'ജയിപ്പിക്കണെ എന്റെ മുത്തിനെ': ഹൈബിക്ക് വേണ്ടി ധർമ്മജന്‍: കണ്ണൂരില്‍ സുധാകരന്‍ വേണമെന്നും ആവശ്യം
എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എല്‍ ഡി എഫ് പ്രചാരണം തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. ബി ജെ പിയും തങ്ങളുടെ 12 സീറ്റുകളില്‍ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. എന്നാല്‍ യു ഡി എഫില്‍ ഘടക കക്ഷികള്‍ മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയിരിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ നാളെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുന്നുണ്ട്. ഇതില്‍ കേരളത്തിലെ ഉള്‍പ്പെടെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ധ്യക്ഷനായ സമിതിയില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അംബിക സോണി, അധിര്‍ രജ്ഞന്‍ ചൗധരി എന്നിവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലുള്ളത്.

ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും കേരളത്തിലെ വയനാട്, കണ്ണൂർ മണ്ഡലങ്ങളില്‍ ഒഴികെ സിറ്റിങ് എംപിമാർ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. 13 മണ്ഡലങ്ങളിലേയും സിറ്റിങ് എംപിമാരുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ നിർദേശിച്ച് കഴിഞ്ഞു. ഒരു മണ്ഡലത്തിലും രാണ്ടാമതൊരു പേരില്ല.
സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതോടെ സിറ്റിങ് എംപിമാർ അനൌദ്യോഗിക പ്രചരണം ആരംഭിക്കുകയും ചെയ്തു. എംകെ രാഘവന്‍, കെ മുരളീധരന്‍, രമ്യ ഹരിദാസ്, ശശി തരൂർ, ആന്റോ ആന്റണി, വികെ ശ്രീകണ്ഠൻ തുടങ്ങിയ എല്ലാവരും യോഗങ്ങളുമൊക്കെ ആരംഭിച്ച് തിരക്കിലാണ്. പോസ്റ്ററുകള്‍ ഇറക്കി അണികള്‍ സൈബർ ഇടത്തിലും പ്രചരണം ആരംഭിച്ച് കഴിഞ്ഞു.
എറണാകുളത്ത് ഹൈബി ഈഡന് വേണ്ടി പരസ്യ പ്രചരണം നടത്തി രംഗത്ത് വന്നത് സിനിമ നടനും 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ ധർമ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടേയുള്ളവരാണ്. ഹൈബി ഈഡനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'ജയിപ്പിക്കണെ എന്റെ മുത്തിനെ' എന്ന് ധർമ്മജന്‍ കുറിക്കുകയും ചെയ്തു.
കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പില്ലെങ്കിലും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രചരണം അണികള്‍ ആരംഭിച്ച് കഴിഞ്ഞു. അഴീക്കോട്, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും സുധാകരന്‍ മത്സരിക്കണമെന്ന നിലപാടിലാണ്.












Click it and Unblock the Notifications