വനംവകുപ്പിലെ ജോലിക്ക് കൈമടക്ക്: ഊര്‍ങ്ങാട്ടിരിയില്‍ സിപിഎം- സിപിഐ പോര്, സിപിഐ ജില്ലാ സെക്രട്ടറി പിപി സുനീര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് സിപിഎം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വനംവകുപ്പില്‍ ജോലി ലഭിച്ചതിന് സിപിഐ നേതാവ് പണം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ സിപിഎം - സിപിഐ പോര് പരസ്യമായി. നിലമ്പൂര്‍ സെന്‍ട്രല്‍ നഴ്‌സറി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ലഭിച്ച ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഈസ്റ്റ് വടക്കുമുറി കാരിയോടന്‍ മൂസക്കുട്ടിയില്‍ നിന്നും സിപിഐയുടെ ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ഏറനാട് മണ്ഡലം സിപിഐയുടെ അസി.സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ കുട്ടി 1.25 ലക്ഷം ആവശ്യപ്പെട്ടത് സംബന്ധിച്ച് ഉടലെടുത്ത പ്രശ്‌നമാണ് ഊര്‍ങ്ങാട്ടിരിയില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.


സി.പി.ഐ നേതാക്കള്‍ ആദ്യം 1.25 ലക്ഷം രൂപയും പിന്നീട് സംസ്ഥാന സെക്രട്ടറി ഒപ്പിട്ട രസീത് മുഖേനെ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടതായുള്ള വാര്‍ത്തക്ക് പിന്നാലെയാണ് സിപിഎം, സിപിഐ നേതാക്കള്‍ പരസ്യമായ പോര്‍വിളിയിലേക്കെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മണ്ഡലം നേതാക്കള്‍ പ്രതിക്കൂട്ടിലായതോടെ സിപിഐ ജില്ലാ സെക്രട്ടറി പിപി സുനീര്‍ കഴിഞ്ഞ ദിവസം അരീക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി ഊര്‍ങ്ങാട്ടിരിയിലെ സിപിഎം നേതാവ് ടിപി അന്‍വര്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് പിപി സുനീര്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും തുറന്നടിച്ചു. ഇതോടെ എല്‍ഡിഎഫില്‍ ഏറെ നാളായി പുകയുന്ന പ്രശ്‌നം താഴെ തട്ടിലേക്കും വ്യാപിച്ചിരിക്കുകയാണ്.

bribe

1.25 ലക്ഷം രൂപ വേണമെന്ന ലോക്കല്‍ കമ്മിറ്റിയുടെ ആവശ്യത്തിന് വഴങ്ങാതായതോടെ പണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒപ്പിട്ട രസീത് പ്രത്യേക ദൂതന്‍ മുഖേനെ ജോലി ലഭിച്ച മൂസക്കുട്ടിക്ക് നല്‍കിയതോടെയാണ് സിപിഐയുടെ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും വെട്ടിലായത്. ജോലിക്ക് പകരമായി ഒരു ദിവസത്തിനകം ഒരു ലക്ഷം രൂപ നല്‍കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ രസീതിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഈ രസീത് സുപ്രഭാതം പുറത്ത് വിട്ടതോടെയാണ് ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറിയും ഏറനാട് മണ്ഡലം അസി.സെക്രട്ടറിയുമായ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയും മണ്ഡലം നിര്‍വാഹക സമിതി അംഗവും ചേര്‍ന്ന് ജില്ലാ സെക്രട്ടറിയുടെ മുന്നില്‍ മൂസക്കുട്ടിയെ ഹാജറാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്ക് അരീക്കോട് വ്യാപാരഭവനില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചിരുന്നെങ്കിലും ഊര്‍ങ്ങാട്ടിരിയിലെ ലോക്കല്‍ സെക്രട്ടറിയും മണ്ഡലം നിര്‍വാഹക സമിതി അംഗവും സമ്മേളനത്തിന് എത്തിയിരുന്നില്ല. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ജോലിക്ക് പോയ മൂസക്കുട്ടിയെ വാഹനത്തില്‍ കയറ്റി ഉച്ചക്ക് ഒന്നിന് സമ്മേളനത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി പറഞ്ഞു. പിന്നീട് ലോക്കല്‍ സെക്രട്ടറി ആവശ്യപ്പെട്ടത് പ്രകാരം മൂസക്കുട്ടി ജില്ലാ സെക്രട്ടറി പിപി സുനീറിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞെന്നാണ് വിവരം. ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് എവിടെ വെച്ചും പറയാമെന്ന് ഇയാള്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതോടെ ഒരു ലക്ഷം ആവശ്യപ്പെട്ട് ലഭിച്ച സംസ്ഥാന കമ്മിറ്റിയുടെ രസീത് തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് മറ്റൊരാളുടെ കയ്യിലാണെന്ന് മൂസക്കുട്ടി മറുപടിയും നല്‍കി. ഈ രസീതുമായിട്ടാണ് ഇന്നലെ സി.പി.എം നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പി.പി സുനീറിനെതിരെ ആഞ്ഞടിച്ചത്.

