കേരളത്തിൽ 'വാക്‌സിനേഷൻ ഇഫക്ട്'...? ആശുപത്രി കിടക്കകൾ പാതിയോളം ഒഴിഞ്ഞു, ഐസിയുകളും വെന്റിലേറ്ററുകളും ഇഷ്ടംപോലെ
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരവും നാല്‍പതിനായിരവും എല്ലാം കവിയുന്ന ഒരു ഘട്ടമുണ്ടായിരുന്നു. സംസ്ഥാനത്ത് ആശുപത്രി കിടക്കകളും ഐസിയുകളും വെന്റിലേറ്ററുകളും എല്ലാം നിറഞ്ഞുകവിഞ്ഞ സമയമായിരുന്നു അത്. ഓക്‌സിജന്‍ ക്ഷാമം അത്രവലിയ പ്രശ്‌നം സൃഷ്ടിച്ചിരുന്നില്ലെങ്കിലും ആശങ്കയൊഴിയാത്ത ദിവസങ്ങളായിരുന്നു അവ.
എന്നാല്‍ ഇപ്പോള്‍ അതല്ല കേരളത്തിലെ സ്ഥിതി. കൊവിഡ് കിടക്കകളും ഐസിയു കിടക്കകളും വെന്റിലേറ്ററുകളും എല്ലാം ഇപ്പോള്‍ ആവശ്യത്തിനുണ്ട്. കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ആണെങ്കിലും ചികിത്സയുടെ കാര്യത്തില്‍ നാം അത്രയേറെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്തുകൊണ്ടായിരിക്കാം രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കാത്ത ഈ ഘട്ടത്തിലും ആശുപത്രികളില്‍ തിരക്ക് കുറഞ്ഞത്? പരിശോധിക്കാം...
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ആശുപത്രി കിടക്കകള്‍
സംസ്ഥാനത്ത് ഇപ്പോള്‍ ആകെയുള്ളത് 1,22,970 കൊവിഡ് കിടക്കകള്‍ ആണ്. ഇതില്‍ 72,121 കിടക്കകളില്‍ ആണ് ഇപ്പോള്‍ രോഗികളുള്ളത്. 41.6 ശതമാനം ആശുപത്രി കിടക്കള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നര്‍ത്ഥം. സര്‍ക്കാരിന്റെ കൊവിഡ്19 ജാഗ്രതാ പോര്‍ട്ടലിലെ കണക്കുകളാണ് ആധാരം.

ഐസിയുകളും വെന്റിലേറ്ററുകളും
സംസ്ഥാനത്ത് നിലവില്‍ ഐസിയുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 7,644 ഐസിയു ബെഡ്ഡുകളില്‍ 3,246 എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ രോഗികള്‍ ഉള്ളത്. 57.5 ശതമാനം ഐസിയു ബെഡ്ഡുകളും ഒഴിഞ്ഞുകിടക്കുന്നു.
2,536 വെന്റിലേറ്ററുകളില്‍ 1,022 എണ്ണം മാത്രമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. അറുപത് ശതമാനത്തോളം ഒഴിഞ്ഞുകിടക്കുന്നു എന്നതും ആശ്വാസകരം തന്നെ.

ഓക്‌സിജന്‍ ബെഡ്ഡുകള്‍
ഒരു ഘട്ടത്തില്‍ ഏറെ ആശങ്കയുണര്‍ത്തിയത് ഓക്‌സിജന്‍ ലഭ്യതയായിരുന്നു. പല സംസ്ഥാനങ്ങളിലും രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴും കേരളം ഏറെക്കുറേ സുരക്ഷിതമായിരുന്നു. ഇപ്പോള്‍ 24,410 ഓക്‌സിജന്‍ ബെഡ്ഡുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 11,417 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്.

രോഗാവസ്ഥയുടെ കണക്കുകള്‍
നിലവില്‍ ചികിത്സയില്‍ ഉള്ള രോഗികളില്‍ 6,898 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. നേരിയ ലക്ഷണങ്ങള്‍ ഉള്ള കാറ്റഗറി എ യില്‍ പെടുന്ന രോഗികള്‍ 11,447 പേര്‍ ആണ്. കാറ്റഗറി സിയില്‍ ഇത് 9,098 ആണ്. ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളുടെ എണ്ണം 3,410 ഉം അതീവ ഗുരുതരാവസ്ഥയില്‍ ഉള്ളത് 994 പേരും ആണ്.

എന്തായിരിക്കാം കാരണം
വാക്‌സിനേഷന്‍ കാര്യത്തില്‍ കേരളം ഉണ്ടാക്കിയ മുന്നേറ്റം തന്നെ ആയിരിക്കാം രോഗബാധയുണ്ടെങ്കിലും അത് തീവ്രമാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയത് എന്ന് ഒരു നിരീക്ഷണമുണ്ട്. ഇതുവരെ കേരളത്തില്‍ 52,11,373 പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത്. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.24 കോടിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പറയുന്നു.

അങ്ങനെയാണെങ്കില്‍
രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ കൂടിവരികയാണ്. എന്നാല്‍ ഇതില്‍ വലിയൊരു വിഭാഗം പേര്‍ രണ്ടാമതും കൊവിഡ് ബാധിക്കുന്നവരോ അല്ലെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ചവരോ ആകാം എന്നാണ് വിലയിരുത്തല്‍. അത്തരക്കാര്‍ക്ക് രോഗബാധ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതാകാം ആശുപത്രികളിലെ തിരക്ക് കുറയാനുള്ള കാരണം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പറ്റൂ.

ചെറുപ്പക്കാരിലേക്ക്
അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മാസ്സ് ടെസ്റ്റിങ്ങിന്റെ ഫലം ചില സൂചനകള്‍ നല്‍കുന്നുണ്ട്. 45 വസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗബാധ വളരെ അധികം കുറഞ്ഞിട്ടുണ്ട് എന്നതാണത്. അതേസമയം 45 ല്‍ കുറവ് പ്രായമുള്ളവരില്‍ രോഗബാധ കൂടുകയും ചെയ്തിട്ടുണ്ട്. 45 ന് മുകളില്‍ പ്രായമുള്ളവരില്‍ വലിയൊരു വിഭാഗവും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട് എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

വാക്‌സിനേഷന്‍ എഫക്ട്
വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനനുസരിച്ച് രോഗബാധയുടെ തീവ്രതിയിലും കുറവ് വരും എന്നാണ് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയായ ഡോ ഇന്ദു പിഎസ് പറയുന്നത്. രോഗബാധയുണ്ടായാല്‍ തന്നേയും അിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതില്‍ ഫലപ്രദമാണ് നിലവില്‍ രാജ്യത്ത് ലഭ്യമായ വാക്‌സിനുകള്‍ എന്നും ഡോ ഇന്ദു പറയുന്നു. കേരളത്തിലെ സാഹചര്യം കണക്കുകൾ പരിശോധിച്ചാൽ മാത്രമേ കൃത്യമായി പറയാനാവൂ.

മാര്‍ഗ്ഗം വാക്‌സിന്‍ തന്നെ
കൊവിഡ് പ്രതിരോധത്തിന് നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വാക്‌സിന്‍ തന്നെയാണെന്നും ഡോ ഇന്ദു പിഎസ് വണ്‍ഇന്ത്യയോട് പറഞ്ഞു. ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ പോലും ഗുരുതരാവസ്ഥയിലേക്ക് നീങ്ങാതെ പ്രതിരോധിക്കാന്‍ രണ്ട് ഡോസ് വാക്‌സിന്‍ കൊണ്ട് സാധിക്കും. കൃത്യമായി മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള കാര്യങ്ങളും പാലിക്കപ്പെടേണ്ടതുണ്ട് എന്ന് ഡോ ഇന്ദു പറയുന്നു.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications