'സാധനം, സ്ത്രീകള്‍ക്ക് അപമാനം': ജസ്ല മാടശ്ശേരിക്കെതിരെ അധിക്ഷേപവുമായി മുസ്ലിം ലീഗ് നേതാവ്
തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫിന് അകത്ത് നിന്ന് തന്നെ രാജികളും പ്രതിഷേധ സ്വരങ്ങളും ഉണ്ടായി. ഹരിതയോട് പാര്‍ട്ടി നീതി കാണിച്ചില്ല എന്നായിരുന്നു എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമ തെഹ്ലിയ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
വ്യക്തിഹത്യ ഉള്‍പ്പടേയുള്ള മാനസിക പീഡനങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഹരിത വിഷയത്തില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നടപടി ഇന്നലെ വിവിധ വാര്‍ത്താ ചാനലുകളിലെ പ്രൈം ടൈം ഡിബേറ്റ് വിഷയവുമായിരുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആക്ടിവിസ്റ്റും മുന്‍ കെ എസ് യു നേതാവുമായ ജസ്ല മാടശ്ശേരിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് മുസ്ലിം ലീഗ് പ്രതിനിധിയായി പങ്കെടുത്ത ഷാഫി ചാലിയത്തില്‍ നിന്നും ഉണ്ടായത്.

ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ജസ്ല മാടശ്ശേരിയും ഷാഫി ചാലിയവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. തനിക്ക് അനുവദിച്ച സമയത്ത് ജസ്ല മാടശ്ശേരി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയായിരുന്നു ഷാഫി ചാലിയം ആദ്യം പ്രതികരിച്ചത്. ഇത്തരത്തിലുള്ള ആളുകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ആദ്യം പറയേണ്ടതായിരുന്നുവെന്നും ലീഗ് സംസ്ഥാന നേതാവ് അവതാരകനായ നീകേഷ് കുമാറിനോട് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ചര്‍ച്ചയില്‍ ഇടക്ക് കയറിയുള്ള ജസ്ല മാടശ്ശേരിയുടെ ഇടപെടലിനെ അനുകൂലിച്ചുകൊണ്ടായിരുന്നു നികേഷ് കുമാര്‍ സംസാരിച്ചത്. എന്നാല്‍ ഒരാള്‍ പറയുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഇടപെട്ടാല്‍ അവതാരകന്‍ തിരുത്തുന്നതാണ് സാധാരണ ചര്‍ച്ചയില്‍ ചെയ്യാറുള്ളത്. എന്നാല്‍ നിങ്ങള്‍ അത് ചെയ്തില്ലെന്നും ഷാഫി ചാലിയം ചൂണ്ടിക്കാട്ടി. അവര് പറയുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരുന്നു. ഒന്നും ചോദിക്കാന്‍ ഇല്ലാതിരുന്നിട്ടല്ല അപ്പോള്‍ മിണ്ടാതിരുന്നത്. എനിക്ക് അപ്പോള്‍ ഒരു നൂറ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ടായിരുന്നു.

എന്നാല്‍ അവരുടെ അവസരത്തില്‍ ഞാന്‍ കയറി ചോദിക്കുന്നത് ഔചിത്യമില്ലായ്മയാണ്. എന്‍റെ സംസാരത്തില്‍ ഞാന്‍ അവരുടെ പേര് എടുത്ത് പരാമര്‍ശിക്കുകയാണെങ്കില്‍ അവര്‍ക്ക് ഇടപെടാനുള്ള ഒരു അവകാശം ഉണ്ട്. എന്നാല്‍ എന്‍റെ സംസാരത്തില്‍ നിന്നും ഒരിക്കലും അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. അവര് പറയുന്നതിനോട് ഞാന്‍ പ്രതികരിക്കുക പോലും ചെയ്തിട്ടില്ല. നികേഷ് പറയുന്നതിനോടാണ് ഞാന്‍ പ്രതികരിച്ചത്. അതിന് മാത്രമായിരുന്നു ആദ്യ അവസരത്തില്‍ സമയമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് എല്ലാവര്‍ക്കും മറുപടി പറയാന്‍ ഞാന്‍ പോവാതിരുന്നതെന്നും ഷാഫി ചാലിയം പറയുന്നു.

