എഎസ്‌ഐ അപര്‍ണ ഓടിയത് ജനങ്ങളുടെ ഹൃദയത്തിലേക്ക്; ഇതാദ്യമല്ല അപര്‍ണ കൈയടി നേടുന്നത്
വാഹനങ്ങള്‍ക്ക് ഇടയിലൂടെ അതിവേഗം ഓടി ഗതാഗതക്കുരുക്കില്‍ അകപ്പെട്ടുപോയ ഒരു ആംബുലന്‍സിന് വഴിയൊരുക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ നിറയെ പ്രചരിച്ചത്. ആംബുലന്‍സിനു മുന്നിലൂടെ സ്പീഡില്‍ ഓടി മറ്റ് വാഹനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വളരെ വേഗത്തില്‍ ഗതാഗതക്കുരുക്ക് അഴിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് കേരളം ഇന്ന്.
തൃശൂര്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അപര്‍ണ ലവകുമാര്‍ ഓടിക്കയറിയത് കേരള ജനതയുടെ നെഞ്ചിലേക്ക് ആയിരുന്നു. ഒരു ജീവന്‍ രക്ഷിക്കാനുള്ള അപര്‍ണയുടെ ഓട്ടത്തിന് വലിയ കൈയ്യടിയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. അപര്‍ണയുടെ നന്മ വെളിവാക്കുന്ന വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

തൃശൂര്‍ അശ്വിനി ജങ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അത്യാസന്ന നിലയിലുള്ള രോഗിയുമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ആംബുലന്‍സ്. അശ്വിനി ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സിന് മുന്നോട്ടു പോകാനാവാത്ത അവസ്ഥയുണ്ടായി. ഈ സമയത്ത് അപര്‍ണ അടങ്ങുന്ന പിങ്ക് പോലീസ് സംഘം അവിടെയുണ്ടായിരുന്നു.
ഗതാഗതക്കുരുക്ക് പെട്ടെന്നൊന്നും അഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അപര്‍ണ വാഹനങ്ങള്‍ക്കിടയിലൂടെ വേഗത്തില്‍ ഓടി ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു. ജീവന്‍ പണയം വച്ച് അപര്‍ണ ഓടുന്ന ദൃശ്യങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍ ഫൈസലിന് ഒപ്പമുണ്ടായിരുന്ന ഇര്‍ഫാന്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ കേരള പോലീസും തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
അപര്‍ണയുടെ സമയോചിതമായ ഇടപെടലിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ കര്‍ത്തവ്യം മാത്രമാണെന്ന് അപര്‍ണ പറയുന്നു. ആംബുലന്‍സിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ ഏതൊരു പൊലീസുകാരനും വെറുതെയിരിക്കാന്‍ കഴിയില്ല. അങ്ങനെയൊരു ഘട്ടം വന്നാല്‍ യൂണിഫോമിട്ട ഏതൊരു പോലീസുകാരനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. ആംബുലന്‍സില്‍ ഉള്ളത് നമ്മുടെ ആരെങ്കിലുമാണോ എന്നറിയില്ല. ആരാണെങ്കിലും എത്രയും പെട്ടെന്ന് ആംബുലന്‍സ് ബ്ലോക്കില്‍ നിന്ന് കടത്തി വിടാനേ നോക്കൂ. അപ്പോള്‍ നമ്മുടെ ശാരീരികാവസ്ഥയും ബുദ്ധിമുട്ടും ഒന്നും നോക്കില്ല. ഇറങ്ങിയങ്ങ് ഓടും. അതല്ലേ പൊലീസ് - അപര്‍ണ ചിരിയോടെ പറയുന്നു.
അപര്‍ണ ഓട്ടത്തിലും മിടുക്കിയാണെന്ന് ആ വീഡിയോ കണ്ടാല്‍ മനസിലാകും. കഴിഞ്ഞ വര്‍ഷത്തെ പൊലീസ് അത്ലറ്റിക് മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനക്കാരി കൂടിയാണ് അപര്‍ണ. അന്‍പതു വയസിലാണ് ഈ നേട്ടങ്ങളും ജീവന്‍ രക്ഷിക്കാനുള്ള ഓട്ടവും എന്നതും ശ്രദ്ധേയമാണ്. കേരള പൊലീസിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ അപര്‍ണയുടെ സന്ദര്‍ഭോചിതമായ കര്‍ത്തവ്യ നിര്‍വഹണത്തിന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഗുഡ് സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചു.
അപര്‍ണയുടെ നന്മ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നത് ഇതാദ്യമല്ല. കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കിയും മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതിരുന്ന കുടുംബത്തിന് തന്റെ കൈയില്‍ കിടന്ന സ്വര്‍ണവള ഊരി നല്‍കിയും അപര്‍ണ നന്മയുടെ സന്ദേശമായിട്ടുണ്ട്.
2008-ല്‍, ബന്ധുവിന്റെ അടിയേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു സ്ത്രീ മരിച്ചു. അവരുടെ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ എത്തിയപ്പോഴാണ് അപര്‍ണ ആ നിര്‍ധന കുടുംബത്തിന്റെ ദയനീയമായ അവസ്ഥ മനസിലാക്കിയത്. മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ പണമില്ലാതെ വിഷമിക്കുകയായിരുന്നു ആ കുടുംബം. അന്ന് അപര്‍ണ തന്റെ സ്വര്‍ണ വള ഊരി നല്‍കി. വള പണയംവച്ച പൈസകൊണ്ടാണ് അന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം നിറച്ച ഒരു സംഭവം കൂടി അപര്‍ണയുടെ ജീവിതത്തിലുണ്ടായി. തന്റെ നീണ്ട മുടി ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി ദാനം ചെയ്തു. പൊലീസിലായതിനാല്‍ ഡിഐജിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് അന്ന് മുടി മുറിച്ചത്. സാമ്പത്തികമായി സഹായിക്കാന്‍ കഴിയാത്തതിനാലാണ് അപര്‍ണ മുടി മുറിച്ചു നല്‍കിയത്. മുറിച്ച നീളന്‍ മുടി കൈയില്‍ പിടിച്ചുകൊണ്ടുള്ള അപര്‍ണയുടെ ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു.












Click it and Unblock the Notifications