വത്സന്‍ തില്ലങ്കേരിയുമായി അജിത്കുമാറിന്റെ കൂടിക്കാഴ്ച്ച; വീണ്ടും കുരുക്ക്, കൂടിക്കാഴ്ച്ചയല്ലെന്ന് തില്ലങ്കേരി
തിരുവനന്തപുരം: എഡിജിപി അജിത്കുമാറിന് വീണ്ടും കുരുക്ക്. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായും കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലെ മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കളുമായി അജിത്കുമാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് നാലിന് കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു തില്ലങ്കേരി-അജിത്കുമാര്‍ കൂടിക്കാഴ്ച്ച. നാല് മണിക്കൂറോളം ഇവര്‍ സംസാരിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എഡിജിപി ഇപ്പോള്‍ തന്നെ വിവാദത്തിലാണ്. തൃശൂര്‍ പൂരം കലക്കല്‍ വിവാദവും, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച അടക്കം നിരവധി ആരോപണവും, സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണവും അദ്ദേഹം നേരിടുന്നുണ്ട്.

വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് അടക്കമുള്ള വിവരങ്ങള്‍ ഇന്റലിജസ് വിഭാഗം ഡിജിപി കൈമാറിയിട്ടുണ്ട്. നേരത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി എഡിജിപി ഓഗസ്റ്റ് മാസത്തില്‍ വയനാട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ച്ച നടന്നത് ഈ സമയത്താണ്. നേരത്തെ തൃശൂര്‍പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്ന ദിവസവും തില്ലങ്കേരിയുടെ സാന്നിധ്യമുണ്ടായിരുന്നു.
മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നുവെന്ന് മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. എഡിജിപിയും ഇതേ ദിവസം തൃശൂരിലുണ്ടായിരുന്നു. സിപിഎം നേതൃത്വത്തിന് അടക്കം എഡിജിപിയുടെ കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം എഡിജിപിയെ കണ്ടത് അവിചാരിതമായിട്ടാണെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. കൂടിക്കാഴ്ച്ചയായിരുന്നില്ല നടന്നത്. വെറും അഞ്ച് മിനുട്ടില്‍ താഴെ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപിയുമായി സംസാരിച്ചത് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണെന്നും തില്ലങ്കേരി പറഞ്ഞു.
മന്ത്രിമാര്‍ അടക്കം ഹോട്ടലിലാണ് താമസിച്ചിരുന്നത്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാണാനാണ് ഹോട്ടലിലെത്തിയത്. മന്ത്രിയുടെ തൊട്ടടുത്ത മുറിയിലായിരുന്നു എഡിജിപി താമസിച്ചിരുന്നത്. രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സേവാഭാരതിയുടെ ആംബുലന്‍സ് തടയുന്ന സാഹചര്യം ഉണ്ടായിരുന്നു. അത്തരം തടസ്സങ്ങള്‍ നീക്കണമെന്നും, സേവാഭാരതിയുടെ ആംബുലന്‍സുകളെ കൂടി രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് എഡിജിപിയോട് ആവശ്യപ്പെട്ടതെന്ന് വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.
എഡിജിപിയുടെ കൂടിക്കാഴ്ച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ സ്വരം സംഘപരിവാറിന്റെ സ്വരമായി മാറുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണോ എഡിജിപിയുടെ ജോലി? അത്തരമൊരാളെ മുഖ്യമന്ത്രി പൂര്‍ണമായും സംരക്ഷിക്കുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിആര്‍ ഏജന്‍സിക്ക് എന്തിനാണ് അഭിമുഖം നല്‍കിയത്. മറ്റ് വഴികള്‍ ധാരാളമുണ്ടല്ലോ? സംഘപരിവാറിനെ സഹായിക്കാന്‍ വേണ്ടിയാണിത്. ഇത്രയും കാലം മലപ്പുറം ജില്ലയെ കുറിച്ച് ആര്‍എസ്എസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഏറ്റുപിടിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications