എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം; 384 കോടിയുടെ പുതിയ കരാർ..! കൊച്ചിയുടെ വികസനത്തിന് കുതിപ്പ്
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിനോട് ചേർന്ന് വരാൻ പോവുന്ന റെയിൽവേ സ്‌റ്റേഷനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. എന്നാൽ അതിനിടയിൽ എല്ലാവരും മറന്നുപോവുന്ന ഒന്നാണ് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം. ഏറെക്കാലമായി കൊച്ചി നിവാസികൾ കാത്തിരിക്കുന്ന ഈ നവീകരണം പലപ്പോഴും വിവാദങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടിയതായിരുന്നു.
എന്നാൽ ഇപ്പോഴിതാ സാഹചര്യങ്ങൾ ഒക്കെ മാറിയിരിക്കുകയാണ്. എല്ലാവരും കാത്തിരുന്ന എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന്റെ പുതിയ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കരാറുകാരുടെ അനാസ്ഥ ഉൾപ്പെടെ ഉള്ള പ്രശ്‌നങ്ങൾ മൂലം പാതിവഴിയിൽ നിലച്ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് പുതുജീവൻ വച്ചിരിക്കുകയാണ്.

പുതിയ കരാറുകാരനെ കണ്ടെത്തി പണികൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാണ് തീരുമാനം. മറ്റൊരു കമ്പനി പകുതിക്ക് വച്ച് നിർത്തിയ നവീകരണ പ്രവർത്തികൾ വീണ്ടും ആരംഭിക്കാൻ പുതിയ കമ്പനിക്ക് കരാർ നൽകിയിരിക്കുകയാണ്. ഈറോഡ് ആസ്ഥാനമായ ശ്രീ വെങ്കിടേശ്വര കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ കരാറുകാർ. 384 കോടിയാണ് നിർമ്മാണ ചിലവായി കണക്കാക്കുന്നത്. 2 വർഷത്തിനകം പുതിയ സൗത്ത് സ്‌റ്റേഷന്റെ ജോലികൾ പൂർത്തിയാകും.
അഞ്ച് മാസത്തോളമായി സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ ജോലികൾ നിർത്തി വച്ചിരിക്കുകയാണ്. ഇതോടെ പൊളിച്ചിട്ട കെട്ടിടങ്ങളും സൗകര്യ കുറവും മൂലം പൊറുതിമുട്ടുകയാണ് യാത്രക്കാർ. അടുത്തിടെ നിർമ്മാണം വേഗത്തിലാക്കാൻ എംപി ഹൈബി ഈഡന്റെ നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്‌റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ തല ചർച്ചകൾ നടന്നിരുന്നു.
ഈ വർഷം മെയ് മാസത്തിലാണ് പഴയകരാറുകാരായ പൊതുമേഖലാ സ്ഥാപനമായ കൊൽക്കത്തയിലെ ബ്രിഡ്‌ജ് ആൻഡ് റൂഫിനെ ഒഴിവാക്കിയത്. സമയബന്ധിതമായി പണി നടക്കാത്തതിനെ തുടർന്ന് റെയിൽവേ ഇവരോട് വിശദീകരണം തേടിയിട്ടും ഫലമില്ലാതായതോടെ കരാർ റദ്ദാക്കുകയായിരുന്നു. 299 കോടി രൂപ ചിലലവുള്ള നിർമ്മാണത്തിന് 2022 ഓഗസ്‌റ്റിലാണ് ടെൻഡർ നൽകിയത്.
ഈ ജൂലായിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനോടൊപ്പം തന്നെ പണി ആരംഭിച്ച നോർത്ത് റെയിൽവേ സ്‌റ്റേഷൻ പണി പുരോഗമിക്കുകയാണ്. എന്നാൽ ജില്ലയിലെ ഏറ്റവും പ്രധാന സ്‌റ്റേഷനായ എറണാകുളം സൗത്ത് ജങ്ഷൻ പണി ഇഴയുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇത്തവണ മഴ ശക്തമായതോടെ യാത്രക്കാരുടെ ദുരിതം കൂടുകയായിരുന്നു. തുലാവർഷം കനത്തതോടെ മഴയുടെ കാഠിന്യത്തിൽ സ്‌റ്റേഷൻ പരിസരം വെള്ളത്തിലാവുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിൽ ആയത്. എങ്കിലും ഇപ്പോഴത്തെ കരാർ യാത്രക്കാരെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതാണ്.
സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണ പദ്ധതിയുടെ വിശദാംശങ്ങൾ
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്ന നിർദ്ദിഷ്‍ട പദ്ധതി പ്രകാരം, കിഴക്ക് ഭാഗത്ത് ഒരു പ്രത്യേക മൂന്ന് നില കെട്ടിടം നിർമ്മിക്കും. യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം, ആശുപത്രി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പടിഞ്ഞാറ് ഭാഗത്ത്, നാല് നില കെട്ടിടത്തിൽ ടിക്കറ്റിംഗ് ഏരിയ, കാത്തിരിപ്പ് ലോഞ്ചുകൾ, എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും കണക്റ്റിവിറ്റിയുള്ള ഒരു വാണിജ്യ ഏരിയ എന്നിവ ഉണ്ടാവും.
എറണാകുളം ജങ്ഷൻ പ്രതിവർഷം 1.96 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഷനുകളിൽ ഒന്നാണ്. ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വളർച്ചയ്ക്ക് അനുസൃതമായി നവീകരണം നടത്തുക എന്നതാണ് റെയിൽവേ ലക്ഷ്യമിടുന്നത്. പുതിയ കരാർ കമ്പനി വന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.












Click it and Unblock the Notifications