ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മാനേജര്‍ മുങ്ങിയത് 26 കിലോ സ്വര്‍ണവുമായി; 42 ഇടപാടുകളില്‍ തട്ടിപ്പ്
കോഴിക്കോട്: വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ മുന്‍ മാനേജര്‍ മുക്കുപണ്ടം വെച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സംഭവത്തില്‍ അന്വേഷണം ശക്തമാകുന്നു. നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാനേജര്‍ തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍ ലക്ഷ്യമിട്ടത് കൂടുതല്‍ സ്വര്‍ണ പണം വെച്ച അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്.
ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് 17 കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. 26 കിലോയുടെ മുക്കുപണ്ടങ്ങളാണ് ബാങ്കില്‍ നിന്നും കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം മുക്കുപണ്ടം വെച്ചായിരുന്നു തട്ടിപ്പ്. 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസമാണ് ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറ്റിയത്. പുതുതായി ചാര്‍ജെടുത്ത മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അതേസമയം മധു ജയകുമാറിനെ സ്ഥലംമാറ്റിയെങ്കിലും ഇയാള്‍ ചുമതല ഏറ്റെടുത്തിരുന്നില്ല. മാനേജര്‍ ഇര്‍ഷാദിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്നു മധുജയകുമാര്‍. 42 അക്കൗണ്ടുകളിലായിട്ടാണ് തട്ടിപ്പ് നടത്തിയത്. 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകള്‍ ലക്ഷ്യമാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു.
അതേസമയം തട്ടിപ്പിന് ഇരയായവരില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരുമുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് വിവരം. ബാങ്കും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ശാഖയിലെത്തിയ വിവരങ്ങള്‍ ശേഖരിച്ചു. മധുജയകുമാറിന് ബാങ്കിലെ മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. മറ്റ് ജീവനക്കാരെ അടക്കം ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം തട്ടിപ്പിനെ തുടര്‍ന്ന് ഇടപാടുകാരെല്ലാം ആശങ്കയിലാണ്. തങ്ങള്‍ പണയപ്പെടുത്തിയ സ്വര്‍ണ ഉരുപ്പടികള്‍ കാണിച്ച് തരാന്‍ ആവശ്യപ്പെട്ട് ബാങ്കിലെത്തി തുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം നിരവധി പേരാണ് ബാങ്കിലെത്തിയത്.
പരിശോധിച്ചപ്പോള്‍ ആരുടെയും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചിലര്‍ പണം അടച്ച് സ്വര്‍ണം തിരികെ വാങ്ങി. 47 ഇടപാടുകളിലായി 25 കിലോഗ്രാമില്‍ അധികം സ്വര്‍ണം പണയം വെച്ചത് വന്‍ ശൃംഖലയില്‍പ്പെട്ടവര്‍ ആണോ എന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications