ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്‌തഫയ്ക്ക് ജാമ്യം, പുറത്തിറങ്ങുന്നത് 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം
കോഴിക്കോട്: ബസിലെ വീഡിയോയുമായി ബന്ധപ്പെട്ട് ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്‌തഫയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കേസിൽ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതിയായ ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക് ആത്മഹത്യ ചെയ്‌തത്. വടകര കൈനാട്ടി സ്വദേശിയായ ഷിംജിത മഞ്ചേരി വനിതാ സബ് ജയിലിൽ കഴിയുകയായിരുന്നു. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഷിംജിത മുസ്‌തഫ പുറത്തിറങ്ങുന്നത്. നേരത്തെ ദീപകിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിത മുസ്‌തഫയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പോലീസ് കസ്‌റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കും വരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ 21 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഇനിയും റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു.
കേസിലെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചു നിൽക്കുകയാണ്. നേരത്തെ ഷിംജിത ഇത് ആവർത്തിച്ചു പറഞ്ഞിരുന്നു.
ദീപക് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അദ്ദേഹത്തിന്റെ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണ വിധേയമായ സംഭവം ഉണ്ടായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പോലീസ് കോടതിയിൽ അറിയിച്ചതെങ്കിലും ജാമ്യം നൽകുകയായിരുന്നു.
കർശന ഉപാധികളോടെയാണ് ഷിംജിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നിങ്ങനെയാണ് നിബന്ധനകൾ.
ഇക്കഴിഞ്ഞ ജനുവരി പതിനേഴിനാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബം ആരോപിച്ചത്. ഇതിന് പിന്നാലെ ഷിംജിതയ്ക്ക് എതിരെ വിമർശനം ശക്തമായിരുന്നു.












Click it and Unblock the Notifications