ജോലിക്ക് കൈമടക്ക് ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ രസീത് തന്നെ നല്‍കിയതോടെ സംസ്ഥാനത്ത് വനം വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ താഴെ തട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളുടേയും കോഴ ഇടപാടുകളുടേയും വ്യക്തമായ തെളിവുകളാണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 17നാണ് നിലമ്പൂര്‍ സെന്‍ട്രല്‍ നഴ്‌സറി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടന്നത്. മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡിഎഫ്ഒ ക്ക് അയച്ചു കൊടുത്ത 16 പേരുടെ പട്ടികയില്‍ നിന്നും 13 പേര്‍ അടിമുഖത്തില്‍ പങ്കെടുത്തതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്നും ഊര്‍ങ്ങാട്ടിരി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയെ തെരഞ്ഞെടുത്തതായി ഡി.എഫ്.ഒ ഡോ ആര്‍ആടലരശന്‍ ഐഎഫ്സിന്റെ നിയമന ഉത്തരവ് മൂസക്കുട്ടിക്ക് ലഭിച്ചു.

1438372109

ജോലിക്കായി ശിപാര്‍ശ ചെയ്തത് സിപിഐ ജില്ല കമ്മിറ്റിയാണെന്ന് മൂസക്കുട്ടി തന്നെ പറയുന്നു. ഇതിനായി മുന്‍കയ്യെടുത്തത് സി.പി.ഐ ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന നേതാവാണ്. ജോലി നല്‍കിയതിന് പ്രത്യുപകാരമായി ലോക്കല്‍ സെക്രട്ടറി ഒന്നേകാല്‍ ലക്ഷം രൂപയാണ് മൂസക്കുട്ടിയില്‍ നിന്നും ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കയ്യില്‍ അത്രയും പണമില്ലെന്നും 2500 രൂപ മാത്രമേയുള്ളൂ എന്നും മൂസക്കുട്ടി അറിയ്ച്ചതോടെ ലോക്കല്‍ സെക്രട്ടറി നീരസം പ്രകടിപ്പിച്ചു. പിന്നീട് 5000 രൂപ വരെ തരാമെന്ന് പറഞ്ഞിട്ടും നേതാവ് വഴങ്ങിയില്ല. കഴിഞ്ഞ ദിവസമാണ് ലോക്കല്‍ സെക്രട്ടറിയുടെ ദൂതന്‍ മൂസക്കുട്ടിക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒപ്പിട്ട സി.പി.ഐയുടെ രസീത് നല്‍കിയത്. ഒരു ലക്ഷം രൂപയാണ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഈ കൂപ്പണില്‍ മൂസക്കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിക്ക് വനം വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ജോലി കിട്ടിയതിന് സി.പി.ഐ ഊര്‍ങ്ങാട്ടിരി ലോക്കല്‍ സെക്രട്ടറി പി.ടി. മൊയ്തീന്‍ കുട്ടി മൂസക്കുട്ടിയോട് 1.25 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ ഊര്‍ങ്ങാട്ടിരി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ടി.പി.അന്‍വറാണെന്നും സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഊര്‍ങ്ങാട്ടിരിയില്‍ സി.പി.ഐയുടെ വളര്‍ച്ചയില്‍ ഭീതി പൂണ്ടവരാണ് ഇത്തരം ഗൂഡാലോചനകള്‍ നടത്തുന്നതെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യം മനസിലാക്കാതെയാണെന്നും സുനീര്‍ പറഞ്ഞു. എന്നാല്‍ ഒരു ലക്ഷം രൂപ പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ട് കൊണ്ട് മൂസക്കുട്ടിക്ക് കിട്ടിയ സംസ്ഥാന പ്രവര്‍ത്തക ഫണ്ട് കൂപ്പണ്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഊര്‍ങ്ങാട്ടിരിയില്‍ വിതരണം ചെയ്ത എല്ലാ കൂപ്പണ്‍ ബുക്കുകളും തിരിച്ചെത്തിക്കാന്‍ ലോക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.പി.സുനീര്‍ പറഞ്ഞു.

