അന്യമതത്തിൽ പെട്ട പെൺകുട്ടിയെ ബൈക്കിൽ കയറ്റി യാത്ര ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പോലീസിന്റെ സദാചാര പോലീസിങ്
കാസർകോഡ്: വ്യത്യസ്ത മതത്തിൽപ്പെട്ട യുവതിയും യുവാവും ബൈക്കിൽ യാത്ര ചെയ്തതിന് യുവാവിനെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് ചുമത്തിയാണ് 23 കാരനായ ലക്ഷദ്വീപ് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തത്. അതേസമയം കേസിൽ യുവാവിന് കാസർകോഡ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കഴിഞ്ഞ സപ്റ്റംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് യുവാവ്. 17 കാരിയായ പെൺകുട്ടി ഇവിടെ നഴ്സിങ്ങിന് പഠിക്കുകയാണ്. ഓണാഘോഷം കഴിഞ്ഞ ആശുപത്രി ജീവനക്കാരുടെ മുന്നിൽ വെച്ചാണ് പെൺകുട്ടി ആവശ്യപ്പെട്ട് പ്രകാരം ഇരുവരും ബൈക്കിൽ നഗരം ചുറ്റാൻ ഇറങ്ങിയത്. രാത്രി 12.45 ന് പോയി രണ്ടരയോടെയാണ് തിരികെ എത്തിയത്.

സംഭവത്തിൽ യുവാവിനെതിരെ പരാതി കൊടുക്കാൻ ചില സംഘപരിവാർ സംഘടനകൾ പെൺകുട്ടിയുടെ വീട്ടുകാരെ നിർബന്ധിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ ഇതിന് തയ്യാറായില്ല. ആശുപത്രി അധികൃതർക്ക് മേലും സമ്മർദ്ദം ചെലുത്തിയെങ്കിലും അവരും യാതൊരു നടപടിക്കും തയ്യാറായിരുന്നില്ല. ഇതോടെയാണ് യുവാവിനെതിരെ കാസർകോഡ് വനിത പോലീസ് സ്വമേധയാ കേസെടുത്തത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തി.
പോലീസ് പെൺകുട്ടിയുടെ മൊഴി നിരവധി തവണ എടുക്കുകയും ചെയ്തു. ഇതോടെ യുവാവ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 23 ന് കോടതി കേസ് പരിഗണിച്ചപ്പോൾ യുവാവിന് ജാമ്യം കൊടുക്കരുതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യം അനുവദിച്ചാൽ അത് സമുദായിക സംഘർഷത്തിലേക്ക് നയിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇത് തള്ളിയ കോടതി യുവാവിന് ജാമ്യം അനുവദിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനും മൊഴി നൽകാൻ എത്തിയെങ്കിലും ഇരുവരേയും കേൾകേണ്ട ആവശ്യം ഇല്ലെന്നും കോടതി പറഞ്ഞു.
ഒരു വ്യക്തിയെ എവിടേക്കെങ്കിലും കൊണ്ടുപോകുന്നത് കുറ്റമല്ലെന്നും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ കൊണ്ടുപോകുന്നത് മാത്രമാണ് തെറ്റെന്നും കോടതി വ്യക്തമാക്കി. യുവാവിൽ നിന്ന് രണ്ട് ദിവസങ്ങളിലായി ഒരുദിവസം മാത്രമേ മൊഴിയെടുക്കാവൂ എന്നും കോടതി നിർദ്ദേശിച്ചു. അതേസമയം കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് യുവാവ്. ഇനിയും പോലീസ് തന്നെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പ്രതീക്ഷയെന്നും എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.












Click it and Unblock the Notifications