ഒറ്റ ദിവസം നാലിടത്ത് തീപ്പിടിത്തം; വിശ്രമമില്ലാതെ അഗ്നിശമന സേന, ദുരന്ത ദിവസത്തില്‍ സംഭവിച്ചത്
കണ്ണൂര്‍: ഒരു ദിവസം കണ്ണൂര്‍ നഗരം തീയിന്മേല്‍ കളിച്ച ദിവസമായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നാലിടത്താണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ സംഭവിച്ചത്. ദേശീയപാതയില്‍ പൊടിക്കുണ്ടിനു സമീപം ഓടുന്ന ബസിനും ദേശീയപാത താഴെചൊവ്വയില്‍ ഫാസ്റ്റ് ഫുഡ് കടയ്ക്കും തയ്യിലില്‍ വീടിനുമാണു തീപിടിച്ചത്. നാട്ടുകാരുടെയും അഗ്‌നിരക്ഷാ സേനയുടെയും സന്ദര്‍ഭോചിത ഇടപെടലില്‍ വന്‍ദുരന്തം ഒഴിവാക്കാനായി. അങ്ങു മിങ്ങും തൊടാതെ വിശ്രമമില്ലാതെ പണിയിലായിരുന്നു ആഗ്നിശമന സേന.ദേശീയപാതയില്‍ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനായിരുന്നു കഴിഞ്ഞ ദിവസം ആദ്യമായി തീപിടിത്തമുണ്ടായത്. സെന്‍ട്രല്‍ ജയിലിനു സമീപത്തായിരുന്നു കത്തിനശിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല. ചെറുകുന്നില്‍ നിന്നു കണ്ണൂരിലേക്കുള്ള 'മായാസ്' ബസ് ആണ് രാവിലെ 9.40നു കത്തി നശിച്ചത്. എന്‍ജിനില്‍ നിന്നു തീപ്പൊരിയും പുകയും ഉയരുന്നതു ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍, ബസ് നിര്‍ത്തുകയും യാത്രക്കാരോട് ഇറങ്ങിയോടാന്‍ പറയുകയും ചെയ്തത് വന്‍ ദുരന്തം ഒഴിവാക്കി. മിനിറ്റുകള്‍ക്കകം ബസിന്റെ എന്‍ജിന്‍ ഭാഗത്തു തീ പടര്‍ന്നുവെങ്കിലും ഇന്ധന ടാങ്കിനു തീപിടിക്കാതിരുന്നതു വന്‍ ദുരന്തമൊഴിവാക്കി. അന്‍പതിലധികം യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കാന്‍ ബസ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും സാധിച്ചു. യാത്രക്കാരെല്ലാം പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം പൂര്‍ണമായി തീ പടരുകയും ബസ് പൂര്‍ണമായും കത്തുകയായിരുന്നു. അഗ്‌നിരക്ഷാസേന ഒരു മണിക്കൂര്‍ ശ്രമിച്ചു തീയണച്ചപ്പോഴേക്കും ബസ് ഏതാണ്ടു പൂര്‍ണമായി തന്നെ കത്തി നശിച്ചിരുന്നു. ഇന്ധന ടാങ്കിലേക്കു തീപടരാതെ നോക്കാന്‍ അഗ്‌നിരക്ഷാസേനയ്ക്കു സാധിച്ചിരുന്നു.

ബസ് പൂര്‍ണമായി അഗ്‌നിക്കിരയായ ആകസ്മികമായ അപകടത്തിനാണു പൊടിക്കുണ്ട് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നാടിനെ നടുക്കിയ ദുരന്ത കാഴ്ചയില്‍ ആളപായം ഇല്ല എന്നതാണ് ഏറെ ആശ്വാസം. അന്‍പതിലേറെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുകയായിരുന്ന മായാസ് ബസില്‍ പുക ഉയരുന്ന ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ റോഡരികില്‍ ബസ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ മിനിറ്റുകള്‍ക്കകമാണു തീ ബസിലാകെ വ്യാപിച്ചത്. അപ്പോഴേക്കും ജീവനക്കാരുടെ നിര്‍ദേശ പ്രകാരം യാത്രക്കാര്‍ ഇറങ്ങി രക്ഷപ്പെട്ടിരുന്നു.
