ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും പ്രതി ചേര്‍ത്തേക്കും
കരിവെള്ളൂര്‍: കരിവെള്ളൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലിസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് കുറ്റാരോപിതനായ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റു ചെയ്യാനായി പയ്യന്നൂര്‍ പൊലിസ് ഒരുങ്ങുന്നത്.
ഭര്‍തൃഗൃഹത്തില്‍ സ്വയംജീവനൊടുക്കിയ സൂര്യയെന്ന യുവതി ബാക്കി വെച്ച ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നടത്തിയ അതിക്രൂരമായ പീഡനത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.

സൂര്യ തന്റെ അനുജത്തിക്ക് അയച്ച വോയ്സ് മെസേജുകളും വാട്സ് ആപ്പ് സന്ദേശങ്ങളുമാണ് സ്മാര്‍ട്ട് ഫോണില്‍ നിന്നും അന്വേഷണ സംഘം സൈബര്‍ പൊലീസിന്റെ സഹായത്തോടെ പുറത്തെടുത്തത്. ഇതോടെ കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ക്കാന്‍ പൊലീസ് നിയമ ഉപദേശം തേടിയിട്ടുണ്ട്.
ഇവരെ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധന നടത്തിയതോടെയാണ് ഇവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചത്. ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റെയും സുഗതയുടെയും മകള്‍ കെ.പി സൂര്യയെയാ(24)ണ് സെപ്തംബര്‍ മൂന്നിന് ഉച്ചയോടെ ഭര്‍തൃഗൃഹത്തിലെ ഏണിപ്പടിക്കുസമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂര്യയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ ശാരീരികവും മാനസികവുമായ പീഡനമാണെന്ന് കാണിച്ചു സൂര്യയുടെ ഇളയച്ഛന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ മഹേഷ് കെ. നായരുടെ നേതൃത്വത്തില്‍ നടത്തിവന്ന അന്വേഷണത്തിലാണ് ഭര്‍ത്താവും ഭര്‍തൃമാതാവും യുവതിയെ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചതായി കണ്ടെത്തിയത്.
ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
മെഡിക്കല്‍ റെപ്പായ കരിവെള്ളൂര്‍ കൂക്കാനത്തെ തൈവളപ്പില്‍ രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021-ജനുവരി ഒന്‍പതിനാണ് നടന്നത്. ഇതില്‍ ഒന്‍പതുമാസം പ്രായമുള്ള കുട്ടിയുണ്ട്. വീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവെയാണ് സൂര്യയെ ഈ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൂര്യയുടെ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും എന്നാല്‍ അതെല്ലാം പറഞ്ഞുതീര്‍ത്തിരുന്നുവെന്നും യുവതിയുടെ വീട്ടുകാര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂര്യയെ സ്വന്തം വീട്ടിലേക്ക് വിടുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ തടസം നിന്നിരുന്നതായും സൂര്യയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഭര്‍തൃഗൃഹത്തില്‍നിന്നും ഭക്ഷണംപോലും നല്‍കാതെ തന്നെ പീഡിപ്പിച്ചുവെന്നാണ് സൂര്യ അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളിലുള്ളത്.












Click it and Unblock the Notifications