എഐ ക്യാമറ: നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: എഐ ക്യാമറ പിടികൂടുന്ന നിയമലംഘനങ്ങളിൽ കൂടുതൽ ചലാനുകൾ അയക്കാൻ ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽച്ചേർന്ന ഉന്നതതല യോഗത്തിൽ കെൽട്രോണിന് നിർദ്ദേശം. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പരിശോധിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കും.
എൻഐസി സർവറിലേക്ക് ദൃശ്യങ്ങൾ അയക്കാൻ കൂടുതൽ യൂസർ ഐഡിയും പാസ്‌വേഡും നൽകാനും ആവശ്യപ്പെടും. ക്യാമറകളുടെ പ്രവർത്തനം തുടങ്ങിയ ജൂൺ അഞ്ച് മുതൽ എട്ട് വരെ 3,57,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.
80,743 കുറ്റകൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് നൽകിയത്.

മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10,457 പേർക്ക് നോട്ടീസ് അയച്ചു. 19,790 കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്തു. 6153 പേർ ഹെൽമറ്റ് ധരിച്ചില്ല എന്നു കണ്ടെത്തി. മുൻ സീറ്റിൽ ഡ്രൈവറെ കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി.ഐ.പി വാഹനങ്ങളാണ് നിയമ ലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു
അതേസമയം, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. പ്രതിദിനം വാഹനാപകടത്തിൽ 12 പേർ മരിക്കുന്നുണ്ട് എന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ നാല് ദിവസം ആകെ റോഡപകട മരണങ്ങൾ 28 ആണ്. നിലവിലെ വിലയിരുത്തൽ പ്രകാരം റോഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണവും കുറയുകയാണെന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്.
അഞ്ചാം തീയതി രാവിലെ എട്ട് മണിക്കാണ് ക്യാമറകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയത്. അന്ന് രാത്രി 12 മണിവരെയുള്ള കണക്കുകൾ നോക്കിയാൽ 63,849 നിയമലംഘനങ്ങളാണ് പിടികൂടിയത്. ആറാം തീയതി 1,21,681 നിയമലംഘനങ്ങളും, എഴാം തീയതി 87,675 നിയമലംഘനങ്ങളും , എട്ടാം തീയതി 79,525 നിയമലംഘനങ്ങളും പിടികൂടി.
അതേസമയം, ട്രാഫിക് നിയമം ലംഘിച്ചവർക്ക് ചലാനുകൾ ലഭിക്കാൻ തുടങ്ങുന്നതോടെ ഒരുമാസം കൊണ്ട് നിയമലംഘനങ്ങളിൽ കുറവ് ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. പിഴയടക്കാനുള്ള നോട്ടീസ് കൈപ്പറ്റിയാൽ 30 ദിവസത്തിനുള്ളിൽ പിഴ അടയക്കണം.
അപ്പീൽ നൽകാനുള്ള അവസരവും ഉണ്ടാവും. അപ്പീൽ നൽകാൻ 14 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. സേഫ്കേരള പദ്ധതി പ്രകാരം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. 24 മണിക്കൂറും ക്യാമറ പ്രവർത്തിക്കും.












Click it and Unblock the Notifications