bribe

വനം വകുപ്പില്‍ ജോലി ലഭിച്ച ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിയോടന്‍ മൂസക്കുട്ടിയില്‍ നിന്നും കോഴ ആവശ്യപ്പെട്ട സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.ടി. മൊയ്തീന്‍ കുട്ടിയെ ജില്ല സെക്രട്ടറി പി.പി. സുനീര്‍ സംരക്ഷിക്കുകയാണെന്ന് സി.പി.എം വെറ്റിലപ്പാറ ലോക്കല്‍ കമ്മിറ്റിയംഗം ടി.പി. അന്‍വര്‍, ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റിയംഗം എം.മണികണ്ഠന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സുഭാഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കോഴ ആരോപണങ്ങള്‍ക്ക് പിന്നില്‍ ടി.പി. അന്‍വറാണെന്ന സി.പി.ഐ ജില്ല സെക്രട്ടറി പി.പി സുനീറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇവര്‍. ആരോപണ വിധേയനായ ലോക്കല്‍ സെക്രട്ടറിയെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയാക്കി ഉയര്‍ത്തിയ നടപടി ജില്ല സെക്രട്ടറിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു. ജില്ല സെക്രട്ടറിയുടെ വാര്‍ത്ത സമ്മേളനം സി.പി.ഐയുടെ സ്വന്തം മുഖപത്രത്തില്‍ പോലും പ്രസിദ്ധീകരിക്കാതിരിക്കുന്നത് പാര്‍ട്ടിക്കകത്ത് ചര്‍ച്ച വരാതിരിക്കാനാണ്. പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ അറിയാതെ അഴിമതി കൈകാര്യം ചെയ്യുകയാണുണ്ടായത്.

പണം ചോദിച്ചെന്ന് നേരത്തെ പറഞ്ഞിരുന്ന മൂസക്കുട്ടി ഇപ്പോള്‍ ആരോപണങ്ങള്‍ പിന്‍വലിച്ചു എന്ന് പറയുന്നത് സി.പി.ഐ ലോക്കല്‍ നേതാക്കളുടെ ഭീഷണി മൂലമാണ്. മൂസക്കുട്ടിക്ക് ലഭിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒപ്പോട് കൂടിയ ഒരു ലക്ഷം രൂപയുടെ പ്രവര്‍ത്തന ഫണ്ട് കൂപ്പണ്‍ വ്യാജമാണെന്ന് സി.പി.ഐ തെളിയിച്ചാല്‍ സി.പി.എമ്മില്‍ നിന്നും രാജി വെച്ച് സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. അല്ലാത്ത പക്ഷം സി.പി.ഐ ലോക്കല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്താന്‍ ജില്ല സെക്രട്ടറി തയ്യാറുണ്ടോ എന്നും ടി.പി. അന്‍വര്‍ ചോദിച്ചു. 007680 എന്ന നമ്പറിലുള്ള രസീതിലാണ് ഒരു ലക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വ്യാജമാണെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ വാദമെങ്കില്‍ ഇതിന്റെ തൊട്ടടുത്ത നമ്പറിലുള്ള രസീതില്‍ 500 രൂപ എഴുതി കക്കാടംപൊയിലിലെ ഒരു വ്യക്തിക്ക് ലഭിച്ചത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തണം. താന്‍ മരിക്കുമെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും മൂസക്കുട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ടി.പി അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച പ്രവര്‍ത്തനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സി.പി.ഐ ലോക്കല്‍ നേതാക്കളുടെ ശ്രമത്തെ ഏത് വിധേനയും തടയുമെന്നും അനധികൃത പിരിവുകള്‍ അനുവദിക്കില്ലെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bribe for job in forest department, cpi- cpm issues

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്