സ്വാഭാവികമായും എന്‍റെ അവസത്തില്‍ കയറി അവര്‍ ഇടെപെടുമ്പോള്‍ 'പ്ലീസ് ഇടപെടരുത്, പറയുന്നത് കഴിയട്ടെ' എന്ന് പറയേണ്ട നിങ്ങള്‍ അവര്‍ക്ക് ഇടപെടാന്‍ അവകാശമുണ്ടെന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ എന്ത് അവതാരകനാണ്. നിങ്ങള്‍ മുകളിലേക്ക് എവിടെയൊക്കെയോ എന്തേണ്ട ആളാണ്. നിങ്ങള്‍ ഇങ്ങനെ ചെറുതാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായി ഷാഫി ചാലിയം നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ജസ്ല മാടശ്ശേരിയുടെ പ്രതികരണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ ഇത് ലീഗിന്‍റ വേദിയല്ല എന്നായിരുന്നു ജസ്ലയുടെ മറുപടി. വേശ്യക്കും വേശ്യയുടെ പക്ഷം പറയാനുണ്ടാവും എന്നാണ് നിങ്ങളുടെ എംഎസ്എഫ് നേതാവ് ഹരിത ഭാരവാഹികളോട് സംസ്ഥാന യോഗത്തില്‍ പറഞ്ഞിട്ടുള്ളത്. അതേ നിലപാടില്‍ ലീഗിനുള്ളില്‍ സംസാരിക്കുന്ന നിങ്ങള്‍ അത് മറ്റ് സ്ത്രീകളോട് പൊതുവേദികള്‍ പറയാന്‍ നില്‍ക്കരുതെന്നും ജസ്ല മാടശ്ശേരി വ്യക്തമാക്കി.

ഇതിന് ശേഷമായിരുന്നു ഷാഫി ചാലിയം വലിയ തോതിലുള്ള വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളിലേക്ക് കടന്നത്. കടുക് മണിപോലെ പൊട്ടിത്തെറിക്കുന്നത് അല്ലാതെ പറയുന്നത് ഒന്നും കേള്‍ക്കാന്‍ അവര് തയ്യാറാവുന്നില്ല. കേരളത്തിലെ ഉത്തമ സ്ത്രീകളുടെ പ്രതീകമായി അവതരിപ്പിക്കാന്‍ പറ്റിയ ഒരാളല്ല അപ്പുറത്ത് ഇരിക്കുന്നതെന്നുള്ളത് എന്‍റെ ഒരു അഭിപ്രായമാണ്. ഇത് പറയുന്നതിന് വ്യക്തമായ കാരണമുണ്ട്.

അവരുടെ സാമുഹ്യ ഇടപെടലുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്നയാക്കി കിടത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ സ്വയം എടുത്ത് ഇടുന്ന ഇവരൊക്കെ എന്ത് സംസ്കാരത്തിന്‍റെ ആളുകളോ ആണോയെന്നും അദ്ദേഹം ചോദിക്കുന്നു. മാറ് മറക്കല്‍ സമരത്തെക്കുറിച്ച് പറയന്‍ ഇവര്‍ക്ക് എന്താണ് അവകാശം. ഇവരൊക്കെ അത് മറക്കുന്നുണ്ടോ. കേരളത്തിലെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ഒരു അവകാശവും ഇവര്‍ക്കില്ല എന്നുള്ളത് എന്‍റെ ഒരു ആരോപണമാണ്. കാരണം കേരളത്തിലെ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന ഒരു പ്രകൃതം അല്ലെന്നും ഷാഫി ചാലിയം ആരോപിച്ചു.

