ബിന്ദു കൃഷ്ണ ഹാപ്പിയാണ്, വിജയ പ്രതീക്ഷയില്‍
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ ഇപ്പോള്‍ ശരിക്കും ഹാപ്പിയാണ്. നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലിയുള്ള ആരോപണങ്ങളെല്ലാം വരണാധികാരിയായ ജില്ലാ കളക്ടര്‍ തള്ളിയിരിക്കുന്നു. പൊരി വെയിലിനെ അവഗണിച്ചും, ചെല്ലുന്നിടത്തൊക്കെ ചെറിയ ആള്‍ക്കൂട്ടങ്ങള്‍ കാത്തു നില്‍ക്കുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലായിരുന്നു ബിന്ദു കൃഷ്ണ മാര്‍ച്ച് 26 ന് പര്യടനത്തിനിറങ്ങിയത്. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെ... തിരക്കിനിടയിലും പ്രചാരണ വാഹനത്തില്‍ അല്‍പസമയം സംസാരിക്കാന്‍ സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. അതിനിടയില്‍ തന്നെ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യലും കുഞ്ഞുകുഞ്ഞു പ്രസംഗങ്ങളും.

1991 മുതല്‍ ആറ്റിങ്ങല്‍ മണ്ഡലം (അന്നത്തെ ചിറയില്‍കീഴ്) എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ ഇത്രനാളും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് ഒരു വികസവും എല്‍ഡിഎഫ് കൊണ്ടുവന്നിട്ടില്ലെന്നാണ് ബിന്ദു കൃഷ്ണയുടെ ആരോപണം. തൊട്ടടുത്തുള്ള തിരുവനന്തപുരം, കൊല്ലം മണ്ഡലങ്ങളില്‍ കേന്ദ്ര പദ്ധതികളുടെ ഒരു നിര തന്നെ വന്നപ്പോള്‍, ആറ്റിങ്ങല്‍ വികസന മുരടിപ്പിലാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
വികസനം തന്നെയാണ് ബിന്ദുവിന്റെ പ്രധാന പ്രചാരണ വിഷയം. പിന്നെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും. എംപി ഫണ്ട് മുഴുവനായും ചെലവഴിച്ചു എന്ന് പറയുന്നുണ്ടെങ്കിലും മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ സമ്പത്ത് ഒന്നും ചെയ്തില്ലെന്നും ഉദാഹരണ സഹിതം ബിന്ദു കൃഷ്ണ വ്യക്തമാക്കി. കോണ്‍ഗ്രസിന് ശേഷം മണ്ഡലത്തിലെ റെയില്‍-റോഡ് വികസനങ്ങള്‍ പൂജ്യം ആണെന്നും ബിന്ദു ആരോപിക്കുന്നു.
വിജയ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് '100 ശതമാനം' എന്നായിരുന്നു ഉത്തരം. 12,46,544 വോട്ടര്‍മാരുളള മണ്ഡലത്തില്‍ ആറര ലക്ഷത്തിലധികം പേര്‍ സ്ത്രീകളാണ്. ഈ വനിതാ വോട്ട് ബാങ്കാണ് ബിന്ദു കൃഷ്ണ പ്രധാനമായും ലക്ഷ്യമിടുന്നത്. കന്നിവോട്ടുകാരിലും പ്രതീക്ഷയുണ്ട്. ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 97,501 പേരാണ് പുതിയ വോട്ടര്‍മാരായി ഉള്ളത്.












Click it and Unblock the Notifications