വിചാരണ വേഗത്തിലാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍, അതിജീവിതയ്ക്ക് പോലീസുദ്യോഗസ്ഥയുമായി ബന്ധം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന്‍ ദിലീപ്. വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. മലയാള സിനിമയിലെ തന്നെ ഒരു വിഭാഗമാണ് തന്നെ കുടുക്കിയതെന്നാണ് ആരോപിക്കുന്നത്. അതിജീവിതയ്ക്കും തന്റെ മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്.
കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്. അതിജീവിതയ്ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായി ബന്ധമുണ്ടെന്നും ദിലീപ് പറയുന്നു. ഇത്ര രൂക്ഷമായി അതിജീവിതയ്‌ക്കെതിരെ ആരോപണങ്ങള്‍ ദിലീപ് ആദ്യമായിട്ടാണ് ഉന്നയിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിന് ഉപയോഗിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

കടുത്ത പരാമര്‍ശങ്ങളാണ് മുന്‍ ഭാര്യക്കും അതിജീവിതയ്‌ക്കെതിരെ ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതിന് തടസ്സമുണ്ടാക്കുകയാണ്. ഇതിനായി വിചാരണ കോടതിയിലെ ജഡ്ജിയെ പോലും തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതിയിലുള്ള ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിച്ച് മേല്‍ക്കോടതിയിലേക്ക് പോകുന്നത് വരെ ഈ വിചാരണ നീട്ടി കൊണ്ടുപോകാനാണ് അതിജീവിതയും സംഘവും ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിച്ചത്.

നേരത്തെ കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നിട്ട് കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവ് നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ ക്രൈംബാഞ്ച് പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാനുണ്ട്. അത് നടക്കാതെ അന്വേഷണം പൂര്‍ത്തിയാകില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്.

കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ദിലീപ്. മലയാള സിനിമാ മേഖലയിലെ ചെറുതായ, പക്ഷേ ശക്തരായ ഒരു വിഭാഗമാണ് ഈ കേസില്‍ തന്നെ കുടുക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തന്നോട് വ്യക്തിപരമായും തൊഴില്‍പരവുമായ ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യയുടെയും അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും, ഈ കേസില്‍ തന്നെ കുടുക്കുന്നതിന് ഉത്തരവാദിയാണ്. നിലവില്‍ ഈ പോലീസ് ഓഫീസര്‍ ഡിജിപി റാങ്കില്‍ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.

തുടരന്വേഷണം എന്ന പേരില്‍ ഇപ്പോള്‍ തന്നെ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കുകയാണ്. തന്നെ മാത്രമല്ല, അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവരെ കൂടി ലക്ഷ്യമിട്ടാണ് മാധ്യമ വിചാരണ നടന്ന് കൊണ്ടിരിക്കുന്നത്. തുടരന്വേഷണ സമയത്ത് കണ്ടെത്തിയെന്ന് പറയുന്ന വിശ്വാസ യോഗ്യമല്ലാത്ത ചില രേഖകള്‍ അതിജീവിതയ്ക്ക് കൈമാറി അവരെ കൊണ്ട് വീണ്ടും കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു അന്വേഷണ സംഘം, വിചാരണ കോടതി ജഡ്ജിക്കെതിരെയും, തന്റെ അഭിഭാഷകര്‍ക്കെതിരെയും അതിജീവിത ഹര്‍ജികള്‍ ഫയല്‍ ചെയ്തതായി ദിലീപ് ആരോപിക്കുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന് അതിജീവിത നല്‍കിയ അഭിമുഖത്തെയും ദിലീപ് വിമര്‍ശിക്കുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസാണിത്. അതില്‍ എങ്ങനെയാണ് അതിജീവിത അഭിമുഖം നല്‍കുക. അത് മാത്രമല്ല, അതിജീവിതയ്ക്ക് വേണ്ടി ചാനല്‍ ചര്‍ച്ചകളിലെത്തി വാദിക്കുന്ന അഭിഭാഷകനെയാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ഇന്ന് വിരമിച്ചതിനാല്‍ ദിലീപിന്റെ അപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും. നേരത്തെ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു ഇതുവരെ വാദം കേട്ടിരിക്കുന്നത്. ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി ഹാജരാകുമെന്നാണ് സൂചന.

അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴിയില്‍ അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. നാല് അഭിഭാഷകര്‍ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘം പറയുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications