കമലയും ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം; ഇക്കുറി ഫലം വരാൻ ദിവസങ്ങൾ കാത്തിരിക്കണോ? കാരണമറിയാം
ന്യൂയോർക്ക്: യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഇത്തവണ ഫലം ലഭിക്കാൻ വൈകുമെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്‌ത രീതികളും വോട്ടെടുപ്പ് സമയത്തിലെ വ്യതിയാനങ്ങൾക്കും അപ്പുറം കമല ഹാരിസും ഡൊണാൾഡും ട്രംപും ഒപ്പത്തിനൊപ്പം നിൽക്കുന്ന മത്സരം ആയത് കൊണ്ട് കോടിയാണ് ഫലം വരാൻ ദിവസങ്ങൾ എടുക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്.
ഇത് കൂടാതെ യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ സങ്കീർണമാക്കുന്ന ഒട്ടേറെ ഘടകങ്ങൾ വേറെയുമുണ്ട്. ഇന്ത്യയിൽ ഉള്ളത് പോലെ ഒരു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യുഎസിൽ ഇല്ലെന്നതാണ് അതിലെ പ്രധാന കാര്യം. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം ഏകീകരിക്കുക എന്നത് വിവിധ സംസ്ഥാനങ്ങളുടെയും മറ്റ് ചുമതലക്കാരുടെയും അധികൃതരുടെയും ചുമതലയാണ്.

അതുകൊണ്ട് തന്നെ ആദ്യ ഫല സൂചനകൾക്കായി ജനങ്ങളും ലോകമെമ്പാടുമുള്ള ആളുകളും പ്രധാനമായും ഉറ്റുനോക്കുന്ന അമേരിക്കൻ മാധ്യമങ്ങളെയാണ്. വിവിധ സംസ്ഥാനങ്ങളിൽ വിവിധ സമയത്താണ് പോളിങ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഇന്ത്യയിൽ നിന്ന് വ്യത്യസ്‌തമായി രാജ്യത്ത് ആറ് സമയ മേഖലകളാണ് ഉള്ളത്. അത്രയും വലിയൊരു രാജ്യമാണ് അമേരിക്ക എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
അതുകൊണ്ട് തന്നെ പെട്ടെന്നൊരു ഫലം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. എങ്കിലും ബുധനാഴ്‌ച രാത്രിയോടെ ആദ്യ ഫല സൂചനകൾ വന്നേക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ആകെയുള്ള അൻപത്തിയൊന്ന് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് യഥാസമയം പൂർത്തിയായി ഫല സൂചനകൾ വരുമ്പഴേക്കും ഇനിയും വൈകാനാണ് സാധ്യത.
കാരണം തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഘടകം ആവുമെന്ന് വിലയിരുത്തുന്ന ഏഴ് സ്വിങ് സ്‌റ്റേറ്റുകളിലെ ഫലം ചിലപ്പോൾ വൈകിയേക്കും. അങ്ങനെയെങ്കിൽ കണക്ക് കൂട്ടുന്ന വേഗതയിൽ എത്താൻ ഇടയില്ല എന്നതാണ് പ്രധാന ആശങ്ക. ആകെ 93 ഇലക്ട്രൽ വോട്ടുകളാണ് ഈ സ്വിങ് സ്‌റ്റേറ്റുകളിൽ ആകെയുള്ളത്. അതിൽ തന്നെ ഇരു പാർട്ടികളും ഏതാണ്ട് തുല്യ സാധ്യതയാണ് നിലവിൽ കൽപ്പിക്കപ്പെടുന്നത്.
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 3നായിരുന്നു നടന്നത്. എന്നാൽ പെൻസിൽവാനിയയിലെ ഫലം വ്യക്തമായതിന് ശേഷം ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയെന്ന് മാധ്യമങ്ങൾ പ്രഖ്യാപിക്കാൻ നാല് ദിവസത്തോളം എടുത്തുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതേനില തന്നെയാവുമോ ഇക്കുറിയും എന്നാണ് ഇനി കണ്ടറിയേണ്ടത്.
കഴിഞ്ഞ തവണ ട്രംപിന് ലീഡ് ഉണ്ടായിരുന്നു എന്നാണ് വിവിധ സർവേകൾ തുടക്കത്തിൽ പ്രവചിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം എല്ലാം മാറി മറിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച ട്രംപ് അവസാനം സ്വിങ് സ്‌റ്റേറ്റുകളിൽ നേരിയ വ്യത്യാസത്തിന് പിന്നോട്ട് പോയതോടെ ഭരണം നഷ്‌ടമാവുകയും ജോ ബൈഡനു വഴിമാറുകയുമായിരുന്നു.
ഇത്തവണ പക്ഷേ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാത്ത സർവേ ഫലങ്ങളാണ് വന്നിരുന്നത്. എങ്കിലും നേരിയ മുൻതൂക്കം ആദ്യ ഘട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനാണ് നൽകിയത്. എന്നാൽ വോട്ടെടുപ്പ് ദിവസത്തോട് അടുക്കവേ കമലയുമായുള്ള അകലം ഡൊണാൾഡ് ട്രംപ് കുറച്ചു വരുന്ന പ്രവണതയാണ് കണ്ടിരുന്നത്. അതിനാൽ തന്നെ ഇത്തവണത്തെ ആദ്യഫല സൂചനകൾ നിർണായകമാണ്.












Click it and Unblock the Notifications