ്പില്‍ കിടിലന്‍ ലുക്ക്; നൈല ഉഷയുടെ പുതിയ ചിത്രം വൈറല്‍

ഹൂതികള്‍ സൗദിയെ ആക്രമിക്കുന്നത് പതിവാണ്. ഈ ഘട്ടത്തില്‍ അമേരിക്ക വേണ്ട രീതിയില്‍ സഹായിക്കുന്നില്ല എന്നാണ് സൗദിയുടെ വിമര്‍ശനം. കൂടാതെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ സൗദി വിമര്‍ശിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട അമേരിക്കയുടെ അഭ്യര്‍ഥന സൗദി തള്ളുകയാണ് ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബൈഡന്റെ ഫോണ്‍ കോള്‍ ബിന്‍ സല്‍മാന്‍ അവഗണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications