'ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്'; പരോക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി വന്നതിന് പിന്നാലെ പരോക്ഷ വിമർശനവുമായി എഴുത്തുകാരനും സംവിധായകനും ആയ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്‌റ്റ് ബിമൽ മിത്ര എഴുതിയ 'വിലയ്ക്കു വാങ്ങാം' എന്ന പുസ്‌തകം മൂന്നാം തവണയും താൻ വായിക്കുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ ദിലീപിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ താരത്തിനെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ശ്രീകുമാരൻ തമ്പിയുടെ പരോക്ഷമായ പരാമർശം.

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ: "വിലയ്ക്കു വാങ്ങാം" ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്‌തകം പ്രശസ്‌ത ബംഗാളി നോവലിസ്‌റ്റ് ബിമൽ മിത്ര എഴുതിയ'' কড়ি দিয়ে কিনলাম "ന്റെ മലയാള പരിഭാഷ "വിലയ്ക്കു വാങ്ങാം". മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ് വചനങ്ങളിൽ ഉറങ്ങുന്നു.
അതേസമയം, വിധിക്ക് പിന്നാലെ എഴുത്തുകാരി സാറ ജോസഫും വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. കോടതിവിധി തള്ളിക്കളയുന്നുവെന്നും ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണെന്നും സാറാ ജോസഫ് ചോദിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു സാറ ജോസഫിന്റെയും പ്രതികരണം. അവൾ ജയിച്ചതാണെന്നും സാറ ജോസഫ് കുറിച്ചു. കോടതി വിധി തള്ളിക്കളയുന്നുവെന്നും അവർ പ്രഖ്യാപിച്ചു.
'ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ! വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം! തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹലോ, ആ നിമിഷം ജയിച്ചതാണവൾ!'; സാറ ജോസഫ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
'പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല. അവൾക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു' വിധിക്ക് പിന്നാലെ സാറ ജോസഫ് തന്റെ അതൃപ്‌തി വ്യക്തമാക്കി.












Click it and Unblock the Notifications