പൊതുമുതല്‍ നശിപ്പിച്ച കേസ്: ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം തേടി ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് നോട്ടീസ്
കണ്ണൂര്‍: വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം ചോദിച്ച് നോട്ടീസ് നല്‍കി ജില്ലാ സെഷന്‍സ് കോടതി. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് കോടതി നടപടി. ഈ മാസം പതിനേഴിന് കോടതിയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് നല്‍കി. വ്‌ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുളള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തത്. ഇരുവര്‍ക്കും കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ഇവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ബിപി ശശീന്ദ്രന്‍ മുഖേനെയാണ് പോലീസ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിന് എതിരെ നേരത്തെയും പ്രോസിക്യൂഷന്‍ നിലപാട് എടുത്തിരുന്നു. ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കമാവും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ബുധനാഴ്ചയാണ് എബിനും ലിബിനും കോടതി ജാമ്യം അനുവദിച്ചത്. അതിന് ശേഷം ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നാല് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍.

അറിയപ്പെടുന്ന വ്‌ളോര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് നികുതി ചുമത്തിയതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. കണ്ണൂരിലെ ആര്‍ടിഒ ഓഫീസില്‍ എത്തിയ എബിനും ലിബിനും ഉദ്യോഗസ്ഥരുമായി പിഴയെ ചൊല്ലി തര്‍ക്കമുണ്ടാക്കി. അതിനിടെ ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ആര്‍ടിഒ ഓഫീസില്‍ വെച്ച് ഇവര്‍ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വിടുകയും ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡം നിലനില്‍ക്കെ ആര്‍ടിഒ ഓഫീസിന് മുന്നില്‍ ആളെ കൂട്ടിയതിനും അടക്കമാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. വ്‌ളോഗര്‍മാര്‍ അടക്കം ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുകയും പോലീസിനെ അധിക്ഷേപിക്കുകയുമടക്കം ചെയ്ത ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ഗൗണിൽ നടി എസ്തർ
ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് കൊണ്ട് ആര്‍ടിഒ ഓഫീസില്‍ വിളിച്ച് തെറി വിളിച്ചവരെ അടക്കം കുടുക്കാനാണ് പോലീസ് നീക്കം. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുളള നടപടികളും പുരോഗമിക്കുകയാണ്. ബീഹാരില്‍ വെച്ച് ഇവര്‍ സൈറണ്‍ ഇട്ട് വാഹനം അതിവേഗത്തില്‍ ഓടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഈ വീഡിയോ ബീഹാര്‍ പോലീസിന് കൈമാറുമെന്ന് കേരള പോലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ ആര്‍ടിഒ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഇവരുടെ വാഹനമായ നെപ്പോളിയനില്‍ അപകടകരമായ തരത്തില്‍ രൂപമാറ്റം വരുത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മാത്രമല്ല നികുതി അടയ്ക്കുന്നതിലും ഇവര്‍ വീഴ്ച വരുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications