അടുത്ത വെടി പൊട്ടിച്ച് ഡൊണാൾഡ് ട്രംപ്; മെക്‌സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും 30 ശതമാനം തീരുവ ചുമത്തി
ന്യൂയോർക്ക്: തീരുവ വിഷയത്തിൽ അടുത്ത സുപ്രധാന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാന വ്യാപാര സഖ്യകക്ഷികളുമായി ആഴ്‌ചകളോളം നീണ്ട ചർച്ചകൾ കൂടുതൽ സമഗ്രമായ ഒരു വ്യാപാര കരാറിലെത്തുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെ ഓഗസ്‌റ്റ് 1 മുതൽ മെക്‌സിക്കോയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് 30 ശതമാനം തീരുവ ഏർപ്പെടുത്താനാണ് തീരുമാനം.
ട്രൂത്ത് സോഷ്യൽ എന്ന വെബ്‌സൈറ്റിൽ പോസ്‌റ്റ് ചെയ്‌ത പ്രത്യേക കത്തുകളിലൂടെയാണ് പുതിയ തീരുവകൾ ട്രംപ് പ്രഖ്യാപിച്ചത്. മെക്‌സിക്കൻ നേതാവിന് എഴുതിയ കത്തിൽ, അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെയും ഫെന്റനൈലിന്റെയും ഒഴുക്ക് തടയുന്നതിൽ രാജ്യം സഹായകരമായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ ലഹരി ഒഴുക്കിൽ കാര്യമായ നടപടി എടുക്കാൻ അവർ തയ്യാറായില്ലെന്നും ട്രംപ് വിമർശിച്ചു.

യുഎസിന്റെ വ്യാപാരക്കമ്മി ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ട്രംപ് യൂറോപ്യൻ യൂണിയന് അയച്ച കത്തിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള ഞങ്ങളുടെ വ്യാപാര ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് വർഷങ്ങളായി അവസരമുണ്ടായിരുന്നു. നിങ്ങളുടെ താരിഫ്, താരിഫ് ഇതര നയങ്ങൾ, വ്യാപാര തടസങ്ങൾ എന്നിവയാൽ സൃഷ്‌ടിക്കപ്പെട്ട ഈ വ്യാപാര കമ്മികളിൽ നിന്ന് നാം മാറണമെന്ന് ഞങ്ങൾ നിഗമനത്തിലെത്തി; അദ്ദേഹം പറഞ്ഞു.
ഈ ആഴ്‌ച ആദ്യം, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ട്രംപ് പുതിയ തീരുവ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. അതുപോലെ തന്നെ ചെമ്പിന് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ പോലെയുള്ള മുഖ്യ വ്യാപാര പങ്കാളികൾക്ക് മേൽ പോലും തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് തീരുമാനിച്ചിരിക്കുന്നത്.
27 രാജ്യങ്ങളുടെ കൂട്ടായ്‌മയ്ക്കായി യുഎസുമായി സമഗ്രമായ ഒരു വ്യാപാര കരാറിലെത്താമെന്ന് യൂറോപ്യൻ യൂണിയൻ പ്രതീക്ഷിച്ചിരുന്നു. സമീപ ദിവസങ്ങളിൽ തീരുവ യുദ്ധം കൂടുതൽ ശക്തമായതിന് പിന്നാലെ യുഎസിന്റെ ഏറ്റവും വലിയ വ്യാപാര, നിക്ഷേപ പങ്കാളിയ്ക്ക് മേലുള്ള തീരുവ നയത്തെ കുറിച്ചുള്ള കത്തിന് തയ്യാറായി നിൽക്കുകയായിരുന്നു യൂറോപ്യൻ യൂണിയൻ.
അതേസമയം, വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് പൂജ്യം-പൂജ്യം താരിഫ് ഉൾപ്പെടെ സമഗ്രമായ ഒരു വ്യാപാര കരാറിൽ ഏർപ്പെടാനാണ് യൂറോപ്യൻ യൂണിയൻ ആദ്യം പ്രതീക്ഷിച്ചത്, എന്നാൽ മാസങ്ങൾ നീണ്ടുനിന്ന ബുദ്ധിമുട്ടുള്ള ചർച്ചകൾക്ക് ഒടുവിൽ ഒരു ഇടക്കാല കരാറിൽ ഒത്തുതീർപ്പാക്കേണ്ടിവരുമെന്നും മെച്ചപ്പെട്ട നിബന്ധനകൾക്ക് ഇനിയും ചർച്ചകൾ വേണ്ടിവരുമെന്നും അടുത്തിടെയാണ് യൂണിയന് ബോധ്യമായത്. അപ്പോഴേക്കും ട്രംപിന്റെ കത്തും എത്തി.
തിരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ട്രംപ് നടപ്പിലാക്കിയ തീരുവ ഓർഡറുകളുടെ ഒരു പരമ്പര യുഎസ് സർക്കാരിന് പ്രതിമാസം കോടിക്കണക്കിന് ഡോളർ പുതിയ വരുമാനം നേടിക്കൊടുത്തുവെന്നാണ് വിലയിരുത്തൽ. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കൂടുതൽ രാജ്യങ്ങൾക്ക് മേൽ ട്രംപ് തീരുവ ഭീഷണി വ്യാപിപ്പിക്കുന്നത്.
വെള്ളിയാഴ്‌ചത്തെ യുഎസ് ട്രഷറി ഡാറ്റ പ്രകാരം, ജൂൺ വരെയുള്ള ഫെഡറൽ സാമ്പത്തിക വർഷത്തിൽ യുഎസ് കസ്‌റ്റംസ് തീരുവ വരുമാനം 100 ബില്യൺ ഡോളർ കവിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ ട്രംപ് ഈ വഴി തന്നെ സഞ്ചരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾക്ക് സമാനമായ കത്തുകൾ ലഭിക്കാനും സാധ്യതയുണ്ട്.
എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല എന്നാണ് ലഭ്യമായ വിവരം. പ്രാഥമിക ഘട്ടത്തിൽ ഇരു രാജ്യങ്ങളും കരാറിൽ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും ഇരു കൂട്ടരും പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications