മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍
കൊച്ചി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി ആശങ്കയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഡാമിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ അടക്കം പോയി പോരാടിയ ഒരു വ്യക്തിയുണ്ട്. ആലുവ സ്വദേശി അഡ്വ റസല്‍ ജോയ്. സേവ് കേരളത്തിന്റെ ഭാഗമായി അദ്ദേഹം ഈ വിഷയത്തില്‍ സജീവമായി തന്നെ ഇടപെടാറുണ്ട്.
Recommended Video
ഇപ്പോഴിതാ ഡാം പൊട്ടിയാല്‍ മലയാളിയെ കാത്തിരിക്കുന്ന ദുരന്തം ഏത് തരത്തിലായിരിക്കുമെന്ന് റസല്‍ ജോയ് തുറന്ന് പറയുകയാണ്. വണ്‍ഇന്ത്യ മലയാളവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം കേരളം നേരിടാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്രയും ജനങ്ങള്‍ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഒരാളെങ്കിലും ചോദിക്കാന്‍ വേണ്ടേ? തന്റെ പോരാട്ടം അതിന് വേണ്ടിയുള്ളതാണ്. കേരളത്തില്‍ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് ദുരന്തത്തിന് പ്രധാന കാരണം. ചൈനയില്‍ ബാങ്കിയാവോ ഡാം പൊട്ടുന്നതിന് മുമ്പ് ഹൈഡ്രോളജിസ്റ്റായ ചെന്‍ ഷിംഗ് ഡാം പൊട്ടുമെന്ന് കരഞ്ഞ് പറഞ്ഞിരുന്നു. എന്നാല്‍ ആരും കേട്ടില്ല. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ കാര്യമെടുത്താല്‍ തന്നെയറിയാം. 2018ലും 2019ലും പ്രളയമുണ്ടായി. അതുകൊണ്ട് ഡാം സേഫാണെന്ന് പറയാനാവില്ല. 2011ല്‍ 26 ഭൂകമ്പങ്ങളുണ്ടായി. 2020ല്‍ 21 ഭൂകമ്പങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും റസല്‍ ജോയ് പറയുന്നു.

രണ്ട് മുതല്‍ മൂന്നിന് മുകളിലേക്ക് ഇതിന്റെ പ്രഭാവമുണ്ട്. കേരളം അതിതീവ്ര ഭൂകമ്പങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങളുടെ പട്ടികയിലേക്ക് അതിവേഗമാണ് എത്തിയിരിക്കുന്നത്. ഇത് കേന്ദ്രത്തിന്റെ പഠനത്തില്‍ പറയുന്ന കാര്യമാണ്. ആ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. എന്നെ കേരളം വിശ്വസിക്കുന്നുണ്ട്. പക്ഷേ ഇത് വിജയിക്കുമോ എന്ന് മാത്രമാണ് അവര്‍ക്കുള്ള ആശങ്ക. ഞാന്‍ എന്നെ പിന്തുണയ്ക്കുന്നവരെ കോര്‍ഡിനേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്ന് മാത്രമാണ് ഇതില്‍ സംഭവിക്കുന്നത്. ഞാനൊരു അഭിഭാഷകനാണ്. കേസ് നടത്തുകയും അതോടൊപ്പം മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ നടത്തുകയും വേണം. അതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയോ സര്‍ക്കാരോ തീരുമാനിച്ചാല്‍ ഒന്നും ഇവിടെ നടക്കില്ല. ജനങ്ങളാണ് തീരുമാനിക്കേണ്ടത്. തമിഴ്‌നാടുമായി പ്രശ്‌നമുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ഒരു പ്രശ്‌നവുമില്ല. അവര്‍ക്കാകെ വേണ്ടത് വെള്ളമാണ്. ആ വെള്ളം കൊടുക്കില്ലെന്ന് പറയുന്നില്ല. അവര്‍ക്ക് വെള്ളം കിട്ടുമെന്ന് ഉറപ്പാണ്. ഈ ഡാം പൊട്ടിക്കഴിഞ്ഞാല്‍ പിന്നൊരിക്കലും തമിഴ്‌നാടിന് വെള്ളം കിട്ടാന്‍ പോകുന്നില്ല. കാരണം അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ചെയ്യേണ്ടത് ഇത് പൊട്ടുന്നതിന് മുമ്പ് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ്. പുതിയ ഡാം നിര്‍മിക്കാനുള്ള പിന്തുണ അവര്‍ നല്‍കണം. ഇല്ലെങ്കില്‍ പിന്നീടൊരിക്കലും അവര്‍ക്ക് വെള്ളം കിട്ടില്ല.

126 വര്‍ഷമായി തമിഴ്‌നാടിന് ലഭിക്കുന്ന അവകാശങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും വേണമെന്ന് പറയാനാവില്ല. കേരളത്തിന് ജീവനാണ് പ്രധാനം. തമിഴ്‌നാടിന്റെ വെള്ളം സെക്കന്‍ഡറി കാര്യമാണ്. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ ഈ പ്രശ്‌നം തീരും. ശാസ്ത്രജ്ഞര്‍ വന്ന് ഈ ഡാമിന്റെ സുരക്ഷ പരിശോധിക്കണം. എന്നിട്ട് എപ്പോള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന് പ്രഖ്യാപിക്കണം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിന് പിന്തുണയ്‌ക്കേണ്ടി വരും. തമിഴ്‌നാടിനും മറിച്ചൊരു വാദമുണ്ടാകില്ലെന്നും റസല്‍ ജോയ് പറയുന്നു. മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമിന് സമീപത്തുള്ളവരും ആശങ്കയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വണ്ടിപ്പെരിയാര്‍ മേഖലയിലുള്ളവര്‍ ആകെ പേടിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി താങ്ങിക്കോളുമെന്നാണ് ആളുകള്‍ പറയുന്നത്. അതാണ് ആശങ്കയ്ക്ക് കാരണം. പ്രളയത്തില്‍ ആയിരം പേരോളമാണ് അവിടെ മരിച്ചത്. ഒരാളും അവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ആര്‍ച്ച് ഡാമിനെ കണ്ടിട്ടാണ് അവിടെയുള്ളവര്‍ ഇടുക്കി ഡാം താങ്ങുമെന്ന് പറയുന്നത്. എന്നാല്‍ മൂന്ന് ഡാം ഉണ്ട് അവിടെ. ഇടുക്കി, കുളമാവ്, ചെറുതോണി എന്നിവയാണ് അത്. അതില്‍ കുളമാവും ചെറുതോണിയും ലോകത്തെ തന്നെ ഏറ്റവും ദുര്‍ബലമായ ഡാമാണ്. 40 അടിതാഴ്ച്ചയില്‍ മണ്ണ് മാത്രമാണ് ഉള്ളത്. ഡാം പൊട്ടിയാല്‍ അതിന്റെ പ്രകമ്പനം കൊണ്ട് തന്നെ മണ്‍തിട്ട തകര്‍ന്ന് തരിപ്പണമാകും.

അഞ്ച് ജില്ലകളാണ് ഇടുക്കി ഡാം പൊട്ടിയാല്‍ ഇല്ലാതാവുക. ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നാണ് പറയുന്നത്. കാരണം റോഡിലെല്ലാം വാഹനമായിരിക്കും. എങ്ങോട്ടും പോകാനാവില്ല. ലോകത്തെല്ലായിടത്തും ഡാം ദുരന്തമുണ്ടായപ്പോള്‍ വണ്ടിയിലിരുന്നാണ് കൂടുതല്‍ പേരും മരിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഉന്നതര്‍ ഈ വിഷയത്തില്‍ സേഫാണ്. കാരണം ഈ ഡാം പൊട്ടുമെന്ന് അവര്‍ക്കറിയാം. അവര്‍ രക്ഷപ്പെടാനുള്ള മാര്‍ഗം നേരത്തെ തയ്യാറാക്കിയിട്ടുണ്ടാവും. ഹെലികോപ്ടര്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടാവും. പല നേതാക്കള്‍ക്കും സ്വന്തമായി ഹെലികോപ്ടറുണ്ട്. ഇനി ദുരന്തമുണ്ടായാല്‍ തന്നെ അവരെ രക്ഷിക്കാന്‍ സൈന്യമുണ്ടാവും.

ഈ ഡാമിനടിയില്‍ നിന്ന് പല വ്യവസായികളും നേരത്തെ പോയിട്ടുണ്ട്. പലരും കേരളത്തിന് പുറത്താണ് താമസിക്കുന്നത്. ഇവരോടൊക്കെ കേരളത്തില്‍ പുറത്ത് വാടകയ്ക്ക് താമസിക്കാന്‍ അനുവാദം ചോദിച്ച് വന്നവര്‍ വരെയുണ്ട്. ഇവരൊക്കെ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഈ 50 ലക്ഷം ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ഡാം പൊട്ടില്ല എന്ന് പറയുന്നവരെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാനാണ് സേവ് കേരള ബ്രിഗേഡ് പ്രവര്‍ത്തിക്കുന്നത്. ആരെയും പേടിപ്പെടുത്താനല്ല ഇത് പറയുന്നത്. കേരളത്തില്‍ ആര് ഭരിച്ചാലും അതിനെ നിയന്ത്രിക്കുന്നത് ഒരു കോക്കസാണ്. വലിയ ബിസിനസുകാരും പ്രമാണിമാരുമൊക്കെ ഉള്ളവരാണ് അത്. ധനസമ്പാദനമാണ് ഇവരുടെ ലക്ഷ്യം.

വെള്ളത്തില്‍ നിന്ന് 438 കോടിയുടെ വൈദ്യുതിയാണ് തമിഴ്‌നാട് സര്‍ക്കാരിന് ലഭിക്കുന്നത്. ഈ വൈദ്യുതി ഉപയോഗിച്ച് വ്യവസായങ്ങള്‍ വളരുന്നു. കൃഷിക്ക് നേട്ടമാകുന്നു. മീന്‍ വളര്‍ത്തി ഒരു കോടി രൂപ നേടുന്നുണ്ട്. അപ്പോള്‍ അവര്‍ ഇതില്ലാതാക്കാന്‍ നോക്കില്ല. 50000 കോടി കേരളത്തിലെ പല നദികളില്‍ നിന്നായി തമിഴ്‌നാട് ഉണ്ടാക്കുന്നുണ്ട്. തമിഴ്‌നാട് ഇവിടെ ഡാമുണ്ടാക്കാന്‍ നോക്കിയാല്‍ അത് അനുവദിക്കരുത്. കാരണം ഇപ്പോള്‍ തന്നെ കേരളത്തിന്റെ ഭൂമിയില്‍ കയറി മറ്റൊരു സംസ്ഥാനം കളിക്കുകയാണ്. തമിഴ്‌നാടിന് പുതിയ ഡാമുണ്ടാക്കിയാലും എല്ലാ ആനുകൂല്യങ്ങളും കൊടുക്കാന്‍ ഞാന്‍ പറയില്ല. 50000 കോടി അവരുണ്ടാക്കുന്നുണ്ടെങ്കില്‍ അതിന്റെ നാലില്‍ ഒന്നെങ്കിലും നമുക്ക് തരേണ്ടതല്ലേയെന്നും റസല്‍ ജോയ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടമ്പോള്‍ അതിനെ കുറിച്ച് പറയാന്‍ ഇവിടെ സര്‍ക്കാരുണ്ടായിരുന്നില്ല. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ ആക്രമിക്കപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം വാങ്ങി കൊടുക്കുമായിരുന്നു. ധൈര്യമുള്ള ഭരണകൂടമില്ലാത്തതാണ് പ്രശ്‌നം. തമിഴ്‌നാട്ടില്‍ പോയി കച്ചവടം ചെയ്യാനും ജീവിക്കാനും നിയമം അകാശം തരുന്നുണ്ട്. ആക്രമണമുണ്ടായാല്‍ അതിനെതിരെ നടപടിയുണ്ടാക്കാനായി കേരളമാണ് സമ്മര്‍ദം ചെലുത്തേണ്ടത്. മറ്റേതെങ്കിലും സംസ്ഥാനക്കാരനായിരുന്നെങ്കില്‍ തമിഴ്‌നാട് വിവരമറിയുമായിരുന്നു. മലയാളിയെ ശരിക്കും പ്രതികരണ ശേഷി ഇല്ലാത്തവരാക്കി മാറ്റിയതാണ്. കേരളത്തിലെ സമരങ്ങളെല്ലാം നടക്കുന്നത് ജനങ്ങള്‍ക്കെതിരെയാണ്. മന്ത്രിമാരും എംഎല്‍എമാരും തെറ്റ് ചെയ്താല്‍ ജനങ്ങള്‍ സെക്രട്ടേറിയേറ്റ് വളയണം. ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. അതാണ് സമരമെന്നും റസല്‍ ജോയ് പറഞ്ഞു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications