'കേരളം ഇന്ത്യയ്ക്ക് പുറത്താണോ? ചോദിക്കുന്നത് അവകാശം'; കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര സഹായം വൈകുന്നതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും പിണറായി പറഞ്ഞു. കോടതിയിൽ ആളുകളെ പറ്റിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നാണ് പിണറായി ചൂണ്ടിക്കാണിച്ചത്. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി.
കേരളം ഇന്ത്യയ്ക്ക് പുറത്താണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. യാചിക്കുകയല്ല, അവകാശപ്പെട്ടതാണ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ വിഷയത്തിലും പിണറായി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. യുക്രൈൻ വിഷയം പരിഹരിക്കാൻ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

വായനാട്ടിലേത് അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം നല്‍കിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദില്ലിയില്‍ എത്തി വീണ്ടും സഹായം ചോദിച്ചു. സർക്കാർ ഒന്നും ചെയ്‌തില്ല. കേന്ദ്രം കോടതിയിൽ പറഞ്ഞത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ്. വിഷയം കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കാൻ നേരിട്ട് ഡൽഹിയിൽ പോവുമെന്നും പിണറായി പ്രസംഗത്തിൽ പറഞ്ഞു.
ചൂരൽമലയിലെ പുനരധിവാസത്തിന് മുഖ്യമന്ത്രി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടു. 'മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് മാത്രം ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്.' പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പിണറായി വിജയൻ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് മണിപ്പൂർ വിഷയത്തിൽ ഉൾപ്പെടെ പിണറായി കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്. മണിപ്പൂർ സംഘർഷത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നും അദ്ദേഹം ആരോപിച്ചു. യുക്രൈൻ വിഷയം പരിഹരിക്കാൻ നടന്ന മോദിക്ക് മണിപ്പൂർ പ്രശ്‌നം പരിഹരിക്കാനായില്ല. മണിപ്പൂർ കത്തുകയാണ്. മണിപ്പൂർ സർക്കാർ അക്രമങ്ങൾക്ക് പരസ്യമായി നേതൃത്വം നൽകുന്നു. മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയാണ്. ഇതിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ, വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിലവിലുള്ള ഒരു മാനദണ്ഡ പ്രകാരവും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ച കേന്ദ്രം ദുരന്തനിവാരണ ഫണ്ടിൽ കേരളത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ സിപിഎമ്മും സംസ്ഥാന സർക്കാരും കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications