ഇനിയവര്‍ക്ക് കണ്ണീരിന്റെയും കാരാഗ്രഹത്തിന്റെയും നാളുകള്‍; ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് ആലപ്പി അഷ്‌റഫ്
തിരുവനന്തപുരം: പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന്റെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ലക്ഷദ്വീപില്‍ ഉയരുന്നത്. സിനിമ-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്തെത്തിയിരിക്കുകയാണ്. ദ്വീപിലെത്തിയ ആദ്യ അനുഭവം അടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഒരു മാസത്തെ ഷൂട്ടിംഗ്
ചെമ്മീന്‍ എന്ന സ്വര്‍ണമെഡല്‍ ചിത്രം സംവിധാനം ചെയ്ത രാമുകാര്യാട്ടാണ് 'ദ്വീപ് ' എന്ന സിനിമയും സംവിധാനം ചെയ്തത്. 1976 ല്‍ ലക്ഷദ്വീപിലെ മിനിക്കോയിലായിരുന്നു ഷൂട്ടിംഗ്. ഞാനും ആ ചിത്രത്തില്‍ പങ്കെടുത്തിട്ടുണ്ടു്. മാസത്തില്‍ ഒരു കപ്പല്‍ മാത്രമേ അന്നുള്ളു. മിനിക്കോയില്‍ ഒരു മാസത്തെ ഷൂട്ടിംഗ്.

മുപ്പതോളം പേരടങ്ങിയ സംഘം
മണ്‍മറഞ്ഞ മഹാരഥന്മാരായ രാമുകാര്യാട്ട്, ക്യാമറമാന്‍മാരായ രാമചന്ദ്രബാബു, സഹായിയായി ആനന്ദക്കുട്ടന്‍, എഴുത്തുകാരന്‍ വിജയന്‍ കാരോട്ട് , നടന്‍ അബുബേക്കര്‍, നടി ശോഭ, നിര്‍മ്മാതാവ് എന്‍പി അബു എന്നിവരും കൂടാതെ നായകന്‍ ജോസ് ,കുട്ട്യേടത്തി വിലാസിനി, തുടങ്ങി അസോസിയേറ്റ് കൃഷ്ണന്‍മുന്നാട് ,മേക്കപ്പ് മണി തുടങ്ങി മുപ്പതോളം പേരടങ്ങിയ സംഘം.

ഓര്‍മ്മയില്‍ ഇന്നും ഉണരുന്നു
ഷൂട്ടിംഗ് തുടങ്ങിയത് നായകനെ ഒരു വള്ളത്തില്‍ ചാരിയിരുത്തി , ബാബുക്കായുടെ സംഗീതത്തില്‍ യൂസഫലിയുടെ വരികളായ. 'കടലേ... നീലക്കടലേ ' എന്നു നായകന്‍ പാടുന്നത്.. അന്ന് ആദ്യ ഷോട്ടായി ചിത്രികരിച്ചത് ഓര്‍മ്മയില്‍ ഇന്നും ഉണരുന്നു. അന്ന് അടിയന്തിരാവസ്ഥ കാലഘട്ടമായിരുന്നു.

അടിയന്തിരാവസ്ഥ
എന്നാല്‍ ദ്വീപില്‍, അവിടെ അങ്ങിനെയൊരു ഫീലിംഗ് ഒന്നിനും അനുഭവപ്പെട്ടില്ല. കേരളത്തില്‍ പോലും ധാരാളം കുഴപ്പങ്ങളും അറസ്റ്റുകളും അടിയന്തിരാവസ്ഥയ്‌ക്കെതിരെ നടക്കുമ്പോഴും അവിടെ പൂര്‍ണ ശാന്തം സമാധാനം സന്തോഷം. എന്നാല്‍ നാട്ടില്‍ നിന്നു വന്നവരെയെല്ലാം പോലിസ് നിരീക്ഷിച്ചിരുന്നു.

മാവേലി വാണ നാടാണോ
മദ്യമില്ല മയക്കുമരുന്നില്ല തമ്മില്‍തല്ലില്ല മോഷണമില്ല കൊളളയുമില്ല കൊലപാതകവുമില്ല ...എള്ളോളമില്ല പൊളിവചനം. സാക്ഷാല്‍ മാവേലി വാണ നാടാണോ എന്ന് തോന്നിപോകും. ചിലര്‍ പറയാറുണ്ടു് നല്ല സമയംപോലെ തന്നെ ചീത്തസമയവും രാജ്യങ്ങള്‍ക്കുമുണ്ടാകുമെന്ന്. ദ്വീപ് നിവസികളുടെ സന്തോഷവും സമാധാനവും കെട്ടടുങ്ങുകയാണ്.

കാരാഗ്രഹത്തിന്റെയും നാളുകള്‍
ഇനിയവര്‍ക്ക് കണ്ണീരിന്റെയും കാരാഗ്രഹത്തിന്റെയും നാളുകള്‍... പാദുകങ്ങള്‍ വെച്ച് ഭരണം നടത്തുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററിന്റെ മനസ്സിലെ 'വിചാരധാര ' എല്ലാവര്‍ക്കുമറിയാം എന്താണന്ന് , ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം. അവിടെക്ക് ടൂറിസ്റ്റുകളെ ധാരാളമായ് കൊണ്ടുവരും പോലും. അങ്ങിനെ വരുംകാലങ്ങളില്‍ അവിടെയെത്തുന്ന വിദേശികളോടു് ടൂറിസ്റ്റ് ഗൈഡ്കള്‍, ദ്വീപ് നിവാസികളെ കാണിച്ച് അവരോട് പറയും.

ചില പ്രത്യേകതകളുണ്ട്
'ഇവിടെത്തെ ദ്വീപ് നിവാസികള്‍ക്ക് ചില പ്രത്യേകതകളുണ്ടു്...'സായിപ്പ് ആകാംഷയോടെ നോക്കും. 'ഇവിടത്തെ സ്ത്രീകള്‍ രണ്ടു കുട്ടികളില്‍ കൂടുതല്‍ പ്രസവിക്കാറില്ല.'സായിപ്പ് 'ഓഹ്...ഗുഡ്' പക്ഷേ ഗൈഡിന്റെ മനസ്സില്‍ കടന്നുവരും. (അഡ്മിനിട്രേറ്റര്‍ പ്രഫുല്‍പട്ടേലിന് നാലു മക്കളുണ്ടല്ലോ, അത് ഗുഗിളില്‍സെര്‍ച്ചില്‍ കാണാനാകും ) സായിപ്പ് ' യെസ്...'ങാ..പിന്നെ ഈ ദ്വീപ് നിവാസികളുടെ മറ്റൊരു പ്രത്യേകത ഇവര്‍ ഒരിക്കലും മാംസാഹാരം കഴിക്കില്ല.

സന്തോഷമുളവാക്കുന്ന സംഗതി
സായിപ്പ് ' റിയലി വണ്ടര്‍ഫുള്‍ 'ഇവര്‍ മദ്യം കഴിക്കാറില്ല .. പക്ഷേ വരുന്ന അതിഥികള്‍ക്ക് ധാരാളം മദ്യം കൊടുക്കും. സായിപ്പ് . 'റിയലി ഗ്രേറ്റ് '. പിന്നെ അവരുടെ സ്ഥാപകജംഗമ വസ്തുക്കള്‍ ഭരണാധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിട്ടുകൊടുക്കും അതവര്‍ക്ക് സന്തോഷമുളവാക്കുന്ന സംഗതിയാണ്. സായിപ്പ്. ' ഓഹ് വണ്ടര്‍ഫുള്‍'.

സഞ്ചാരികള്‍
പിന്നെ ഇവിടെ ക്രൈം തീരെ ഇല്ലത്തതിനാല്‍ പരീക്ഷണമെന്ന നിലയില്‍ ചില നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ ആറുമാസം ചോദ്യം ചെയ്യാതെ കസ്റ്റഡിയില്‍ വെയ്ക്കാവുന്ന ഒരു നിയമം കൊണ്ടുവന്നു... ഗുണ്ടാ ആക്ട്. സായിപ്പ് .' ഫോര്‍ വാട്ട്..' അത് അവരുടെ തന്നെ ഗുണത്തിനാണ് ഇത് പോലെ തന്നെ തുടരാന്‍ ഒരു പ്രചോദനത്തിനായ്. സായിപ്പ്. 'ഓകെ.. 'സായിപ്പ് എല്ലാം ഇഷ്ടപ്പെട്ട് മടങ്ങും. ധാരാളം സഞ്ചാരികള്‍ വീണ്ടും വന്നു പോകും.

കണ്ണീരും ഒരു വിദേശിയും കാണില്ല
പക്ഷേ രാത്രികളില്‍ ദ്വീപ് നിവാസികളുടെ കുടിലുകളില്‍ നിന്നുയരുന്ന തേങ്ങലുകളും കണ്ണീരും ഒരു വിദേശിയും കാണില്ല..ഇവിടെ എതിര്‍ശബ്ദങ്ങളെ അമര്‍ച്ച ചെയ്യും. ഇനി ഏതെങ്കിലും ഒരു നടനോ നടിയോ അവരുടെ കണ്ണീര്‍ തുടക്കാന്‍ ചെന്നാല്‍ ....അവര്‍ ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ചു നേടിയ യശസ്സ് തല്ലിതകര്‍ക്കാര്‍ ശ്രമിക്കും. പിന്നെ പാകിസ്ഥാന്‍, ജിഹാദി, രാജ്യദ്രോഹി, മയക്ക്മരുന്നു എന്നി സ്ഥിരം പട്ടങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടു അവരെ ചാര്‍ത്താന്‍.












Click it and Unblock the Notifications