വ്യക്തിപരമായുള്ള ഈ അധിക്ഷേപത്തിനെതിരെ ജസ്ല മാടശ്ശേരി വീണ്ടും ഇടപെട്ടപ്പോള്‍ ഷാഫി ചാലിയം വീണ്ടും തന്‍റെ ഭാഷ കടുപ്പിച്ചു. ഒരു പെണ്ണിന്‍റെ പുറത്ത് ചിത്രം വരയ്ക്കുന്നതാണോ കല. കേരളത്തിലെ സ്ത്രീകളുടെ സംസ്കാരമാണോ അത്. ഞങ്ങളൊക്കെ രാഷ്ട്രീയ നേതാക്കളാണ്. ഞങ്ങളുമായി സംസാരിക്കാന്‍ സമൂഹത്തിലേക്ക് തെറ്റായ സന്ദേശം കൊടുക്കുന്ന ആളുകളെയാണോ നിങ്ങള്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നത്. മുസ്ലിം ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരത്തെയൊരു സാധനത്തെയാണ് നിങ്ങള്‍ കൊണ്ടുവന്നത്. കേരളത്തിലെ മലയാളി സ്ത്രീകള്‍ക്ക് അപമാനമാണ് ഇവരെന്നും ഷാഫി ചാലിയം അധിക്ഷേപിച്ചു

അതേസമയം, മുസ്ലിം ലീഗില്‍ പുരുഷാധിപത്യം എന്ന ആരോപണത്തോടും ഷാഫി ചാലിയം ചര്‍ച്ചയില്‍ പ്രതികരിച്ചിരുന്നു. എല്ലായിടത്തും അനാവശ്യമായി ഉപയോഗപ്പെടുത്തുന്ന ഒരു വാക്കാണ് പുരുഷാധിപത്യം എന്നുള്ളത്. വനിതകള്‍ക്ക് തുല്യ പ്രാധാന്യം വേണമെന്ന മുറവിളി ഈ രാജ്യത്ത് ഉയരുന്നുണ്ടെങ്കിലും എവിടെയാണ് തുല്യതയുള്ളത്. സിപിഎമ്മാണ് വനിതകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടം കൊടുക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇന്നുവരെ സിപിഎമ്മിന്‍റെ ഏതെങ്കിലും ഒരു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വനിത വന്നിട്ടുണ്ടോ. അതിന് താഴെയുള്ള ഏരിയ കമ്മറ്റിയിലും ഉണ്ടായിട്ടില്ല. ബ്രാഞ്ച് സെക്രട്ടറിയായി ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

പുരുഷമേധാവിത്വം എന്ന് പറയുമ്പോള്‍ തന്നെ ഇത് ആരോഗ്യപരമായി സ്ത്രീയും പുരുഷനും പരസ്പരം ഉള്‍ക്കൊണ്ടും പ്രകൃതിപരമായി നീങ്ങുന്ന ഒരു ട്രാക്കാണ് ഇത്. ഇതിനെ പുരഷ മേധാവിത്വം എന്ന് പറഞ്ഞ് വേര്‍തിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം തന്‍റെ പിതാവിനെയോ ഭര്‍ത്താവിനെയോ പുരുഷാധിപത്വത്തിന്‍റെ പ്രതീകമായി കാണാന്‍ പറ്റുമോ. സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് നിയമപരമായി ഒരു അധിക പരിഗണന കൊടുക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു വനിത കമ്മീഷന്‍ ഉള്ളപ്പോള്‍ ഒരു പുരുഷ കമ്മീഷന്‍ ഇവിടെ ഇല്ലാലോ. അതുകൊണ്ട് സ്ത്രീകളെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ട്. അത് പുരുഷന്‍റെ ബാധ്യതയാണ്. അതുകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റൈലിഷായി അമ്മ യോഗത്തില്‍ എത്തിയ ആസിഫ് അലി: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications