പി ജയരാജന് നീതി നിഷേധിച്ചത് സ്വന്തം പാര്‍ട്ടി തന്നെയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: തനിക്കെതിരായ വധശ്രമകേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചതില്‍ നീതിനിഷേധം പറയുന്ന സിപിഎം നേതാവ് പി ജയരാജന് യഥാര്‍ത്ഥത്തില്‍ നീതി നിഷേധിച്ചത് സിപിഎം നേതൃത്വമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. 1999 ല്‍ ജയരാജനെ തിരുവോണ ദിവസം വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് സിപിഎം നേതാക്കളും പ്രവര്‍ത്തകരും പറയുന്ന ഒകെ വാസുവിനേയും അശോകനേയും പിന്നീട് സിപിഎമ്മില്‍ സ്വീകരിച്ച് കൊണ്ടു നടക്കുന്ന സ്വന്തം പാര്‍ട്ടി നേതൃത്വത്തോടാണ് ജയരാജന്‍ നീതിനിഷേധത്തെ കുറിച്ച് പറയേണ്ടത്.
ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സിപിഎം ഭരണത്തിലുള്ളപ്പോള്‍ ജയരാജനെതിരായ കേസിലെ നടപടിക്രമങ്ങള്‍ ദുര്‍ബലമായതിനു പിന്നില്‍ സിപിഎം നേതൃത്വവും, ആര്‍എസ്എസും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആര്‍ക്കാണറിയാത്തത്. കെടി ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ അപ്പീലിനു പോകാതിരുന്ന ബിജെപി നടപടിയും ഇതേ ഒത്തുകളിയുടെ ഭാഗമായിരുന്നു.

1999 ഓഗസ്റ്റ് 25 തിരുവോണ ദിവസമായിരുന്നു പി ജയരാജന്‍ ആക്രമിക്കപ്പെടുന്നത്. അന്ന് ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ഒകെ വാസു മാസ്റ്റര്‍. ജയരാജനെ ആക്രമിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം വാസുവായിരുന്നുവെന്ന് സിപിഎം നേതാക്കള്‍ തന്നെയാണ് അന്ന് ആരോപണമുന്നയിച്ചത്. ചൊക്ലിയിലെ മാമന്‍ വാസു ഉള്‍പ്പെടെ നിരവധി സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും ബിജെപി നേതൃനിരയിലുണ്ടായിരുന്ന ആളാണ് വാസു മാസ്റ്റര്‍.
അന്നത്തെ സിപിഎം-ബിജെപി അക്രമ പരമ്പരകളില്‍ ഒരുപാട് കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഒകെ വാസു മാസ്റ്ററെയും എ അശോകനും പോലെയുള്ള ആളുകളെ സിപിഎമ്മിനകത്ത് എടുത്തപ്പോള്‍ പാര്‍ട്ടിക്കകത്തും സിപിഎം രക്തസാക്ഷി കുടുംബങ്ങളില്‍ തന്നെയും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരുപാട് സിപിഎം കുടുംബങ്ങളെ അനാഥമാക്കിയ കാലത്ത് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത വാസു മാസ്റ്ററെയും അശോകനെയും 2014 ജനുവരി 28ന് പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പിണറായി വിജയന്‍ നേരിട്ട് എത്തിയാണ് ചുവപ്പു മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
അതിനുശേഷം സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബങ്ങളില്‍ രക്തസാക്ഷി ദിനാചരണത്തില്‍ പങ്കെടുക്കാന്‍ വാസു മാസ്റ്ററും കെ അശോകനും പോയപ്പോള്‍ രക്തസാക്ഷി കുടുംബങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. സിപിഎമ്മില്‍ പോയിട്ടും പൊയിലൂരിലെ കേളോത്ത് പവിത്രന്റെ രക്തസാക്ഷി കുടീരത്തില്‍ വാസു മാസ്റ്റര്‍ക്ക് പോകാന്‍ സാധിക്കാറില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരേ പരസ്യമായി പ്രതികരിക്കാന്‍ ഭയക്കുന്ന ജയരാജന്‍ തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നു പറയുമ്പോള്‍ അത് ഒരു പാട് സിപിഎം രക്തസാക്ഷി കുടുംബങ്ങളുടെ കൂടി വികാര പ്രകടനമാണ്.
വാസുവിനെ പോലുള്ളവരെ കൂടെ നിര്‍ത്തുന്ന സിപിഎം നേതൃത്വത്തോട് ഈ നീതിനിഷേധത്തെ കുറിച്ച് പറയാന്‍ ജയരാജന് ആര്‍ജ്ജവമുണ്ടോ? ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടതിനു പിന്നില്‍ നടന്ന സിപിഎം-ബിജെപി ഒത്തുകളിയെ കുറിച്ചാണ് ജയരാജന്‍ പ്രതികരിക്കേണ്ടത് എന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.


Click it and Unblock the Notifications