അതിജീവിതയ്ക്ക് താക്കീതുമായി ഹൈക്കോടതി: കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് ഹൈക്കൊടതിയുടെ താക്കീതും വിമർശനവും. കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഹൈക്കൊടതിയുടെ വിമർശനം. കോടതികള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹർജിക്കാരിക്കെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

എന്ത് അടിസ്ഥാനത്തിലാണ് കോടതിക്കെതിരെ വിമർശനം ഉന്നയിച്ചതെന്ന് കോടതി ചോദിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരം പരാമർശങ്ങള്‍ നടത്തിയതെന്നായിരുന്നു അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകയുടെ മറുപടി. ഇതോടെ അന്വേഷണ സംഘം വിവരങ്ങള്‍ ചോർത്തി നല്‍കുന്നുണ്ടോ എന്നായി കോടതിയുടെ ചോദ്യം.
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്

കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരിക്കുന്ന അനുബന്ധ കുറ്റപത്രം പരിശോധിച്ചതിന് ശേഷം ഹർജിയില്‍ നിന്നും പിന്മാറണോ എന്ന് തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഹർജിയില്‍ നിന്ന് പിന്മാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നല്‍കിയിരിക്കുന്നത്.,

കേസിലെ നിർണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച വിചാരണക്കോടതിക്കെതിരെ അതിജീവിത നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങള്‍ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഹൈക്കോടതി ഇന്ന് ചോദിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനേയും ഈ വിഷയത്തില്‍ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ദിലീപിനെ കക്ഷി ചേർക്കുന്നതിനെ അതിജീവിത എതിർത്തപ്പോള്‍ ഇതിനെ എന്തിന് എതിർക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലിപിനെ കൂടി കക്ഷിചേർക്കാന്‍ കോടതി തീരുമാനിച്ചിരിക്കുന്നത്. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമർപ്പിച്ചു. നടിയെ അക്രമിച്ച പകർത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്നാണ് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് പറയുന്നത്. ദീലിപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കി.തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ച അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. . തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ള കുറ്റപത്രത്തിൽ 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി.

2017 ൽ ദിലീപിന്‍റെ വീട്ടിൽ വെച്ച് ദൃശ്യം ദിലീപ് കണ്ടത് താൻ കണ്ടുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴി ഉണ്ട്. ബാലചന്ദ്രകുമാർ ഹാജരാക്കിയ തെളിവുകള്‍ക്ക് പുറമെ ഇത് സാധൂകരിക്കുന്ന തെളിവുകൾ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോൺ പരിശോധനയിൽ നിന്ന് കിട്ടിയെന്നും കുറ്റപത്രത്തിലുണ്ട്. 2017 നംവബർ 30 ഫോണിൽ സേവ് ചെയ്ത നാല് പേജുകളിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീൻ വിവരങ്ങളുണ്ടെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം അവകാശപ്പെടുന്നത്.


Click it and Unblock the Notifications