കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനില്‍ ഫത്ഹ്-ഹമാസ് ഐക്യസര്‍ക്കാര്‍ അത്ര എളുപ്പമാവില്ല, കാരണം...

  • By Desk
Google Oneindia Malayalam News

റാമല്ല: ഫലസ്തീനില്‍ 10 വര്‍ഷമായി ശത്രുതയില്‍ കഴിയുന്ന ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ പരസ്പരം ഐക്യപ്പെടാനും അനുരഞ്ജന സര്‍ക്കാറിന് രൂപം നല്‍കാനും എടുത്ത തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നതു പോലെ എളുപ്പമാവില്ലെന്ന് വിലയിരുത്തല്‍.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗവുമായി യോജിച്ചു നീങ്ങാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. മഹ്മൂദ് അബ്ബാസ് മുന്നോട്ടുവച്ച സുപ്രധാന ആവശ്യങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നതായും ഇതിന്റെ ഭാഗമായി തങ്ങള്‍ രൂപീകരിച്ച ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ടതായും ഹമാസ് പ്രഖ്യാപിക്കുകയും ചെയ്തു.

ഒരാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടികളില്ല

ഒരാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടികളില്ല

ഹമാസിന്റെ ഈ തീരുമാനത്തിനു ശേഷം ഒരാഴ്ച പിന്നിട്ടെങ്കിലും ഇക്കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഇരുവിഭാഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പരസ്പരമുള്ള ശത്രുതയും സംശയ മനോഭാവവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല 24 മണിക്കൂറിനകം ഗസ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അതും നടന്നില്ല. അടുത്തയാഴ്ച സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

ഗസ കമ്മിറ്റി ഉണ്ടാക്കിയതു തന്നെ പിരിച്ചുവിടാന്‍

ഗസ കമ്മിറ്റി ഉണ്ടാക്കിയതു തന്നെ പിരിച്ചുവിടാന്‍

ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിട്ട നടപടി ഒരു വിലപേശല്‍ തന്ത്രമായിരുന്നുവെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കമ്മിറ്റി പിരിച്ചുവിട്ടതില്‍ വലിയ കാര്യമില്ലെന്നും ഇതല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗസയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഹമാസിന് സാധിക്കുമെന്നും നബ്‌ലുസ് യൂനിവേഴ്‌സിറ്റിയിലെ രാഷ്ട്രീയകാര്യ വിദഗ്ധന്‍ അബ്ദുസ്സത്താര്‍ ഖാസിം പറയുന്നു.

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ ഗസയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് ഗസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിലപേശലിനുള്ള ഒരായുധമായി ഇതിനെ ഉപയോഗിക്കുകയായിരുന്നു ഹമാസിന്റെ തന്ത്രം.

ഇപ്പോള്‍ പന്ത് ഫഹ്തിന്റെ കളത്തില്‍

ഇപ്പോള്‍ പന്ത് ഫഹ്തിന്റെ കളത്തില്‍

ഗസ കമ്മിറ്റി പിരിച്ചുവിടുന്നതിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ള ഉത്തരവാദിത്തം ഫത്ഹിന്റെയും മഹ്മൂദ് അബ്ബാസിന്റെയും ചുമലില്‍ കെട്ടിവയ്ക്കാന്‍ സാധിച്ചുവെന്നതാണ് ഹമാസിന്റെ വിജയം. പുതിയ സാഹചര്യത്തില്‍ ഗസയ്‌ക്കെതിരായ നടപടികള്‍ പിന്‍വലിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ഫത്ഹ് സര്‍ക്കാര്‍ നിര്‍ബന്ധിതമാവും. ഇക്കാര്യം ഹമാസ് നേതാക്കള്‍ തുറന്നുപറയുകയും ചെയ്തു. എന്നാല്‍ കമ്മിറ്റി പിരിച്ചുവിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഗസയ്‌ക്കെതിരായ നടപടികളില്‍ കാര്യമായ ഇളവ് വരുത്തിയതിന്റെ സൂചനകളില്ല. 2014ലായിരുന്നു ഹമാസ്-ഫത്ഹ് ഐക്യ സര്‍ക്കാര്‍ രൂപീകരണത്തിന് ഇതിനു മുമ്പ് ശ്രമങ്ങള്‍ നടന്നത്. എന്നാല്‍ പലകാരണങ്ങളാല്‍ അത് നടന്നില്ല.

