പ്രതിഷേധങ്ങള്‍ അവഗണിച്ചു; ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചു

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അറബ് ജനതയുടെ പ്രതിഷേധങ്ങളും ലോകനേതാക്കളുടെ മുന്നറിയിപ്പുകളും അവഗണിച്ച് ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ട്രംപ് പ്രഖ്യാപിച്ചു.

പ്രഖ്യാപിക്കേണ്ട സമയമായെന്ന് ട്രംപ്

ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായാണ് മധ്യപൗരസ്ത്യ ദേശത്തെ സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുതകുന്ന പുതിയ തീരുമാനം പ്രസിഡന്റ് ട്രംപ് കൈക്കൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കേണ്ട സമയമിതാണെന്ന് താന്‍ തീരുമാനിച്ചതായി ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ എംബസി മാറ്റത്തിനുള്ള നിര്‍ദേശം വിദേശകാര്യമന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

Trump

ആരുടെ പക്ഷത്തും നില്‍ക്കുന്നില്ലെന്ന് ട്രംപ്

ഫലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരുടെയും ഭാഗത്ത് താന്‍ നില്‍ക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ തനിക്ക് സാധ്യമായതൊക്കെ ചെയ്യുമെന്നും ട്രംപ് തന്റെ പ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജെറൂസലേം എംബസി ആക്ട്

1995 ഒക്ടോബര്‍ 23ന് അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയതാണ് ജെറൂസലേം എംബസി ആക്ട്. ഇത് പ്രകാരം 1999 മെയ് 31ന് മുമ്പായി അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറീസലേമിലേക്ക് മാറ്റണം. ഇതിനു പുറമെ ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും വേണം. തങ്ങളുടെ തലസ്ഥാനം ജെറൂസലേമാണെന്ന് ഇസ്രായേല്‍ നേരത്തേ പ്രഖ്യപിച്ചിരുന്നുവെങ്കിലും ഇതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നില്ല.

മുന്‍ പ്രസിഡന്റുമാര്‍ മടിച്ചു നിന്നു

തലസ്ഥാനമാറ്റവും എംബസി മാറ്റവും അറബ്-മുസ്ലിം ലോകത്തുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന ബില്‍ ക്ലിന്റന്‍, ജോര്‍ജ് ബുഷ്, ബറാക് ഒബാമ എന്നിവര്‍ ഈ നിയമം നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി തീരുമാനം ആറുമാസത്തേക്ക് നീട്ടിവയ്ക്കുന്ന നിലപാടായിരുന്നു ഓരോ തവണയും മുന്‍ പ്രസിഡന്റുമാര്‍ കൈക്കൊണ്ടത്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി മല്‍സരിക്കുന്ന വേളയില്‍ അമേരിക്കയിലെ ശക്തരായ ജൂത സമൂഹത്തിന് ഇക്കാര്യത്തില്‍ ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിലുള്ള അവരുടെ പിന്തുണ ഉറപ്പാക്കാന്‍ ഇതുവഴി ട്രംപിന് സാധിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് തന്റെ പുതിയ പ്രഖ്യാപനത്തിലൂടെ അമേരിക്കന്‍ പ്രസിഡന്റ് ചെയ്തിരിക്കുന്നത്.

തീരുമാനത്തിനെതിരേ പ്രതിഷേധം വ്യാപകം

തലസ്ഥാനവും എംബസിയും മാറ്റിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ ഗസ ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളിലും അറബ് രാജ്യങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഫലസ്തീന്‍-അറബ് നേതാക്കള്‍ക്കു പുറമെ മിക്ക രാഷ്ട്രത്തലവന്‍മാരും ഇതിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബ് മേഖലയെ ഇത് കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കുന്നതോടൊപ്പം ഫലസ്തീന്‍-ഇസ്രായേല്‍ സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് ലോക നേതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.

സമാധാനം തകര്‍ക്കുമെന്ന് അബ്ബാസ്

ജെറൂസലേം തീരുമാനം മധ്യപൗരസ്ത്യ ദേശത്തും പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെയും മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം-ക്രിസ്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിര്

അല്‍ അഖ്‌സ പള്ളിയും വിശുദ്ധ ക്രിസ്ത്യന്‍ ദേവാലയവും സ്ഥിതി ചെയ്യുന്ന ജെറൂസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള യു.എസ് താരുമാനം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഒരേപോലെ വേദനിപ്പിക്കുന്നതാണെന്ന് ഫലസ്തീന്‍ നേതാവ് സഈദ് ഇറക്കാത്ത് അഭിപ്രായപ്പെട്ടു. നിലവില്‍ ഒരു രാജ്യവും തങ്ങളുടെ എംബസി ജെറൂസലേമില്‍ സ്ഥാപിച്ചിട്ടില്ലെന്നും അമേരിക്കന്‍ തീരുമാനം ഫലസ്തീനികളോടും ലോകത്തോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയ്ക്ക് ഇനി ഫലസ്തീനില്‍ റോളില്ല

യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്‍കി. ഇതോടെ അമേരിക്കയ്ക്ക് ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥന്റെ കുപ്പായമിടാനുള്ള അവകാശം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മണ രേഖയെന്ന് ഉര്‍ദുഗാന്‍

ജെറൂസലേം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ലക്ഷ്മണ രേഖയാണെന്ന്, ഇസ്രായേല്‍ തലസ്ഥാനം ജെറൂസലേമിലേക്ക് മാറ്റിയേക്കുമെന്ന ചര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അമേരിക്കന്‍ തീരുമാനത്തിനെതിരേ അറബ് ലീഗും കഴിഞ്ഞ ദിവസം ശക്തമായി രംഗത്തെത്തിയിരുന്നു.

ഭാവി ഫലസ്തീന്റെ തലസ്ഥാനം

ഭാവിയില്‍ രൂപീകരിക്കപ്പെടുന്ന ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി അവര്‍ കാണുന്നത് കിഴക്കന്‍ ജെറൂസലേമിനെയാണ്. അമേരിക്കയുടെ പുതിയ തീരുമാനത്തോടെ ആ സാധ്യതയാണ് ഇല്ലാതാവുന്നത്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ തങ്ങളുടെ പ്രദേശത്തോട് കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജെറൂസലേം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നതാണ് ഇക്കാലമത്രയും ഫലസ്തീനികള്‍ വാദിച്ചുപോന്നത്. അമേരിക്കയുടെ പുതിയ തീരുമാനത്തോടെ ഇസ്രായേല്‍ അധിനിവേശം അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
President Donald Trump has announced that the US formally recognises Jerusalem as the capital of Israel and will begin the process of moving its embassy to the city, breaking with decades of US policy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്