സിപിഐയെ ഇനി ബിനോയ് വിശ്വം നയിക്കും; തീരുമാനം അംഗീകരിച്ച് സംസ്ഥാന കൗൺസിൽ
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മുതിർന്ന നേതാവ് ബിനോയ് വിശ്വം തന്നെയെത്തും. തീരുമാനം സംസ്ഥാന കൗൺസിൽ ഔദ്യോഗികമായി അംഗീകരിച്ചു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് നിലവിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വം തന്നെയായിരുന്നു താൽക്കാലികമായി വഹിച്ചിരുന്നത്.
കെ. പ്രകാശ് ബാബുവാണ് ഇന്നലെ എക്‌സിക്യൂട്ടീവിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത്. ഈ നിർദ്ദേശം സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഒരു ചർച്ച പോലുമില്ലാതെയാണ് സെക്രട്ടറിയെ നിശ്ചയിച്ചത്. തന്റെ പിൻഗാമിയായി കാനം രാജേന്ദ്രൻ തന്നെ നേരത്തെ ബിനോയ് വിശ്വത്തെ നിർദ്ദേശിച്ചിരുന്നു.

നിലവിൽ രാജ്യസഭാ അംഗമായ ബിനോയ് വിശ്വം സിപിഐ പാർലമെന്ററി പാർട്ടി നേതാവാണ്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് അദ്ദേഹം. സിപിഐയുടെ മുഖമാസികയായ ന്യൂ ഏജ് വാരികയുടെ എഡിറ്ററും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാണ്. 2006-2011 കാലഘട്ടത്തിൽ വിഎസ് സർക്കാരിൽ വനം, ഭവന വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, കാനം മരിച്ചതിനു തൊട്ടു പിന്നാലെ ബിനോയിയെ സെക്രട്ടറിയാക്കിയതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാവ് കെഇ ഇസ്‌മയിൽ രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പിന്തുടര്‍ച്ചാവകാശമില്ലെന്നും, കാനത്തിന്റെ മരണത്തിന് പിന്നാലെ ഉടനടി താൽക്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമില്ലെന്നും ആയിരുന്നു ഇസ്‌മയിലിന്റെ വിമര്‍ശനം. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ പിന്നീട് തർക്കങ്ങളുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചത്.
എന്നാൽ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ച കത്തില്‍, ബിനോയ് വിശ്വത്തിന് തനിക്ക് പകരം ചുമതല നല്‍കണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ കോട്ടയത്ത് ചേര്‍ന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്രനേതൃത്വം നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
അതേസമയം, സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌ത പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയന് പകരം ചുമതല വഹിച്ചിരുന്ന മുല്ലക്കര രത്‌നാകരന്‍ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സിപി ശശിധരനാണ് പകരം ചുമതല നല്‍കിയത്. ജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി പകരം ചുമതല നല്‍കിയതോടെ വിഭാഗീയത ശക്തമായ സാഹചര്യത്തിലാണ് മുല്ലക്കര രത്‌നാകരന്‍ ഈ തീരുമാനമെടുത്തത്.












Click it and Unblock the Notifications