ബജറ്റ് സമ്മേളനത്തില്‍ പ്രതിഷേധിക്കും, കര്‍ഷക വിഷയം അടക്കം ഉയര്‍ത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി. പെഗാസസ്, എയര്‍ ഇന്ത്യ വില്‍പ്പന, ചൈനീസ് അധിനിവേശം, കര്‍ഷകരോടുള്ള സമീപനം, എന്നീ വിഷയങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ബജറ്റ് സമ്മേളനത്തില്‍ ഉയര്‍ത്തുക. അതേസമയം പെഗാസസ് വിഷയത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തൊക്കെയോ ഒളിച്ച് വെക്കുന്നുണ്ട്. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയങ്ങളാണ് പുറത്തുവന്നതെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ല. ഇതെല്ലാം പാര്‍ലമെന്റില്‍ ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ താങ്ങുവിലയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ല. ലഖിംപൂര്‍ കേസിലെ അജയ് മിശ്രയെ ഇതുവരെ പുറത്താക്കിയിട്ടില്ല. ചൈനയുടെ കടന്നുകയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ആര്‍ജവം കാണിക്കുന്നില്ല. തണുപ്പന്‍ നയമാണ് സ്വീകരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയത് അടക്കം എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ഉയര്‍ത്തും. വിലക്കയറ്റം നിയന്ത്രിക്കുന്നതിലും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിലും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണ്. കൊവിഡ് മൂന്നാം തരംഗവും സര്‍ക്കാരിന് നിയന്ത്രിക്കാനായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
അതേസമയം ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെയും കൊടിക്കുന്നില്‍ രംഗത്ത് വന്നു. കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന അട്ടിമറിക്കുന്നതില്‍ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ സ്വീകരിക്കുന്ന നയത്തിന് സമാനമാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്. കെടി ജലീലിന്റെ ആരോപണം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി ഇതില്‍ മറുപടി പറയണം. അയോഗ്യനായ ഒരാളെയാണോ ലോകായുക്തയായി നിയമിച്ചതെന്ന് ഇടത് മുന്നണി വ്യക്തമാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
നേരത്തെ ലോകായുക്തക്കെതിരെ ശക്തമായ വിമര്‍ശനമാണ് കെടി ജലീല്‍ ഉന്നയിച്ചത്. മുമ്പ് ലോകായുക്ത അധ്യക്ഷന്‍ ജസ്റ്റിസ് സിറിയക് തോമസിനെതിരെ അരുണ്‍ ജെയ്റ്റ്‌ലി അയച്ച കത്ത് പരിഭാഷപ്പെടുത്തിയാണ് ബിജെപിക്കടക്കം ജലീല്‍ മറുപടി നല്‍കി. കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ കുറ്റാരോപിതരെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിക്കൊണ്ടിരുന്ന വേളയില്‍, സുപ്രീം കോടതി ജഡ്ജിയായിരുന്ന അദ്ദേഹം കര്‍ണാടകയിലെ ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത് മതസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവത്തിന് തെളിവായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നുവെന്ന് ജെയ്റ്റ്‌ലിയുടെ കത്തിലുണ്ടെന്ന് ജലീല്‍ ആരോപിച്ചു.
സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢിയും ജസ്റ്റിസ് വിഎസ് ശ്രീപുര്‍കറും ഞങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് രവീന്ദ്രന്‍, ജസ്റ്റിസ് എച്ച് എസ് ബേദി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ നിയമനത്തിന് യോഗ്യരായി ഉള്ളപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിക്കുന്നതിനോട് സ്വബോധ്യത്തോടെ യോജിക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയിക്കുന്നുവെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കത്തിന്റെ പൂര്‍ണ രൂപത്തില്‍ പറയുന്നത്.












Click it and Unblock the Notifications