'പ്രതിപക്ഷമെന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നു, പരിതാപകരം എന്നേ പറയാനുള്ളൂ'; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിന് വെല്ലുവിളിച്ചതിന് പിന്നാലെയാണ് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്. താൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകാതെ വസ്‌തുതാ വിരുദ്ധമായ വാദങ്ങളാണ് പ്രതിപക്ഷ നേതാവ് നിരത്തുന്നതെന്നാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്തെ ഒന്നാകെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.
പ്രതിപക്ഷമെന്നാണ് നശീകരണ പക്ഷമെന്നാണ് വിശ്വസിക്കുന്നതെന്നും അതാണ് ദുരന്തമാവുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍ തുടങ്ങി പദ്ധതികളുടെ പേര് എടുത്ത് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം:
ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്‌തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്.
ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ. പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്. എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല.
ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു.
അതേസമയം, മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ശബരിമല സ്വർണക്കൊള്ളയിൽ 2 സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നിങ്ങനെ ഓരോ പദ്ധതിയും ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.












Click it and Unblock the Notifications