ജനപ്രിയ ചലച്ചിത്രകാരനായ പ്രതിഭ, മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രിയ ചലച്ചിത്രകാരനായ പ്രതിഭയെ ആണ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിക്കും മലയാള സിനിമയ്ക്കും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്: '' അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു.
മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു.

മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.
സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സിദ്ദിഖിന്റെ വിയോഗത്തിൽ അനുശോചിച്ചു. '' പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. അദ്ദേഹം ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ ബന്ധപ്പെട്ടവരുമായി സംസാരിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ നായകർ പ്രശ്നങ്ങളും പ്രതിസന്ധികളും മറികടന്നുകൊണ്ടു അവസാനം ശുഭകരമായി വിജയിക്കുന്ന പോലെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അതുണ്ടായില്ല.
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനാണ് സിദ്ദിഖ്. ആദ്യകാലങ്ങളിൽ ലാലിനൊപ്പവും തുടർന്ന് സ്വന്തം നിലയിലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും തിയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിച്ചവയാണ്. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ് തുടങ്ങിയ പടങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റ് ശ്രേണിയിലുള്ളവയാണ്.
ഇന്നും ഏറെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള ചിത്രങ്ങളാണ് ഇവയെല്ലാം തന്നെ എന്നത് സിദ്ദിഖിലെ സംവിധായകന്റെ മികവിനെയാണ് കാണിക്കുന്നത്. ഹാസ്യപ്രധാനമായ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അത് തെളിയിക്കുവാനും സിദ്ദിഖിന് സാധിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മലയാള സിനിമയുടെ വലിയൊരു ഭാഗമായിരുന്ന സംവിധായകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിദ്ദിഖ് വിടവാങ്ങുമ്പോഴും അദ്ദേഹത്തിന്റെ ലെഗസി ഇവിടെത്തന്നെ ആ സിനിമകളിലൂടെ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മലയാളികളുടെയെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ നേരുന്നു''.












Click it and Unblock the Notifications