ചാലക്കുടി വ്യാജ ലഹരിക്കേസ്: ഷീല സണ്ണിയുടെ സ്‌കൂട്ടറും ഫോണും വിട്ടുനല്‍കാതെ എക്‌സൈസ്
തൃശൂര്‍: ചാലക്കുടി വ്യാജ ലഹരിക്കേസിന് ഇരയായ ഷീല സണ്ണിയുടെ ഫോണും സ്‌കൂട്ടറും എക്‌സൈസ് തിരിച്ചുനല്‍കുന്നില്ലെന്ന് പരാതി. വ്യാജ കേസാണെന്ന് ബോധ്യപ്പെട്ട് ഒന്നര മാസമായിട്ടും എക്‌സൈസ് പിടിച്ചെടുത്ത ഫോണും സ്‌കൂട്ടറും തിരിച്ചുനല്‍കിയില്ല. ഇക്കഴിഞ്ഞ ഫെബ്രവരി 27ന് ആണ് ഷീലയെ എല്‍ എസ് ഡി സ്റ്റാമ്പുകളുമായി എക്‌സൈസ് പിടികൂടുന്നത്. കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കിടന്നത്. ശേഷം ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങി.
മേയ് 12ന് ആണ് പിടിച്ചെടുത്തത് എല്‍ എസ് ഡി സ്റ്റാമ്പല്ലെന്ന പരിശോധന ഫലം പുറത്തുവന്നത്. ഇതിന് ശേഷവും സ്‌കൂട്ടറും ഫോണും വിട്ടുനല്‍കാന്‍ എക്‌സൈസ് തയ്യാറായില്ല. കോടതി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇത് മടക്കി നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷീല സണ്ണി പറയുന്നു.

അതേസമയം, ഷീല അറസ്റ്റിലായതോടെ ബ്യൂട്ടിപാര്‍ലര്‍ അടച്ച് പൂട്ടിയിരുന്നു. ഇതു തുറക്കാന്‍ മലപ്പുറം കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള തണല്‍ സംഘടന ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. തണല്‍ വോളന്‍ഡിയേഴ്‌സ് ചാലക്കുടിയിലെ വീട്ടില്‍ എത്തി സഹായ വാഗ്ദാനം നല്‍കി. പാര്‍ലര്‍ അടച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷീല.
ഇതിനിടെ. ഷീലയെ അറസ്റ്റ് ചെയ്ത് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ സതീശനെതിരെയാണ് നടപടിയെടുത്തത്. ഇരിങ്ങാലക്കുടിയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ഇയാള്‍. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഷീലയുടെ ബന്ധുവായ ആരോ ആണ് എക്‌സൈസിന് രഹസ്യ വിവരം കൈമാറിയത്.
അതേസമയം, മയക്കുമരുന്ന് കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് എന്നെ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട് നന്ദി അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു. ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാല്‍ അത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കും'- മന്ത്രി എം ബി രാജേഷ് അറിയിച്ചു.












Click it and Unblock the Notifications