'സുധാകരന് സുഖമില്ല, അങ്ങനെയുള്ള ആൾ കല്ലേറിനും അടിപിടിക്കും ഒക്കെ വരണോ..?'; ഇപി ജയരാജൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായതിന് പിന്നാലെ പോലീസ് നടപടിയെ ന്യായീകരിച്ച് ഇടത് മുന്നണി കണ്‍വീനര്‍ ഇപിജയരാജന്‍. കെ സുധാകരന് സുഖമില്ലെന്നും, അങ്ങനെയുള്ള ഒരാൾ എന്തിനാണ് അടിപിടി ഉണ്ടാവുന്നിടത്ത് വരുന്നതിനും അദ്ദേഹം ചോദിച്ചു.
പോലീസിന് നേരെ ആസൂത്രിതമായ ആക്രമണം അരങ്ങേറി. കോണ്‍ഗ്രസ് ജാഥ ആരംഭിച്ചത് മുതൽ റോഡരികിലെ ബോർഡുകൾ അടിച്ചു തകർത്തുവെന്നും ഇപി ജയരാജൻ ആരോപിച്ചു. റോഡിൽ കോൺഗ്രസ് പ്രവർത്തകർ അഴിഞ്ഞാടുകയായിരുന്നു. ഡിജിപി ഓഫിസിലേക്ക് നടന്നത് സാധാരണ സമര രീതിയല്ല. അസാധാരണമായ സംഭവങ്ങളാണ് അരങ്ങേറിയത്; ഇപി പറയുന്നു.

കമ്പിവടികളും വാളുകളും കയ്യിൽ കരുതി പ്രകടനം നടത്തി. ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും, നേതാക്കൾ സംസാരിക്കുമ്പോൾ പോലീസിന് നേരെ കല്ലെറിഞ്ഞുവെന്നും മുൻമന്ത്രി കൂടിയായി മുതിർന്ന സിപിഎം നേതാവ് ഇതിനോട് പ്രതികരിച്ചു.
കല്ലെറിഞ്ഞപ്പോൾ പോലീസ് പിന്നിലേക്ക് മാറി സംയമനം പാലിച്ചിരുന്നു. എന്നിട്ടും പോലീസിന് നേരെ തുരുതുരാ കല്ലെറിഞ്ഞു കൊണ്ടിരുന്നു. പിന്നെ അവർ എന്ത് ചെയ്യണം. അക്രമികളെ തുരുത്തുകയാണ് പോലീസ് ചെയ്‌തത്. പോലീസിന്റെ അഭ്യർത്ഥന ആരും കേട്ടില്ല. അതിനാലാണ് അവർക്ക് പ്രതിരോധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിൽ സംഘർഷവും കലാപവും ഒഴിവാക്കാനാണ് പോലീസ് ശ്രമിച്ചത്. സമാധാനം പുനസ്ഥാപിക്കാനാണ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. അപ്പോൾ ചിലർക്ക് തലചുറ്റുകയും എരിയുകയും ഒക്കെ ചെയ്യും. അക്രമണത്തിനു ആഹ്വാനം ചെയ്‌താൽ പ്രതിപക്ഷ നേതാവ് അല്ല ആരായാലും പോലീസ് നടപടി സ്വീകരിക്കുംമെന്നും ഇപി ആവർത്തിച്ചു.
നവകേരള സദസിന്റെ ശോഭ കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇപി ചൂണ്ടിക്കാട്ടി. നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് നാം കണ്ടത്. ഇത് ഉടൻ അവസാനിക്കണം. കോൺഗ്രസിലെ ഒരു വിഭാഗമാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ ? അങ്ങനെയുള്ള ഒരാളെ മുന്നിൽ നിർത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇടതുമുന്നണി കൺവീനർ ചോദിച്ചു.
അതേസമയം, ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള സദസിന്റെ ബാനറുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസിന് നേരെ കല്ലെറിയുകയും ചെയ്‌തു. ഇതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാനാണ് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവ് പ്രസംഗിച്ച് കൊണ്ടിരിക്കെ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞത്.
ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. അതിനിടെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ സ്ഥലത്ത് നിന്ന് മാറ്റി ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിക്കും വനിതാപ്രവര്‍ത്തകര്‍ക്കും സമാനമായ രീതിയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി. സംഭവത്തിന് പിന്നാലെ നേതാക്കള്‍ വേദി വിടുകയായിരുന്നു.












Click it and Unblock the Notifications