ഗസ ഭരണമില്ലെങ്കില്‍ ഹമാസില്ല

ഗസ ഭരണമില്ലെങ്കില്‍ ഹമാസില്ല

2007 മുതല്‍ ഗസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലാണ്. 2006ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹമാസിനുണ്ടായ അപ്രതീക്ഷിത വിജയം മഹ്മൂദ് അബ്ബാസ് അംഗീകരിക്കാതിരുന്നതോടെ ഫത്ഹ് സൈനികരെ പുറത്താക്കി ഹമാസ് ഗസയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ഗസയുടെ സാമ്പത്തിക കാര്യങ്ങള്‍, സുരക്ഷാ കാര്യങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത് ഹമാസാണ്.

'ഗസയിലെ ഭരണം പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ഹമാസിനോടുള്ള ഫത്ഹിന്റെ ആവശ്യം. എന്നാല്‍ അതോടെ സൈനിക പ്രസ്ഥാനമെന്ന നിലയില്‍ ഹമാസ് എന്ന സംഘടന ഇല്ലാതാവുകയാവും ഫലമെന്ന് ഫലസ്തീന്‍ സാമൂഹ്യ നിരീക്ഷകനായ ബിലാല്‍ ശബ്കി പറയുന്നു.

പുതിയ തീരുമാനപ്രകാരം ഫത്ഹ് സര്‍ക്കാര്‍ ഗസയുടെ ഭരണമേറ്റെടുത്താലും സുരക്ഷാ കാര്യങ്ങള്‍ ഹമാസിന്റെ കൈകളിലായിരിക്കും എന്നതാണ് വാസ്തവം. ഇത് അംഗീകരിക്കാന്‍ മഹ്മദൂദ് അബ്ബാസ് തയ്യാറാവുകയുമില്ല. ഐക്യസര്‍ക്കാര്‍ എന്ന സാധ്യത മങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇസ്രായേലിനും അമേരിക്കക്കും താല്‍പര്യമില്ല

ഇസ്രായേലിനും അമേരിക്കക്കും താല്‍പര്യമില്ല

അതിലെല്ലാമുപരി ഫലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപപ്പെടുന്നതില്‍ ഇസ്രായേലിനും അമേരിക്കക്കും താല്‍പര്യമില്ലെന്നതാണ് ഇതിലെ പ്രധാനകാര്യം. കാരണം അത് ഫലസ്തീനികളുയെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കും. എന്നു മാത്രമല്ല, ഫലസ്തീന്‍ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാവും ഇതിന്റെ അന്തിമഫലം. അക്കാര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കും അശേഷം താല്‍പര്യമില്ല. മഹ്മൂദ് അബ്ബാസ് പരാജയപ്പെടുകയാണെങ്കില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ പറ്റുന്ന വിജയസാധ്യതയുള്ള ഒരു നേതാവ് വേറെയില്ലെന്നതാണ് കാരണം. നിലവിലെ മഹ്മൂദ് അബ്ബാസ് സര്‍ക്കാരിന്റെ കാലാവധി 2009ല്‍ അവസാനിച്ചിട്ടും പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവാത്തത് ഈ പശ്ചാത്തലത്തിലാണ്.

2007ല്‍ അമേരിക്ക മുന്‍കൈയെടുത്ത് നടത്തിയ തെരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിതമായി ഹമാസ് വിജയം വരിച്ചത്. ഇതിനു ശേഷം ഫലസ്തീനിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അമേരിക്കയും ഇസ്രായേലും വലിയ താല്‍പര്യം കാണിക്കാറില്ല. എന്നുമാത്രമല്ല, അതിനുള്ള ശ്രമങ്ങളെ പരമാവധി പരാജയപ്പെടുത്തുകയാണ് പതിവ്. ഇത്തവണത്തെ ഐക്യസര്‍ക്കാര്‍ രൂപീകരണം സാധ്യമാവണമെങ്കില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരായ നിലപാടെടുക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാവേണ്ടിവരും.


English summary
The latest episode of the Hamas-Fatah reconciliation saga is by no means a step closer to a unified government and an end to a 10-year political schism, analysts say. On Sunday, Hamas pledged to dissolve its administrative committee which runs the Gaza Strip and expressed its willingness to hold general elections in a bid to reconcile with its rival Fatah political party in the occupied West Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X