സീറ്റുകളില്‍ ഇരിക്കാവുന്ന അത്രയും യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ആളുകള്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാന്‍ അതു സഹായകമായി. ആളുകള്‍ പുറത്തിറങ്ങുമ്പോഴേക്കും പുക തീയായി വ്യാപിച്ചിരുന്നു. മിനിറ്റുകള്‍ക്കകം അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഒരു മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാനായി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ടായിരുന്നു. താഴ് ഭാഗത്തും ടയറുകള്‍ക്കും മാത്രമാണു തീ വ്യാപിക്കാതിരുന്നത്.ഷാര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ആദ്യ അന്വേഷണത്തില്‍ വ്യക്തമായിരുന്നതായി പൊലീസു അറിയിച്ചു.
ഇതിന് പിന്നാലെയാണ് ദേശീയപാതയില്‍ താഴെചൊവ്വ ടൗണിലെ എഎഫ്‌സി ഫാസ്റ്റ് ഫുഡ് കടയുടെ മുകളിലത്തെ നിലയില്‍ ഉച്ചക്ക് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്. കട ഭാഗികമായി കത്തി നശിച്ചു. കണ്ണൂരില്‍ നിന്ന് 2 യൂണിറ്റ് അഗ്‌നിരക്ഷാസേനയെത്തിയാണു തീയണച്ചത്. സമീപത്തെ കടകളിലേക്കു തീ പടരാതിരുന്നത് ആശ്വാസമായി. അടുപ്പില്‍ നിന്നു തീ പിടിച്ചതായാണ് അഗ്‌നിരക്ഷാസേനയുടെ നിഗമനം. തൊട്ടുപിന്നാലെ കണ്ണൂര്‍ സിറ്റി തയ്യിലില്‍ സാന്‍ഡ്രാ നിവാസ് ഷാലറ്റ് ജോസിന്റെ ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിക്കാണു തീ പിടിച്ചത്. മുറിയിലെ കട്ടില്‍ അടക്കം ഫര്‍ണിച്ചറെല്ലാം കത്തി നശിച്ചു. ചുമര്‍ വിണ്ടു കീറി. ഇലക്ട്രിക് വയറിങ് മുഴുവന്‍ കത്തി നശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണു തീയണച്ചത്. രാവിലെ വീടിന്റെ മുകളില്‍ നിന്നു പുക ഉയരുന്നതു കണ്ടു വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. സമീപവാസികളും ഓടിയെത്തി തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്.
പിന്നീട് സംഭവിച്ചത് നഗരത്തില്‍ നിന്ന് മാറി കല്ല്യാശേരിയിലാണ്. കൊപ്ര ഡ്രയറില്‍ തീപിടിച്ചത്. കെട്ടിടവും 20 ക്വിന്റലില്‍ അധികം കൊപ്രയും പൂര്‍ണമായി കത്തി നശിച്ചു. കല്യാശ്ശേരി ബംഗാള്‍ റോഡിനു സമീപം പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഉണക്കുന്ന കെട്ടിടത്തിനാണു തീപിടിച്ചത്. ഉച്ചകഴിഞ്ഞ് 2.30നാണു സംഭവം. രണ്ടര ലക്ഷത്തിലേറെ നാശനഷ്ടം കണക്കാക്കുന്നു. അഞ്ചാംപീടികയില്‍ ഓയില്‍മില്‍ നടത്തുന്ന സി.ബല്‍രാജിന്റെ വീടിനു സമീപത്തെ കെട്ടിടത്തിലെ ഡ്രയര്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications