"ആണത്തഭാഷണങ്ങള്‍ നടത്താൻ പാർട്ടിയെ ഉപയോഗപ്പെടുത്തുന്നു; ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാകില്ല"
ആണത്തഭാഷണങ്ങള്‍ നടത്താൻ പാർട്ടിയെ ഉപയോഗപ്പെടുത്തുന്നു;ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാകില്ല: സിപിഐ നേതാവ്
തിരുവനന്തപുരം: സിപിഎം പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ. പാർട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനത്തിൽ രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണമെന്നും സന്തോഷ് കുമാർ.

ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ 'സംഘ'ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്നുമാണ് പേരെടുത്ത് പറയാതെയുള്ള സന്തോഷ് കുമാറിന്റെ വിമർശനം.
''അടുത്തകാലത്തായി ഏറ്റവും അപകടകരവും, നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം അപൂര്‍വമായി എങ്കിലും വളര്‍ന്നുവരുന്നു എന്നുള്ളതും നമ്മള്‍ ഗൗരവത്തോടെ കാണണം. കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്."
രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടതെന്നും സന്തോഷ് കുമാർ. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് 'ആണത്തഭാഷണങ്ങള്‍' നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്.
വലതുപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതല്‍ തന്നെയുള്ള ബോധവല്‍ക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാല്‍, നവലിബറല്‍ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഈയൊരു മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും തെളിയിക്കുന്നു.
Recommended Video
എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നത്. അല്ലാതെ, ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം. നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പ്രതികളാക്കപ്പെടുമ്പോള്‍ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമര്‍ശനവും ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുന്‍ഗണന ആയിരിക്കണമെന്നും പി. സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications