
എയും ഐയും വേണ്ട, വേണ്ടത് യുനൈറ്റഡ് കോൺഗ്രസ്; കേരളത്തിൽ പ്രസംഗിക്കാൻ പറഞ്ഞത് സതീശനെന്നും തരൂർ
തിരുവവന്തപുരം: കേരളത്തിലെ മുഴുവൻ പരിപാടികളിലും പങ്കെടുക്കാൻ തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. ഡി സി സിയെ അറിയിച്ച ശേഷമാണ് പരിപാടിയിൽ പങ്കെടുത്തത്. എന്തിനാണ് വിവാദമെന്ന് മനസിലാകുന്നില്ല. തനിക്ക് ആരോടും ശത്രുതയില്ല. കോൺഗ്രസിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പുമല്ല വേണ്ടത്, യുനൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. ആരാണ് വിളിച്ചത്, എപ്പോൾ വിളിച്ചു, ഫോൺ കോൾ, ഡേറ്റ് ഇവയെല്ലാം തന്നെ ഞങ്ങളുടെ അടുത്ത് ഉണ്ട്.പിന്നെ ഇവിടുത്തെ വിഷയത്തിൽ ഒരു സംഘടന ഒരു പരിപാടി നടത്തുമ്പോൾ അവരാണ് ആദ്യം പറയേണ്ടത്. ഇനി എ ഐ സി സിക്ക് പരാതി നൽകാനാണ് നീക്കമെങ്കിൽ മറുപടി കൊടുക്കാൻ തനിക്ക് അറിയാം', തരൂർ പറഞ്ഞു.

വിഭാഗീയതയുടെ ഭാഗമാണോയെന്ന ചോദ്യത്തിന് തന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കൽ പോലും ഒരു ഗ്രൂപ്പിന്റേയും ഭാഗമായിട്ടില്ലെന്ന് തരൂർ പറഞ്ഞു. കോൺഗ്രസിൽ വിഭാഗീയത ഉണ്ടെന്ന ലീഗ് വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് വിഭാഗീയത ഉണ്ടാകരുതെന്ന് താനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് തരൂർ നൽകിയ മറുപടി. എയും ഐയും ഒക്കെ നമ്മുക്ക് ഇനി വേണ്ട, ഇനി വേണ്ടത് യു (യുനൈറ്റഡ്) ആണ്, ഞാൻ ഒരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല, ഒരു ഗ്രൂപ്പിലും പോകാനും പോണില്ല', തരൂർ പറഞ്ഞു.
യുഡിഎഫിന് 'കുരുക്ക്' ആവുമോ: എംഎല്‍എമാരുടെ അസാധാരണ യോഗം വിളിച്ച് ചേർത്ത് മുസ്ലീം ലീഗ്

'വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത് എന്തിനാണ് വിവാദമാക്കുന്നതെന്ന് മനസിലാകുന്നില്ല. ഈ 14 വർഷവും പാർട്ടി പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഞാൻ പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകളിൽ പ്രചരണം നടത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ നിങ്ങൾ കേരളം മുഴുവൻ പോയി പ്രസംഗിക്കണമെന്നും കോൺഗ്രസിന്റെ സന്ദേശം എത്തിക്കണമെന്നും പറഞ്ഞിട്ടുണ്ട്.സതീശന്‍ ഇക്കാര്യം മൂന്നുതവണ തന്നോട് ആവശ്യപ്പെട്ടു. എന്നിട്ട് എന്തിനാണ് ഇപ്പോൾ വിവാദം എന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്കൊരു ശത്രുവുമില്ല, തരൂർ പറഞ്ഞു.

അതേസമയം തരൂരിന്റെ പരിപാടികളുടെ പേരിൽ കോൺഗ്രസിൽ നടക്കുന്ന പരസ്യ വിമർശനങ്ങളിൽ മുസ്ലീം ലീഗ് ഇന്ന് കടുത്ത അതൃപ്തി രേഖപ്പെടുത്തി.തരൂര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത് അലോസരപ്പെടുത്തുന്നെന്നാണ് ഇന്ന് ചേർന്ന ലീഗ് യോഗത്തിൽ നേതാക്കൾ പ്രതികരിച്ചത്.തരൂരിന്റെ പരിപാടികളെ ചൊല്ലി കോൺഗ്രസിൽ വിഭാഗീയത ഉണ്ടാകുന്നത് യു ഡി എഫിനെ ആകെ ക്ഷീണിപ്പിക്കുന്നുണ്ടെന്നാണ് ലീഗ് നിലപാട്.
ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി 16 സീറ്റുകള്‍; പതിയെ കയറി കോണ്‍ഗ്രസ്...

തരൂർ വിഷയത്തിൽ വിവാദങ്ങൾ അവസാനിച്ചെന്ന് കരുതിയതാണ്. എന്നാൽ കോട്ടയത്ത് വീണ്ടും വിവാദങ്ങള്‍ തുടരുകയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഭരണം ലഭിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് തന്നെ ഇല്ലാതാക്കുമെന്ന അഭിപ്രായവും നേതാക്കൾ പങ്കിട്ടു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തന്നെ കൈക്കൊള്ളണമെന്നും ഇല്ലെങ്കിൽ ലീഗ് വിഷയത്തിൽ ഇടപെടുമെന്നുമാണ് നേതാക്കൾ യോഗത്തിൽ ഉയർത്തിയ ആവശ്യം.

ശശി തരൂരിന്റെ മലബാർ സന്ദർശന സമയത്ത് വിവാദം ഉയർന്നപ്പോൾ തരൂരിനെ പിന്തുണയ്ക്കുന്നതായിരുന്നു ലീഗിന്റെ നിലപാട്. മുസ്ലീം ലീഗ് നേതൃത്വവുമായി അന്ന് തരൂർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം തെക്കൻ പര്യടനത്തിൽ തരൂർ സജീവമാകുമ്പോൾ ഇപ്പോൾ വീണ്ടും ഉയർന്ന വിവാദങ്ങളിൽ ലീഗ് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇനി കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണങ്ങളാണ് ഉറ്റുനോക്കപ്പെടുന്നത്.
കോൺഗ്രസ് കണക്ക് കൂട്ടലുകൾ തെറ്റിച്ച് 'ആപ്', ഗോത്രമേഖലയിൽ വിയർക്കും?; നേട്ടം കൊയ്യുമെന്ന് ബിജെപി