സി.എസ്.ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് ഇ.ഡി റെയ്ഡ്
തിരുവനന്തപുരം: സി എസ് ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. പാളയം എല്‍ എം എസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്.

നേരത്തെ സി എസ് ഐ സഭയുടെ പല ഇടപാടുകളും അഴിമതി ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. സഭയുടെ കീഴിലുള്ള കാരകോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട തലവരി വിവാദവും വലിയ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കലിന് നേരത്തെ ഇ ഡി കേസെടുത്തിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാല്‍ അടക്കം മൂന്ന് പേര്‍ക്ക് എതിരെയാണ് അന്വേഷണം.
നേരത്തെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു. കോഴ ഇടപാടില്‍ മുന്‍ ഡയറക്ടര്‍ ഡോ.ബന്നറ്റ് എബ്രഹാം, മുന്‍ കണ്‍ട്രോളര്‍ പി.തങ്കരാജ്, മുന്‍ പ്രിന്‍സിപ്പല്‍ പി.മധുസൂദനന്‍ എന്നിവര്‍ക്കെതിരെയും നിലവില്‍ കേസുണ്ട്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളയം എല്‍.എം.എസ് കോമ്പൌണ്ടിലെ സി എസ് ഐ ദക്ഷിണ കേരള മഹായിടവക ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി വിഭാഗം പരിശോധന തുടങ്ങിയത്.
ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..
ബെനറ്റ് എബ്രഹാമും ടി ടി പ്രവീണും കേസിലെ മറ്റ് പ്രതികളാണ്. തലവരിപ്പണം വാങ്ങിയെന്ന ആരോപണത്തില്‍ 2019ല്‍ വെള്ളറട പൊലീസ് ആയിരുന്നു ആദ്യം കേസെടുത്തത്. ഇതിന് പിന്നാലെയാണ് ഇ.ഡിയും അന്വേഷണം തുടങ്ങിയത്. തലവരിപ്പണം വാങ്ങിയതിനും കേസായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും കുറച്ചു പണം മടക്കി നല്‍കിയതിനും തെളിവുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം.
അതേസമയം സഭ സെക്രട്ടറി ടി ടി പ്രവീണ്‍ സ്ഥലത്തില്ലെന്നാണ് വിവരം. കാരക്കോണം മെഡിക്കല്‍ കോളേജില്‍ വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയാണ് ഇ ഡിയുടെ പരിശോധന. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ഇന്ന് യു കെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ നീക്കം. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ മോഹനന്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം എല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സഭാ വക്താവ് വിശദീകരിച്ചു


Click it and Unblock the Notifications