ഗണേഷ് കുമാർ, ഐപിഎസ് ഓഫീസർ!! വലയിലാക്കിയത് നൂറിലധികം സ്ത്രീകളെ!! നഗ്ന ചിത്രങ്ങളെടുത്ത് പണംതട്ടി!!

  • Posted By:
Subscribe to Oneindia Malayalam

തൊടുപുഴ: ഗണേഷ് കുമാർ എംഎൽഎയുടെയും ഐപിഎസ് ഓഫീസറുടെയും പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി നൂറിലധികം സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. ഫേസ്ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും 150 ഓളം സ്ത്രീകളെ ഇവർ വലയിലാക്കിയെന്നാണ് സൂചന.

പത്തനംതിട്ട മലയാലപ്പുഴ ചീങ്കൽത്തടം മൈലപ്ര എബനേസർ ഹോമിലെ പ്രിൻസ് ജോണാണ് പ്രധാന പ്രതി. ഇയാളും സഹായികളായ മൈലപ്ര മുണ്ടുകോട്ടയ്ക്കൽ വലിയ കാലായിൽ ജിബിൻ ജോർജ്, മണ്ണാർകുളഞ്ഞി പാലമൂട്ടിൽ മോനച്ചൻ എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

ജോബി തോമസ് ഐപിഎസ് എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയാണ് പ്രതികൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. സംശയിക്കാതിരിക്കാൻ പഞ്ചാബിലെ ഗുസ്തിക്കാരനായ ഇർഷാദ് അലി സുബൈറിന്റെ ഫോട്ടോയും നൽകിയിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്കായി ഗണേഷ് കുമാർ എംഎൽഎയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി മ്യൂചൽ ഫ്രണ്ട് ആക്കിയിരുന്നു.

നഗ്നചിത്രങ്ങളെടുത്ത് പണംതട്ടൽ

നഗ്നചിത്രങ്ങളെടുത്ത് പണംതട്ടൽ

സ്ത്രീകളുമായി ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും അടുപ്പം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് പണം തട്ടുകയാണ് സംഘത്തിന്റെ രീതി. സ്ത്രീകളുമായി കൂടുതൽ അടുക്കുന്നതിനായി സഹോദരിയുടേതെന്ന വ്യാജേന ഡോക്ടർ ഡിഎസ് പ്രിയ എന്ന പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചിരുന്നു.

വിദേശത്തും സ്വദേശത്തുമുള്ളവർ

വിദേശത്തും സ്വദേശത്തുമുള്ളവർ

വിദേശത്തും സ്വദേശത്തും നിന്നുള്ള 150 ഓളം സ്ത്രീകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഉയർന്ന ഉദ്യോഗസ്ഥരായ സ്ത്രീകളും ഡോക്ടർമാരുമടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചതി അറിയാതെ പത്ത് ദിവസത്തിനുള്ളിൽ ജോബി തോമസിനെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് നിരവധി സ്ത്രീകൾ ബന്ധപ്പെട്ടിരുന്നു.

നാല് മാസമായി തട്ടിപ്പ്

നാല് മാസമായി തട്ടിപ്പ്

മൂന്നംഗ സംഘം തട്ടിപ്പ് തുടങ്ങിയിട്ട് നാല് മാസമായി എന്നാണ് സൂചനകൾ. നിരവധി വ്യാജ പ്രൊഫൈലുകൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അക്കൗണ്ടുകൾ സൃഷ്ടിച്ചത് പ്രിൻസ് ജോൺ തന്നെയാണ്. രണ്ട് ലക്ഷത്തിലധികം രൂപ ഇതിനോടകം സംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.

അടുപ്പം സ്ഥാപിച്ച് വാട്സ് ആപ്പിലേക്ക്

അടുപ്പം സ്ഥാപിച്ച് വാട്സ് ആപ്പിലേക്ക്

പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പതുക്കെ അവരെ വാട്സ് ആപ്പിലേക്ക് എത്തിക്കുന്നു. പ്രിയയെന്ന പേരിൽ സ്ത്രീകളുമായി വോയിസ് മെസേജിൽ സംസാരിച്ചിരുന്നത് ഇയാൾക്ക് അടുപ്പമുള്ള സ്ത്രീകളാരോ എന്നാണ് സംസയിക്കുന്നത്. കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിക്കാൻ ഇയാളുടെ ഇന്റർവ്യൂ അടക്കമുള്ള ഓഡിയോ ക്ലിപ്പിങുകളും നൽകിയിട്ടുണ്ട്.

പണം തട്ടുന്നത്

പണം തട്ടുന്നത്

വിവാഹത്തിനു സമ്മതിക്കാത്തതിനാൽ വീട്ടുകാർ തന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളോട് പണം ആവശ്യപ്പെടുന്നത്. ഇയാൾ നൽകിയിരുന്ന അക്കൗണ്ട് മുമ്പ് ഇയാൾക്കൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന മഹാദേവൻ എന്നയാളുടേതാണ്. നഗ്ന ചിത്രങ്ങൾ കാട്ടി കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ തട്ടിപ്പ്.

 പ്രധാനമന്ത്രിയുടെ പരിപാടി

പ്രധാനമന്ത്രിയുടെ പരിപാടി

പ്രധാനമന്ത്രി കൊച്ചിയിൽ പങ്കെടുത്ത പരിപാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നു കാണിക്കാനായി ചാറ്റിങിലൂടെ പരിചയപ്പെട്ട ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഐഡി കാർഡും പ്രിൻസ് ദുരുപയോഗം
ചെയ്തിരുന്നു.

ജയിലിലായിരുന്നു

ജയിലിലായിരുന്നു

നേരത്തെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് പ്രിൻസ് ജയിലിലായിരുന്നു. എട്ടു മാസത്തോളം ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം തട്ടിപ്പ് വീണ്ടും തുടരുകയായിരുന്നു.

English summary
fake face book account fraud three arrested
Please Wait while comments are loading...