'ഷിന്‍സോ ആബെ കൊല്ലപ്പെടാന്‍ ആഗ്രഹിച്ചിരുന്നു, കാരണം ഇത്..' അക്രമിയുടെ വെളിപ്പെടുത്തല്‍
ടോക്കിയോ: ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് നേരെ വെടിയുതിര്‍ത്തത് ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിലെ മുന്‍ അംഗം. 41 കാരനായ അക്രമി നാടന്‍ തോക്ക് ഉപയോഗിച്ചാണ് ഷിന്‍സോ ആബെയ്ക്ക് നേരെ വെടിയുതിര്‍ത്തത് എന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷിന്‍സോ ആബെയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അതൃപ്തനായിരുന്നു എന്നും അതിനാലാണ് അദ്ദേഹത്തെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചത് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചാരനിറത്തിലുള്ള ടീ ഷര്‍ട്ടും ബീജ് ട്രൗസറും ധരിച്ചാണ് അക്രമിയെത്തിയത്. വെടിവെപ്പിന് ശേഷവും കൂസലില്ലാതെ നിന്ന അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.
പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വെച്ചാണ് പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. രാഷ്ട്രീയ അക്രമങ്ങള്‍ അപൂര്‍വവും തോക്കുകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നതുമായ ഒരു രാജ്യത്ത് നടന്ന കൊലപാതകത്തില്‍ ജപ്പാനിലെ ജനങ്ങളും ലോക നേതാക്കളും ഞെട്ടല്‍ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വെടിവയ്പ്പിനെ ശക്തമായ വാക്കുകളില്‍ അപലപിച്ചു. ഷിന്‍സോ ആബെയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുന്നതെല്ലാം ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. സായുധരായ സുരക്ഷാ ഏജന്റുമാരോടൊപ്പം ജാപ്പനീസ് രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്നത് രാജ്യത്ത് പതിവാണ്.
പ്രത്യേകിച്ച് രാഷ്ട്രീയ പ്രചാരണ വേളയില്‍ അവര്‍ തെരുവുകളില്‍ പ്രസംഗിക്കുകയും വഴിയാത്രക്കാരുമായി ഹസ്തദാനം ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഒരു ആക്രമണം ജപ്പാന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. ജപ്പാന്റെ പ്രധാനമന്ത്രിയായും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായും 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും ഷിന്‍സോ ആബെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
ജപ്പാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷിന്‍സോ ആബെ. ജൂനിചിറോ കൊയ്‌സുമിയുടെ കീഴില്‍ 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും 2012ല്‍ പ്രതിപക്ഷ നേതാവുമായും ഷിന്‍സോ ആബെ സേവനമനുഷ്ഠിച്ചിരുന്നു. 1993-ലെ തെരഞ്ഞെടുപ്പിലാണ് ജനപ്രതിനിധി സഭയിലേക്ക് ഷിന്‍സോ ആബെ തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications