സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണവുമായി യുഎസ്; കനത്ത പ്രഹരം ഉണ്ടാവുമെന്ന് ട്രംപ്
ദമാസ്‌കസ്: സിറിയയിൽ വൻ സൈനിക നടപടിക്ക് നേതൃത്വം നൽകി അമേരിക്ക. പാൽമിറയിൽ വെച്ച് ഐസിസ് തീവ്രവാദികളാൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനുള്ള നേരിട്ടുള്ള പ്രതികാരമെന്നോണമാണ് സൈനിക നീക്കം. വെള്ളിയാഴ്‌ച നടന്ന ഈ ആക്രമണങ്ങൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അമേരിക്കക്കാർക്ക് നേരെ എന്ത് ആക്രമണമുണ്ടായാലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇതിലൂടെ യുഎസ് മുന്നറിയിപ്പ് നൽകുന്നു.
'ഓപ്പറേഷൻ ഹോക്ക്ഐ സ്ട്രൈക്ക്' എന്ന പേരിലാണ് യുഎസ് സൈന്യം സിറിയയിൽ ആക്രമണം നടത്തിയത്. ഐസിസ് ഭീകരർ, ആയുധപ്പുരകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ ഓപ്പറേഷൻ. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് 'പ്രതികാര പ്രഖ്യാപനമാണ്' ഈ ദൗത്യമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, ഐസിസ് മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത കനത്ത പ്രഹരം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറിയയിൽ കൊല്ലപ്പെട്ട യുഎസ് സൈനികരെ ഈ ആഴ്‌ചയുടെ തുടക്കത്തിൽ ബഹുമാനപൂർവ്വം അനുസ്‌മരിച്ച അദ്ദേഹം, ഐസിസിനെ പൂർണമായി നശിപ്പിക്കുന്നത് വരെ അവരുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്നും ഉറപ്പുനൽകിയിരുന്നു.
ഡിസംബർ 13-ന് പാൽമിറയിൽ യുഎസ് സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് പ്രതികരണമായാണ് ഐസിസ് ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ആയുധ സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹോക്ക്ഐ സ്ട്രൈക്ക് തുടങ്ങിയതെന്ന് പീറ്റർ ഹെഗ്‌സെത്ത് വിശദീകരിച്ചു. സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിൽ അമേരിക്ക മടിക്കില്ലെന്നും പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സിറിയൻ സർക്കാരുമായി സഹകരിച്ചാണ് ദൗത്യം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഷർ അൽ-അസദിന്റെ പതനത്തിനുശേഷം അധികാരത്തിലെത്തിയ സിറിയൻ സർക്കാർ, പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിൽ ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ യുഎസുമായി സഹകരിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഷറയുടെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, അമേരിക്കക്കാർക്ക് നേരെ നടത്തുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലോകമെമ്പാടുമുള്ള തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
ഈ ദൗത്യത്തിന് 'ഹോക്ക്ഐ' എന്ന് പേര് നൽകിയത് ഡിസംബർ 13-ലെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട രണ്ട് അയോവ സൈനികരോടുള്ള ആദരസൂചകമായാണ് എന്നാണ് ലഭ്യമായ വിവരം. ഡെസ് മോയിൻസ് സ്വദേശിയായ 25 വയസുകാരൻ സർജന്റ് എഡ്‌ഗർ ബ്രയാൻ ടോറസ് ടോവർ, മാർഷൽടൗൺ സ്വദേശിയായ 29 വയസുകാരനായ സർജന്റ് വില്യം നഥാനിയൽ ഹോവാർഡ് എന്നിവരാണ് ഐസിസ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.












Click it and Unblock the Notifications