സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജി; പോയത് 90 ലക്ഷം രൂപ
കൊച്ചി: സൈബര്‍ തട്ടിപ്പിന് ഇരയാകുന്ന പ്രമുഖരുടെ പട്ടിക അനുദിനം വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഹൈക്കോടതി മുന്‍ ജഡ്ജിയും സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പെട്ടിരിക്കുകയാണ്. ജസ്റ്റിസ് എ. ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. 90 ലക്ഷം രൂപയാണ് നഷ്ടമായത്.
ജഡ്ജിയുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓഹരി വിപണി നിക്ഷേപത്തിലൂടെ വന്‍ തുക ലാഭം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭമാണ് പ്രതികള്‍ വാഗ്ദാനം ചെയ്തത്.

പല തവണയായിട്ടാണ് തട്ടിപ്പു സംഘം ജഡ്ജിയില്‍നിന്ന് പണം വാങ്ങിച്ചെടുത്തത്. വാഗ്ദാനം ചെയ്ത തുക പ്രതികള്‍ പറഞ്ഞ സമയപരിധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെയാണ് ജസ്റ്റിസ് പൊലീസിനെ സമീപിച്ചത്.
ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന വ്യാജേനെയാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ സമീപിച്ചത്. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളിലാണ് തട്ടിപ്പുകാര്‍ സമീപിച്ചത്. ഇരുവരുടെയും പേരുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാട്‌സാപ്പ്, മൊബൈല്‍ കോളുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി ഘട്ടം ഘട്ടമായിട്ടാണ് വന്‍ തുക തട്ടിപ്പുകാര്‍ക്ക് കൈമാറിയത്. കേസ് സൈബര്‍ പൊലീസിന് കൈമാറുമെന്ന് ഹില്‍പാലസ് പൊലീസ് അറിയിച്ചു.
Recommended Video

ഐടി മേഖലയിലുള്ളവര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ മുതല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നത്. വ്യാജ ഫോണ്‍ കോളുകള്‍ വഴി പണം നഷ്ടമാകുന്ന നിരവധി കേസുകള്‍ സൈബര്‍ പൊലീസിനു ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്.
പരാതികള്‍ ലഭിക്കുന്നതില്‍ വരുന്ന കാലതാമസമാണ് കേസുകള്‍ തെളിയിക്കാന്‍ പൊലീസ് നേരിടുന്ന പ്രതിസന്ധി. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പണം കൈമാറുന്നതിന് മുന്‍പ് കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications