ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം, നിയമ നടപടികൾ പൂർത്തിയാക്കാനുണ്ട്; ഇന്ത്യക്ക് കത്തയച്ച് ബംഗ്ലാദേശ്
ന്യൂഡൽഹി: രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയ്ക്ക് കൈമാറണമെന്ന് നയതന്ത്ര തലത്തിൽ ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇത് സംബന്ധിച്ച കത്ത് ഇടക്കാല സർക്കാർ ഇന്ത്യക്ക് നൽകി. നിയമപരമായ നടപടികൾ പൂർത്തിയാക്കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് ഹസീനയെ എത്രയും പെട്ടെന്ന് വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്.
16 വർഷത്തെ ഭരണത്തിന് ശേഷമുണ്ടായ കലാപകലുഷിതമായ സാഹചര്യങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് അട്ടിമറിക്കപ്പെട്ടതോടെയാണ് 77 കാരിയായ അവാമി ലീഗ് നേതാവ് ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 5 മുതൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന കഴിഞ്ഞുവരുന്നത്.

അതിനിടെ ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ (ഐസിടി) ഷെയ്ഖ് ഹസീനയുടെയും അവരുടെ മന്ത്രിമാരുടെയും ഉപദേശകരുടെയും മുൻ സൈനിക, സിവിൽ ഉദ്യോഗസ്ഥരുടെയും പേരിൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇപ്പോൾ ഹസീനയെ വിട്ടുനൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
ഇന്ത്യൻ സർക്കാരിന് വാക്കാൽ (നയതന്ത്ര സന്ദേശം) ഒരു കുറിപ്പ് അയച്ചിട്ടുണ്ടെന്നും ജുഡീഷ്യൽ നടപടിക്രമത്തിനായി അവരെ ഇവിടേക്ക് തിരികെ കൊണ്ടുവരണമെന്നും ഇതിൽ അറിയിച്ചതായി ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്‌ടാവ് തൗഹിദ് ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ ആഭ്യന്തര ഉപദേഷ്‌ടാവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഷെയ്ഖ് ഹസീനയെ കൈമാറുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് തന്റെ ഓഫീസ് കത്തയച്ചിട്ടുണ്ടെന്ന് ആഭ്യന്തര ഉപദേഷ്‌ടാവ് ജഹാംഗീർ ആലമാണ് അറിയിച്ചത്. കുറ്റവാളികളെ കൈമാറാനുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആലത്തിന്റെ പ്രതികരണം. ഇതുവഴി ഷെയ്ഖ് ഹസീനയെ ധാക്കയിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിച്ച് ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്‌ടാവും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ മിസ്രിയുടെ ബംഗ്ലാദേശ് സന്ദർശനത്തിൽ ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നേരത്തെ മുഹമ്മദ് യൂനുസ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യയിലിരുന്ന് കൊണ്ട് ഷെയ്ഖ് ഹസീന ബംഗ്ലാദേശിനെതിരെ പ്രസ്‌താവനകൾ പുറപ്പെടുവിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ യൂനുസിനെതിരെ കടുത്ത ഭാഷയിലാണ് ഹസീന തിരിച്ചടിച്ചത്. തന്റെ ഭരണം അവസാനിപ്പിച്ച കലാപത്തിന്റെ സൂത്രധാരൻ യൂനുസ് ആണെന്നായിരുന്നു അവരുടെ ആരോപണം.
ഓഗസ്‌റ്റ് 5 മുതൽ ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ബുദ്ധമതക്കാരുടെയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വ്യാപകമാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. പുതിയ ഭരണത്തിന് കീഴിൽ ജമാഅത്തും തീവ്രവാദികളും സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്നും ഷെയ്ഖ് ഹസീന ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications