നടി റിനിക്കെതിരെ വധഭീഷണി; 'രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്ന് തള്ളും', പോലീസിന് പരാതി നൽകി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പൊതുമധ്യത്തിൽ ആരോപണവുമായി വന്ന നടി റിനി ആൻ ജോർജിന് അജ്ഞാതരുടെ വധഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിന് മുന്നിലെത്തിയാണ് രണ്ട് പേർ ഭീഷണി മുഴക്കിയ ശേഷം കടന്നുകളഞ്ഞത്. പിന്നാലെ റിനി ഇതിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതുന്നതെന്നും എങ്കിലും ഒട്ടും ഭയപ്പെടുന്നില്ലെന്നും മാധ്യമ പ്രവർത്ത കൂടിയായ റിനി പറഞ്ഞു.
'രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു തള്ളും' എന്നായിരുന്നു ഇവർ ആക്രോശിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു വ്യക്തി വീടിനു മുന്നിലെത്തി ഗെയ്റ്റ് തുറക്കാൻ ശ്രമിച്ചെന്നും റിനി ആരോപിക്കുന്നു. ശബ്‌ദം കേട്ട് വീട്ടുകാർ അവിടേക്ക് ഇറങ്ങി വന്നപ്പോൾ അയാൾ സ്‌കൂട്ടറുമെടുത്ത് സ്ഥലം വിടുകയായിരുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഒന്നും സംഭവിക്കാത്തതിൽ അത് കാര്യമാക്കി എടുത്തില്ലെന്നാണ് റിനി പറയുന്നത്.

എന്നാൽ അതുകൊണ്ട് തീർന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം രാത്രി 10 മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. വധഭീഷണിക്ക് ഒപ്പം തന്നെ കുറെ അസഭ്യങ്ങളും വിളിച്ചു പറഞ്ഞു. പിന്നാലെ അയാൾ ബൈക്ക് എടുത്തു പോവുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും റിനി പറയുന്നു. ഇതോടെയാണ് ഇന്ന് രാവിലെ റിനി പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് മുന്നിലെത്തി നേരിട്ടുള്ള ഭീഷണിയുണ്ടാകുന്നത് ആദ്യമായാണ്. നേരത്തെ കമന്റുകളിലും മെസേജുകളിലും ഒക്കെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കിയില്ല. സൈബർ പോലീസിനു പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതുന്നത്. പക്ഷേ പേടിയൊന്നുമില്ല, ഭയപ്പെടുന്ന വ്യക്തിയല്ല ഞാൻ; എന്നായിരുന്നു റിനിയുടെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും റിനി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആദ്യമായി പരസ്യ ആരോപണം ഉന്നയിച്ച വ്യക്തിയായിരുന്നു റിനി. തുടർന്നാണ് ഇപ്പോഴത്തെ പരാതിക്കാരിയായ യുവതി വെളിപ്പെടുത്തലുകൾ നടത്തിയതും കൂടുതൽ പരാതികൾ പോലീസിന് നൽകിയതും.
അതിനിടെ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തുവെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്‌റ്റ് തടഞ്ഞിട്ടില്ല. ഈ മാസം 15ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്‌റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം.












Click it and Unblock the Notifications