'അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, പവർ ഉള്ളത് കൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്'; പ്രതികരിച്ച് പത്മപ്രിയ
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്‌ക്കെതിരെ കടുത്ത വിമർശനവുമായി നടി പത്മപ്രിയ ജാനകിരാമൻ രംഗത്ത്. സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ നടക്കുന്നതെന്നും പറഞ്ഞ പത്മപ്രിയ 'അമ്മ' എന്ന സംഘടനയ്ക്ക് തലയും നട്ടെല്ലുമൊന്നും ഇല്ലെന്നും പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് നാലര വർഷത്തോളം സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്ത നിന്നതെന്നും പത്മപ്രിയ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയുടെ ശുപാർശകളിൽ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോവുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ ചുവട് പിടിച്ച് കൂടുതൽ നടിമാർ താരങ്ങൾക്ക് എതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്ന വേളയിലാണ് പത്മപ്രിയയുടെ പ്രതികരണം. മുൻനിര താരങ്ങൾ ഉൾപ്പെടെ നിലവിൽ ഇക്കൂട്ടത്തിൽ ആരോപണ വിധേയരായുണ്ട്. അതിനിടെ തനിക്കും മലയാള സിനിമയിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
'എനിക്കൊരു 25-26 വയസുള്ളപ്പോൾ ഇപ്പോഴത്തെ ഒരുലീഡിംഗ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസും പ്രായവുമൊക്കെയായില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ, ഇതാണ് അവരുടെ കാഴ്‌ചപ്പാട്.' പത്മപ്രിയ തന്റെ അനുഭവം പങ്കുവച്ചു. അമ്മ സംഘടനയ്ക്ക് എതിരായ വിമർശനം കൂടുതൽ കടുപ്പിക്കുകയാണ് താരം ചെയ്‌തത്.
അമ്മയിലെ കൂട്ടരാജി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറയുന്നു. 'എന്ത് ധാർമികത ഉയർത്തിയാണ് രാജിയെന്ന് മനസിലാവുന്നില്ല. ആരൊക്കെ നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ നോക്കി കാണുന്നത്. പവർ ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്' പത്മപ്രിയ പറയുന്നു.
ഹേമ കമ്മിറ്റിയെ നിയമിച്ച സർക്കാർ തീരുമാനം ശരിവയ്ക്കുമ്പോഴും റിപ്പോർട്ട് പുറത്തുവിടാൻ വൈകിയ നടപടിയെ അവർ സംശയദൃഷ്‌ടിയോടെയാണ് നോക്കി കാണുന്നത്. 'നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണം. അതിനുശേഷം സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക മാത്രമാണ് ചെയ്‌തത്. അതുമാത്രം പോരാ' പത്മപ്രിയ ആവശ്യപ്പെട്ടു.
അമ്മയ്ക്ക് തലയും നട്ടെല്ലും ഇല്ലെന്നും താരം പറയുകയുണ്ടായി. അതേസമയം, സംഘടനയിലെ മുതിർന്ന ഭാരവാഹികൾക്ക് എതിരെ ഉൾപ്പെടെ ആരോപണം ഉയർന്നതിനെ പിന്നാലെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചതായി പ്രഖ്യാപിച്ചത്. ജനറൽ സെക്രട്ടറി സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, മുതിർന്ന അംഗങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവരും ആരോപണം നേരിട്ടിരുന്നു.












Click it and Unblock the Notifications