സ്‌കൂളുകള്‍ ഉടന്‍ തുറക്കുമോ?; സംസ്ഥാനത്ത് അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത കൊവിഡ് പ്രതിരോധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ നടത്തിയിരുന്നു. ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യു അടക്കമുള്ളവ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക് ഡൗണ്‍ വീണ്ടും പുനരാംരഭിച്ചിരിക്കുകയാണ്. കൂടാതെ ദിവസേനയുള്ള വാക്‌സിനേഷനും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്ന അധ്യാപകരുടെ വാക്സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരിക്കുകയാണ്. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേ സമയം, സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങളിലേക്ക് കടന്നിരിക്കുന്നത്. കൂടാതെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പഞ്ചാബ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറക്കുന്ന നടപടികളിലേക്ക് കടന്നിരുന്നു. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം. ജീവനക്കാരും അധ്യാപകരും വാക്‌സിന്‍ എടുത്തതിന് ശേഷം മാത്രമേ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. പോണ്ടിച്ചേരിയിലും സ്‌കൂള്‍ തുറക്കാനുള്ള നടപടികളിലേക്ക് കടന്നിരുന്നു.
ഇതിനിടെ, കേരളത്തില്‍ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,78,635 പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1832 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,86,31,227 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 76,55,580 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 59.20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 21.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 73.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 26.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് 8,00,860 ഡോസ് വാക്സിന്‍ കൂടി ലഭ്യമായി. ഇതില്‍ 5,09,640 ഡോസ് വാക്സിന്‍ ഞായറാഴ്ചയും 2,91,220 ഡോസ് വാക്സിന്‍ തിങ്കളാഴ്ചയുമാണ് എത്തിയത്. തിരുവനന്തപുരം 2,72,000, എറണാകുളം 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്സിനാണെത്തിയത്. ഇതു കൂടാതെ 15 ലക്ഷം എ ഡി സിറിഞ്ചും ലഭ്യമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
Recommended Video
അതേസമയം, കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.












Click it and Unblock the Notifications