'കമല ഹാരിസ് പരിചയ സമ്പന്നയാണ്, ശക്തയാണ്'; പുകഴ്ത്തി ജോ ബൈഡൻ, ഇതുമൊരു സൂചനയാണോ?
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ കമല ഹാരിസിനെ പ്രശംസ കൊണ്ട് മൂടി ജോ ബൈഡൻ. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്‌തു കൊണ്ട് സംസാരിക്കവേയായിരുന്നു ബൈഡന്റെ പുകഴ്ത്തൽ. കമല പരിചയസമ്പത്തുള്ള വ്യക്തിയാണെന്നും കരുത്തയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ബൈഡന്റെ പിന്മാറലിന് ശേഷം ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് കമല ഹാരിസിന്റേത്.
'അവർ അനുഭവ സമ്പത്തുള്ളയാളാണ്, അവർ കരുത്തയാണ്, കഴിവുള്ളവയാളാണ്. അവർ എനിക്ക് അവിശ്വസനീയമായ പങ്കാളിയും നമ്മുടെ രാജ്യത്തിന്റെ നേതാവുമാണ്. ഇപ്പോൾ അവസരം നിങ്ങളുടേതാണ്, അമേരിക്കൻ ജനതയുടേതാണ്" തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി ദിവസങ്ങൾക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.

തന്റെ പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാൻ വേണ്ടിയാണ് 2024ലെ തിരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറിയതെന്ന് ബൈഡൻ അമേരിക്കൻ ജനതയോട് പറഞ്ഞു, ചരിത്രപരമായ ഓവൽ ഓഫീസ് പ്രസംഗത്തിലായിരുന്നു ബൈഡന്റെ വെളിപ്പെടുത്തൽ. കൂടാതെ അടുത്ത തലമുറയ്ക്ക് വെളിച്ചം കൈമാറേണ്ട സമയം ആയെന്നും ബൈഡൻ വ്യക്തമാക്കി.
"ജനാധിപത്യത്തിന്റെ സംരക്ഷണം, ഏത് മറ്റേതൊരു പദവിയേക്കാളും പ്രധാനമാണ്" 81-കാരനായ ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ ശേഷമുള്ള തന്റെ ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ഡൊണാൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ മോശം പ്രകടനമാണ് ജോ ബൈഡന് വിനയായത്. ഇതിന് പിന്നാലെ ബൈഡന്റെ പ്രായത്തെയും അവശതകളെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു.
കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സൂചനയോ?
ജോ ബൈഡന്റെ പുകഴ്ത്തലിന് പിന്നാലെ നിരവധി പേരാണ് ഇത് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സൂചനയാണെന്ന തരത്തിൽ പ്രതികരിക്കുന്നത്. ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച കമല ഹാരിസിന് ജനപ്രീതിയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ അമേരിക്കയിലെ വലിയൊരു വോട്ട് വിഭാഗമായ കറുത്ത വർഗക്കാരുടെയും, ഇന്ത്യൻ സമൂഹത്തിന്റെയും പിന്തുണയും കമലയ്ക്ക് ലഭിക്കും.
അടുത്തിടെ വന്ന സർവേ റിപ്പോർട്ടിൽ ട്രംപിനേക്കാൾ മുൻതൂക്കം കമല ഹാരിസിന് ആണെന്ന് കണക്കുകൾ വ്യക്തമാക്കിയിരുന്നു. റോയിട്ടേഴ്‌സ്/ഐഒഎസ് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. വോട്ടെടുപ്പിൽ 44 ശതമാനം പിന്തുണ നേടിയ കമലയ്ക്ക് പിന്നിലാണ് ട്രംപ്. അദ്ദേഹത്തിന് 42 ശതമാനം പേരുടെ പിന്തുണ മാത്രമാണ് നേടാനായത്.
ഇതൊക്കെയും കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കൂടാതെ സെനറ്റർമാരുടെയും ഡെമോക്രാറ്റുകളിലെ വലിയൊരു വിഭാഗത്തിന്റെയും പിന്തുണ കമല ഹാരിസിന് ഉണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കമലയ്ക്ക് വെല്ലുവിളിയാവുക മിഷേൽ ഒബാമ മാത്രമാവും എന്നാണ് വിലയിരുത്തൽ. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും ഡെമോക്രാറ്റിക് പാർട്ടി എടുത്തിട്ടില്ല. ബൈഡന്റെ പിന്തുണ കമല ഹാരിസിന് തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications