'വെടിനിർത്തലിന് പുടിൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ട്രംപിനോട് അത് പറയാൻ പേടി'; ആഞ്ഞടിച്ച് സെലൻസ്‌കി
കീവ്: യുക്രൈൻ-റഷ്യ യുദ്ധത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവേ പുടിനെതിരെ ആഞ്ഞടിച്ച് സെലൻസ്‌കി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെടിനിർത്തൽ നിർദ്ദേശം നിരസിക്കാൻ തയ്യാറെടുക്കുകയാണെന്നും എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേരിട്ട് ഇക്കാര്യം പറയാൻ ഭയപ്പെടുന്നുണ്ടെന്നുമാണ് സെലൻസ്‌കി ആരോപിക്കുന്നത്.
റഷ്യ വെടിനിർത്തൽ വൈകിപ്പിക്കുന്നതിനോ അല്ലെങ്കിൽ അത് സംഭവിക്കാതിരിക്കുന്നതിനോ വേണ്ടിയാണ് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതെന്ന് സെലൻസ്‌കി പറഞ്ഞു. 'പ്രസിഡന്റ് ട്രംപിനോട് യുദ്ധം തുടരാൻ താൻ ആഗ്രഹിക്കുന്നുവെന്നും യുക്രൈൻകാരെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും പറയാൻ പുടിന് തീർച്ചയായും ഭയമുണ്ട്, അദ്ദേഹം ഇപ്പോൾ നിരസിക്കലിന് തയ്യാറെടുക്കുകയാണ്' സെലൻസ്‌കി പറയുന്നു.

പുടിൻ യുദ്ധം നിർത്താൻ ആഗ്രഹിക്കാത്തതിനാലാണ് വെടിനിർത്തൽ നിർദ്ദേശത്തിന് വ്യവസ്ഥകൾ വെച്ചിരിക്കുന്നതെന്നും അതിനാൽ ഒന്നും സംഭവിക്കരുതെന്നും അല്ലെങ്കിൽ കഴിയുന്നത്ര കാലം അത് സംഭവിക്കാൻ പാടില്ലെന്നുമാണ് പുടിൻ ആഗ്രഹിക്കുന്നതെന്നും സെലൻസ്‌കി ആരോപിച്ചു. വെടിനിർത്തൽ കരാറിലെ റഷ്യൻ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് യുക്രൈൻ പ്രസിഡന്റിന്റെ വിമർശനം.
വെടിനിർത്തലിന്റെ നിയന്ത്രണവും സാധുതയും പരിശോധിക്കാൻ യുഎസ് സന്നദ്ധത പ്രകടിപ്പിച്ചതായി സെലൻസ്‌കി പറഞ്ഞു. അമേരിക്കയുടെയും യൂറോപ്പിന്റെയും സാധ്യതകൾ ഉപയോഗിച്ച് ഇത് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന് ഫലമായി വന്ന ഒട്ടേറെ ചോദ്യങ്ങളുടെ ഉത്തരം കിട്ടാൻ വെടിനിർത്തൽ കാലയളവ് സഹായിക്കുമെന്നും പ്രസിഡന്റ് എടുത്തുപറഞ്ഞു.
യുഎസ് നിർദ്ദേശത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുവെന്ന് പുടിൻ പറഞ്ഞിരുന്നു. എന്നാൽ നിരവധി വിശദീകരണങ്ങളും വ്യവസ്ഥകളും അദ്ദേഹം ആരാഞ്ഞിട്ടുണ്ട്. കരാറിൽ സമവായത്തിലെത്തുന്നതിന് മുമ്പ് ഒന്നിലധികം വിശദാംശങ്ങൾ അറിയേണ്ടതുണ്ടെന്നും അവ സംഘർഷത്തിന്റെ മൂലകാരണങ്ങൾ അഭിസംബോധന ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷം പിന്നിട്ടിരിക്കുകയാണ് യുക്രൈൻ-റഷ്യ യുദ്ധം. 2022 ഫെബ്രുവരിയിൽ ആരംഭിച്ചതിനുശേഷം റഷ്യ-യുക്രൈൻ യുദ്ധം ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ളുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ പലായനത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു. ഏറ്റവും ഒടുവിൽ പുടിൻ നടത്തിയ പരമാർശങ്ങൾ പെട്ടെന്നുള്ള സംഘർഷ ലഘൂകരണത്തിനെ പിന്തുണയ്ക്കുന്നതല്ല എന്നാണ് വിലയിരുത്തൽ.
ഇത്രയൊക്കെ ആണെങ്കിലും വെടിനിർത്തലിനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങൾക്ക് പുടിൻ ട്രംപിന് നന്ദി പറഞ്ഞു. റഷ്യൻ പ്രസിഡന്റിന്റെ അഭിപ്രായങ്ങളെ വളരെ പ്രതീക്ഷ നൽകുന്നതാണ് എന്ന് വിശേഷിപ്പിച്ച ട്രംപ് അവർ ശരിയായ കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 30 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള ശ്രമങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.
സൗദി അറേബ്യയിൽ യുഎസ് മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഗുരുതരം സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ കരാറിനെ പാടെ തള്ളിക്കളയാൻ റഷ്യ തയ്യാറാവില്ലെന്ന് ഉറപ്പാണ്.












Click it and Unblock the Notifications