'അദ്ദേഹം എവിടേക്കും ഒളിച്ചോടിയിട്ടില്ല, അപ്പോൾ തന്നെ പ്രതികരിച്ചു'; ഫുൾ സപ്പോർട്ട് നിവിൻ പോളിക്കെന്ന് ബാല
കൊച്ചി: പ്രമുഖ യുവതാരം നിവിൻ പോളിക്ക് എതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരിച്ച് ബാല. സംഭവത്തിൽ നിവിൻ പോളിക്ക് പൂർണ പിന്തുണ നൽകുന്നതായി ബാല പറഞ്ഞു. ഇത്തരമൊരു ആരോപണം വന്നപ്പോൾ ഒളിച്ചോടാൻ അദ്ദേഹം തയ്യാറായില്ലെന്നും ധൈര്യപൂർവം അതിനെ നേരിട്ടുവെന്നും അതിനാലാണ് താൻ ഒപ്പം നിൽക്കുന്നതെന്നും ബാല പ്രതികരിച്ചു. ഇന്നലെയാണ് നിവിൻ പോളിക്ക് എതിരെ ഗുരുതര ആരോപണം ഉയർന്നത്.
'രണ്ടേ രണ്ട് പോയിന്റ് മാത്രമേ ഇക്കാര്യത്തിൽ പറയാനുള്ളൂ. എന്റെ ഫുൾ സപ്പോർട്ട് നിവിൻ പോളിക്ക് ഉണ്ടാവും. കാരണം അദ്ദേഹം ധൈര്യപൂർവം അപ്പോൾ തന്നെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി നിങ്ങളുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മനസിൽ ധൈര്യമുണ്ട്, സത്യവുമുണ്ട്. അതുകൊണ്ട് അത് നേരിടാൻ നേരിട്ട് വന്നു.' ബാല ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു.

'അതാണ് ചെയ്യേണ്ടത്, നമ്മൾ തെറ്റ് ചെയ്‌തില്ലെങ്കിൽ നേരിട്ട് വരണം. അത് നിവിൻ ചെയ്‌തത് ഏറ്റവും നല്ല ഉദാഹരണമാണ്. രണ്ടാമത്തെ കാര്യം ഞാൻ പറഞ്ഞാൽ ഇപ്പൊ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും തീരും. എന്താണ് ആരോപണം. ആണായാലും പെണ്ണായാലും ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ്? അത് തെളിയിക്കേണ്ടത് ആരോപണം ഉന്നയിച്ചവരുടെ കടമയാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ തെറ്റ് ആർക്ക്? ആരോപണം ഉന്നയിച്ചവർക്ക്' ബാല പറഞ്ഞു.
'അതുകൊണ്ടാണ് മിക്കവാറും അഭിമുഖങ്ങളിൽ അറിയപ്പെടുന്ന വ്യക്തികൾ ആരും പലരുടെയും പേര് എടുത്ത് പറയാത്തത്. കാരണം തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്നത് ആയിപ്പോകും അത്. ബാല എന്ന് പറയുന്ന വ്യക്തി പേരെടുത്ത് പറഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല. അപ്പോൾ എനിക്ക് അത്ര ആത്മവിശ്വാസം ഉണ്ടാവും പേരെടുത്ത് പറയാൻ. ഇതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്' താരം പറയുന്നു.
'ഒരാൾ മറ്റൊരു വ്യക്തിക്ക് എതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ടത് അയാളുടെ കടമയാണ്. നിവിൻ പോളി ചെയ്‌തത് ശരിയായ കാര്യമാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നത്. ഇനി നിങ്ങൾ നോക്കിക്കോ എല്ലാ സംഭവ വികാസങ്ങളും മാറി മാറിയും' ബാല വ്യക്തമാക്കി.
'നിവിന്റെ കൂടെ ആരുമില്ലാതില്ല, ഞങ്ങളൊക്കെയില്ലേ. ഞങ്ങൾ എല്ലാവരും നിവിനൊപ്പം തന്നെയുണ്ട്. ലൈവിൽ നിവിൻ പറഞ്ഞൊരു വാക്കുണ്ട്. ഞാൻ എവിടെയും ഓടി പോയിട്ടില്ല. ഇത് എല്ലാവരും പഠിക്കേണ്ട പാഠമാണ്. അപ്പോൾ പിന്നെ ഓടി പോയ ആളുകളെ കുറിച്ച് നമുക്ക് സംസാരിക്കാം, നിങ്ങൾ തന്നെ അതിനെ കുറിച്ച് സംസാരിക്കൂ' ബാല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications